മിഷിഗണിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു; എട്ടു പേര്‍ക്ക് പരിക്ക്


DECEMBER 1, 2021, 9:34 AM IST

മിഷിഗണ്‍:  മിഷിഗണിലെ ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു. 15കാരനായ വിദ്യാര്‍ഥിയാണ് സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടെ ഉച്ചയ്ക്ക് ശേഷമാണ് ആക്രമണം നടന്നത്. ഒരു അധ്യാപകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. 16 വയസുള്ള ആണ്‍കുട്ടിയും 14ഉം 17ഉം വയസും പ്രായമുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ ആറു പേരുടെ നില തൃപ്തികരമാണ്. രണ്ടു പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്നും തോക്കും കണ്ടെടുത്തു.


അക്രമത്തിന് ഉപയോഗിച്ച സെമി ഓട്ടോമാറ്റിക് ഗണ്‍ വിദ്യാര്‍ത്ഥിയുടെ പിതാവ് നാല് ദിവസം മുമ്പാണ് വിങ്ങിയതെന്ന് പോലീസ് അറിയിച്ചു. വെടിവെപ്പ് നടത്തുന്നതിനു മുമ്പ് വിദ്യാര്‍ത്ഥി ഈ തോക്കിന്റെയും വെടിയുണ്ടയുടെയുമെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നതായി ഓക് ലാന്റ് കൗണ്ടി ഷെരിഫ്  മൈക്കല്‍ ബോഷാര്‍ഡ് പറഞ്ഞു.

സംഭവസ്ഥലത്ത് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് തുടരുകയാണെന്നും 15 റൗണ്ട് ഓളം വെടിവെപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കുട്ടിയുടെ കൈയില്‍ തോക്ക് എങ്ങനെ എത്തിയെന്നും സ്‌കൂളില്‍ കൊണ്ടുവന്നത് എങ്ങനെയാണെന്നും വ്യക്തമല്ല.

അതേസമയം പോലീസ് നായ്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സ്‌കൂള്‍ പരിസരത്തുനിന്ന് ഒരു ബാക് പാക്ക് കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഒളിപ്പിച്ചാകാം തോക്കും കടത്തിയതെന്നാണ് നിഗമനം. കൊലയാളിയില്‍ നിന്ന് പിടിച്ചെടുത്ത തോക്കില്‍ ഏഴു തിരകള്‍ കൂടി ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. തോക്കുപിടിച്ചെടുത്തിരുന്നില്ലെങ്കില്‍ ഏഴുപേര്‍കൂടി കൊല്ലപ്പെടുമായിരുന്നുവെന്നും കരുതുന്നു.


മിഷിഗണിലെ തോക്ക് ഉപയോഗ നിയമ പ്രകാരം 18 വയസില്‍ താഴെയുള്ളവര്‍ തോക്ക് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. മാത്രമല്ല സ്‌കൂളില്‍ തോക്കുകള്‍ കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. രാജ്യത്ത് ശക്തമായ തോക്ക് നിയന്ത്രണമുള്ള 20 ാമത്തെ സംസ്ഥാനമാണ് മിഷിഗണ്‍.

കഴിഞ്ഞ ദിവസം തിരുവല്ലക്കാരിയായ മലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വെടിയേറ്റു മരിച്ചിരുന്നു. അലബാമയിലെ മോണ്ട് ഗോമറിയില്‍ മറിയം സൂസന്‍ മാത്യു(19)വാണ് വെടിയേറ്റ് മരിച്ചത്. വീട്ടില്‍ ഉറങ്ങുകയായിരുന്നു സൂസന് മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ സീലിങ് തുളച്ച് ശരീരത്തില്‍ പതിക്കുകയായിരുന്നു

Other News