പങ്കാളിത്തത്തിന് നിയന്ത്രണമെങ്കില്‍ റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്‍ വേദി മാറ്റുമെന്ന് ട്രംപ്


MAY 27, 2020, 1:01 AM IST

വാഷിങ്ടണ്‍: മുഴുവന്‍പേര്‍ക്കും പങ്കെടുക്കാനുള്ള അവസരമില്ലെങ്കില്‍ റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്‍ വേദി മാറ്റുമെന്ന് പാര്‍ട്ടിയുടെ പ്രസിസന്റ് സ്ഥാനാര്‍ഥി കൂടിയായ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്റര്‍ കുറിപ്പുകളിലൂടെയായിരുന്നു ട്രംപിന്റെ ഭീഷണിസ്വരം കലര്‍ന്ന മുന്നറിയിപ്പുകള്‍. നോര്‍ത്ത് കരോലൈനയിലെ ഷാര്‍ലറ്റില്‍ ആഗസ്റ്റ് 24 മുതല്‍ 27 വരെയാണ് കണ്‍വെന്‍ഷന്‍ നിശ്ചയിച്ചിരിക്കുന്നത്.  

നോര്‍ത്ത് കരോലൈനയിലെ ഡെമോക്രാറ്റിക് ഗവര്‍ണര്‍ റോയ് കൂപ്പര്‍ ഇപ്പോഴും ഷട്ട്ഡൗണ്‍ മാനസികാവസ്ഥയിലാണ്. ഷാര്‍ലറ്റില്‍ മുഴുവന്‍പേരുടെ പങ്കാളിത്തത്തോടെ ഉദ്ദേശിച്ച സമയത്ത് റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്‍ നടത്താനാകുമെന്ന ഉറപ്പ് നല്‍കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വേദിയുടെ ശേഷിക്കനുസരിച്ച് എല്ലാവരെയും പങ്കെടുപ്പിക്കാന്‍ ഡെമോക്രാറ്റിക് ഗവര്‍ണര്‍ സമ്മതിക്കുമോ എന്നുപോലുമറിയാതെ, ഉന്നത സൗകര്യങ്ങളോടെ വേദി സജ്ജമാക്കുന്നതിനായി ദശലക്ഷകണക്കിന് ഡോളറുകള്‍ നാം ചെലവാക്കിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് നിശ്ചയിച്ചതുപോലെ ആളുകള്‍ക്ക് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കഴിയുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഗവര്‍ണര്‍ എത്രയും വേഗം ഒരു മറുപടി നല്‍കണം. അങ്ങനെയെങ്കില്‍ മറ്റേതെങ്കിലും സ്ഥലം തെരഞ്ഞെടുക്കാമായിരുന്നു -ട്രംപ് ട്വീറ്റുകളില്‍ പറഞ്ഞു.  

അതേസമയം, സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യവും സുരക്ഷയും പരിപാലിക്കുന്നതിനായി ലഭ്യമായ വിവരങ്ങളെയും ശാസ്ത്രത്തെയുമാണ് ആശ്രയിക്കുന്നതെന്ന് ഗവര്‍ണര്‍ കൂപ്പറിന്റെ വക്താവ് പ്രതികരിച്ചു.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലക്ഷം കവിയുമ്പോഴും തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് ട്രംപ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം രൂക്ഷമാണ്. അത്തരം വിമര്‍ശനങ്ങളെ ശരിവെക്കുന്നതാണ് ട്രംപിന്റെ പുതിയ ട്വിറ്റര്‍ കുറിപ്പുകള്‍.

Other News