മഴ തകര്‍ത്തുപെയ്തു;  വൈറ്റ് ഹൗസില്‍ വെള്ളം കയറി; ഒറ്റ ദിവസം കൊണ്ട് പെയ്തത് ഒരുമാസത്തെ മഴ


JULY 9, 2019, 3:42 PM IST

വാഷിംങ്ടണ്‍:  ശക്തമായ മഴയെ തുടര്‍ന്ന്  അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ വെള്ളം കയറി. ഒറ്റദിവസം കൊണ്ട് വാഷിംഗ്ടണ്‍ ഡിസിയില്‍ പെയ്തത് ഒരുമാസത്തെ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലുണ്ടായ കനത്തമഴയില്‍ വൈറ്റ് ഹൗസിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വൈറ്റ് ഹൗസിലെ ചില ഭാഗങ്ങള്‍ നനയുക മാത്രമാണുണ്ടായതെന്നും ഇത് ഇടയ്ക്കിടെ ഉണ്ടാകാറുള്ളതാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

റോഡുകളും റെയില്‍ പാളങ്ങളും വെള്ളത്തിനടിയിലായതോടെ ഗതാഗതം താറുമാറായി. മഴക്ക് ശമനമുണ്ടാവുന്നത് വരെ വാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് പൊലീസ് നിര്‍ദേശിച്ചു. മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മഴയില്‍ പോട്ടോമാക് നദി കരകവിഞ്ഞതോടെയാണ് നഗരം വെള്ളത്തിനടിയിലായത്.

1871 ന് ശേഷം ഏറ്റവുമധികം മഴ ലഭിക്കുന്ന ജൂലൈയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് അമേരിക്കന്‍ കാലവസ്ഥാ വിഭാഗം അറിയിച്ചു. ഇന്നും നാളെയും വാഷിംഗ്ടണ്‍ ഡിസിയില്‍ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

Other News