പമ്പയുടെ ജീവകാരുണ്യ പദ്ധതി കരുമാടി സ്‌കൂളില്‍ സഫലമായി


MARCH 16, 2018, 5:31 PM IST

ഫിലാഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടനാട്ടിലെ കരുമാടിയിലുള്ള സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനുമായി ഊട്ട്പുര നിര്‍മ്മിച്ചു നല്‍കി. ഫൊക്കാനായുടെ കേരള കണ്‍വന്‍ഷനോടനുബന്ധിച്ച് നാട്ടിലെത്തിയ പമ്പയുടെ ഭാരവാഹികള്‍, പ്രകൃതിരമണീയമായ കുട്ടനാടന്‍ കായലിലൂടെ യാത്രചെയ്യ്ത് പമ്പയുടെ ഭാരവാഹിയായ മോഡി ജേക്കബിന്റെ ഭവന സന്ദര്‍ശിച്ച അവസരത്തിലാണ് കരുമാടി സ്‌കൂളിന്റെ ഹെഡ്മിട്രസ് ആന്‍സി മോള്‍ ജേക്കബ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ പഠിക്കുന്ന കരുമാടി സ്‌കൂളില്‍ ഉച്ചഭക്ഷണ സൗകര്യം ഒരുക്കുന്നതിന് ഊട്ട്പുര എന്ന ആശയം പമ്പ ഭാരവാഹികളുടെ മുമ്പാകെ അവതരിപ്പിച്ചത്. ഈ അഭ്യര്‍ത്ഥന സ്വീകരിച്ച് ഫിലാഡല്‍ഫിയായില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ 2017 ല്‍ പമ്പയുടെ പ്രസിഡന്റായിരുന്ന അലക്‌സ് തോമസിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് സമാഹരണം നടത്തി പണം നാട്ടിലെത്തിച്ചു.