വാഷിംഗ്ടണ്‍: യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും റഷ്യന്‍ പ്രതിരോധ മന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തി. ഫെബ്രുവരി 18ന് ശേഷം ആദ്യമായാണ് ഇരുവരും സംസാരിച്ചത്.
യു എസ് പ്രതിരോധ സെക്രട്ടറി ഓസ്റ്റിന്‍ യുക്രെയ്നില്‍ ഉടനടി വെടി നിര്‍ത്തല്‍ ആവശ്യപ്പെടുകയും ആശയവിനിമയത്തിനുള്ള സാധ്യതകള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യന്‍ സൈനിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ പെന്റഗണ്‍ ആവര്‍ത്തിച്ച് ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫെബ്രുവരി 18ന് ശേഷം അതിന് സാധിച്ചിരുന്നില്ല. യുക്രെയ്ന് ആക്രമിച്ചതിന് ശേഷം ക്രെംലിന് യു എസ് ആഹ്വാനങ്ങള്‍ അവഗണിക്കുകയായിരുന്നു.
റഷ്യന്‍ അധിനിവേശത്തിന് മുമ്പ് തെറ്റിദ്ധാരണകള്‍ ഉണ്ടാകാതിരിക്കാന്‍ വാഷിംഗ്ടണും മോസ്കോയും ഹോട്ട്ലൈന്‍ തുറന്നിരുന്നു. നാറ്റോയുടെ കിഴക്കന്‍ ഭാഗങ്ങളിലും ചുറ്റുപാടും യു എസ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്തു.
റഷ്യയുമായി നേരിട്ട് സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് യു എസ് ആവര്‍ത്തിച്ച് പറയുമ്പോഴും വ്ളാഡിമിര്‍ പുടിന്റെ 'പ്രത്യേക' സൈനിക ഓപ്പറേഷനെ പ്രതിരോധിക്കാന്‍ യു എസ് ബില്യന്‍ കണക്കിന് ഡോളര്‍ സൈനിക- സാമ്പത്തിക സഹായങ്ങള്‍ യുക്രൈന് നല്‍കിയിരുന്നു.