ഷിക്കാഗോയില്‍ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം


JULY 5, 2019, 1:44 PM IST

ഷിക്കാഗോ: ആഗോള ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ 8ാം കാതോലിക്കയും മാര്‍ത്തോമാശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിലെ 91-ാം പിന്‍ഗാമിയും മലങ്കര മെത്രാപ്പൊലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ തിരുമേനിക്ക് ഷിക്കാഗോ മേഖലയിലുള്ള ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇകവടകയുടെ സംയുക്താഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കുന്നു.

പരിശുദ്ധ പിതാവിന്റെ അമേരിക്കന്‍ ഭദ്രാസനത്തിലേക്കുള്ള ശ്ലൈഹീക സന്ദര്‍ശന വേളയിലാണ് ജൂലൈ 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലാണ് ഷിക്കാഗോയിലെത്തുന്നത്.ജൂലൈ 16 ചൊവ്വാഴ്ച വൈകുന്നേരം 5:25 ന് ഷിക്കാഗോ ഒഹയര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന പരിശുദ്ധ ബാവയെയും സംഘത്തെയും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ മാര്‍ അപ്രേം തിരുമേനിയുടെ നേതൃത്വത്തില്‍ വൈദീകരും ചേര്‍ന്ന് വരവേല്‍ക്കും.

ഇല്ലിനോയ് സംസ്ഥാനത്തിന്റെയും ഷിക്കാഗോ സിറ്റിയുടേയും പ്രതിനിധികള്‍ വിമാനത്താവളത്തില്‍ വച്ച് പരിശുദ്ധ പിതാവിന് ഔദ്യോഗിക സ്വീകരണം നല്‍കി ഷിക്കാഗോയിലേക്ക് സ്വാഗതം ചെയ്യും.തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടു കൂടി ഷിക്കാഗോ സെന്റ് തോമസ് ദേവാലയത്തിലേക്ക് ആനയിക്കും. ഇടവക വികാരി ഫാദര്‍ ഹാം ജോസഫ്, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കത്തിച്ച മെഴുകുതിരി, കുരിശ്, കൊടി, മുത്തുക്കുടയേന്തി ചേണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി ദേവാലയ കവാടത്തില്‍ സ്വീകരിക്കും.

ഷിക്കാഗോ സെന്റ് തോമസ് ചര്‍ച്ച് ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും.കാനോനിക നമസ്‌കാരത്തിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ പരിശുദ്ധ ബാവ തിരുമേനിയെ ആദരിക്കും. അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം അദ്ധ്യക്ഷം വഹിക്കും. സമ്മേളനത്തില്‍ മലങ്കര സഭയിലെ മെത്രാപ്പൊലീത്താമാര്‍, വൈദീകര്‍, അത്മായ നേതാക്കള്‍ പങ്കെടുക്കും.മലങ്കര ഓര്‍ത്തഡോക്സ് സഭയോടും പരിശുദ്ധ കാതോലിക്കാ ബാവയോടുമുള്ള ബഹുമാനമാണ് സൗജകമായി ജൂലൈ 16 ഷിക്കാഗോ സിറ്റി കാതോലിക്കാ ഡേ ആയി പ്രഖ്യാപിക്കുന്നതാണ്.ജൂലൈ 17 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് ഷിക്കാഗോ ഹില്‍ട്ടണ്‍ ഓക്ക്, ബ്രൂക്ക് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം പരിശുദ്ധ പിതാവ് നിര്‍വഹിക്കും.

ജൂലൈ 19 വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് നടക്കുന്ന സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ദശാബ്ദി സമ്മേളനത്തിന്റെ ഉദ്ഘാടനം പരിശുദ്ധ പിതാവ് നിര്‍വഹിക്കും.ജൂലൈ 20 ശനിയാഴ്ച രാവിലെ കോണ്‍ഫറന്‍സിന്റെ സമാപന ദിവസം പരിശുദ്ധ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.

അന്നേ ദിവസം വൈകിട്ട് 6 മണിക്ക് എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ എത്തുന്ന പരിശുദ്ധ പിതാവിനെ ഫാദര്‍ രാജു ഡാനിയേല്‍ , ഫാദര്‍ ടെജി എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ സ്വീകരിക്കും. സന്ധ്യാപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.ജൂലൈ 21 ഞായറാഴ്ച രാവിലെ 9 മണിക്ക് ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പരിശുദ്ധ പിതാവ് എത്തുമ്പോള്‍ ഇടവക വികാരി ഫാദര്‍ ദാനിയേല്‍ ജോര്‍ജിന്റഎ നേതൃത്വത്തില്‍ ശുശ്രൂഷക സംഘം സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും.

കത്തീഡ്രലിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിതാവ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം സഹകാര്‍മ്മികത്വം വഹിക്കും. ജൂബിലിയോടനുബന്ധിച്ച് നടത്തന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പരിശുദ്ധ പിതാവ് നിര്‍വഹിക്കും.അന്നേ ദിവസം വൈകിട്ട് 6 മണിക്ക് ഔക്ക് ലാണ്‍ സെന്റഅ മേരീസ് ദേവാലയത്തില്‍ എത്തുന്ന പരിശുദ്ധ പിതാവിലെ ഫാദര്‍ എബി ചാക്കോയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ സ്വീകരിക്കും. സന്ധ്യാപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

പ. പിതാവിന്റെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തീകരിച്ച ശേഷം ജൂലൈ 23 ന് കൊച്ചിയിലേക്ക് യാത്രയാകും.പ. ബാവ തിരുമേനിയുടെ ഷിക്കാഗോയിലെ സന്ദര്‍ശന പരിപാടികള്‍ക്ക് ഫാ. ദാനിയേല്‍ ജോര്‍ജ്, ഫാ. രാജു ദാനിയേല്‍, ഡോ. ജോര്‍ജ് പൂവത്തൂര്‍, അബ്രഹാം വര്‍ക്കി (ഭദ്രാസന കൗണ്‍സിലര്‍), ഫാദര്‍ മാത്യൂസ് ജോര്‍ജ്, ഫാദര്‍ ഹാം ജോസഫ്, ഫാദര്‍ എബി ചാക്കോ, ഫാദര്‍ ടെജി എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍

Other News