കൗമാരപ്രായക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത ഇന്ത്യന്‍ വൈദികന് അമേരിക്കയില്‍ ആറു വര്‍ഷം തടവ്


APRIL 2, 2019, 8:28 PM IST

റാപിഡ് സിറ്റി (സൗത്ത് ഡക്കോട്ട): പതിമ്മൂന്നു വയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് കേസില്‍ ഇന്ത്യക്കാരാനായ വൈദികനെ റാപിഡ് സിറ്റിയിലെ സേറ്റ്റ്റ് കോടതി ജഡ്ജി റോബര്‍ട്ട് മണ്ടേല്‍ ആറു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. റിപിഡ് സിറ്റിയിലെ കത്തീഡ്രല്‍ ഓഫ് ഔവ്വര്‍ ലേഡി ഓഫ് പെര്‍പച്വല്‍ ഹെല്‍പ്പില്‍ സേവനം ചെയ്തിരുന്ന ഹൈദരാബാദ് രൂപതയില്‍ നിന്നുള്ള ഫാ.ജോണ്‍ പ്രവീണിനെയാണ് (38) കോടതി ശിക്ഷിച്ചത്. കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ ശിക്ഷയില്‍ ഇളവു നല്‍കണമെന്ന പ്രതിഭാഗത്തിന്റെയും, പ്രോസിക്യൂഷന്റെയും അഭ്യര്‍ഥന ജഡ്ജി തള്ളി. 

താന്‍ കത്തോലിക്കാ സഭയെ അല്ല, കുറ്റം ചെയ്ത ഒരു വ്യക്തിയെയാണ് ശിക്ഷയ്ക്കു വിധിക്കുന്നതെന്ന് ജഡ്ജി ഓര്‍മിപ്പിച്ചു. മൂന്നു വര്‍ഷത്തിനു ശേഷമേ പരോളിന് അര്‍ഹതയുള്ളൂവെന്നും കോടതി വ്യക്തമാക്കി. പരോള്‍ അനുവദിക്കുമ്പോള്‍ ഫാ.ജോണ്‍ പ്രവീണിനെ ഇന്ത്യയിലേക്കു നാടു കടത്തണമെന്ന് ഹോം ലാന്‍ഡ് സെക്യൂരിറ്റിയോട് പരോള്‍ ബോര്‍ഡിന് ആവശ്യപ്പെടുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് പരോള്‍ കാലം ചെലവഴിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്യാമെന്ന് കോടതി അറിയിച്ചു. 

കുറ്റകൃത്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ ജഡ്ജിയുടെ നടപടി തങ്ങള്‍ക്ക് വലിയ ആശ്വാസം പകരുന്നുവെന്ന് കൗമാരപ്രായക്കാരിയുടെ അമ്മ പറഞ്ഞു. കുമ്പസാരിക്കുവാനായി ചെന്ന പെണ്‍കുട്ടിയെ പള്ളിയുടെ ബേസ്‌മെന്റിലുള്ള ക്ലാസ് റൂമില്‍ വച്ച് ലൈംഗിക ചൂഷണം നടത്താന്‍ വൈദികന്‍ ശ്രമിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ കടുംബത്തോട് മാപ്പു ചോദിക്കുന്നുവെന്നും, ക്ഷമ പറയുന്നതില്‍ അര്‍ഥമില്ലെന്ന് അറിയാമെന്നും, തന്റെ പ്രവൃത്തി തിരിച്ചെടുക്കാന്‍ കഴിഞ്ഞുരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നും, മേലില്‍ ഒരാളെയും ഉപദ്രവിക്കില്ലെന്നും ഫാ.ജോണ്‍ കോടതിയില്‍ കണ്ണീരോടെ പറഞ്ഞു. റാപിഡി സിറ്റി രൂപതയില്‍ 10 വര്‍ഷത്തെ സേവനത്തിനായി 2017 ലാണ് ഫാ.ജോണ്‍ ഇന്ത്യയില്‍ നിന്ന് എത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ രണ്ടിനാണ് ഈ കേസില്‍ അറസ്റ്റു ചെയ്യപ്പെടുന്നത്. 


Other News