യുഎസ്   തെരഞ്ഞെടുപ്പ് സംവാദങ്ങളില്‍ നിന്ന് പിന്മാറാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പദ്ധതിയിടുന്നു


JANUARY 14, 2022, 10:11 AM IST

വാഷിംഗ്ടണ്‍: പരമ്പരാഗത യുഎസ് തെരഞ്ഞെടുപ്പ് സംവാദങ്ങളില്‍ നിന്ന് പിന്മാറാനുള്ള പദ്ധതി സൂചിപ്പിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഡിബേറ്റ്  പക്ഷപാതപരമാണെന്ന് ആരോപിച്ചാണ് പിന്മാറ്റമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി (ആര്‍എന്‍സി) വ്യാഴാഴ്ച കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്സിന് (സിപിഡി) അയച്ച കത്ത് ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ നീക്കത്തെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

 'തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി അമേരിക്കന്‍ വോട്ടര്‍മാരുടെ പ്രയോജനത്തിനായി, പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഓഫീസുകളിലേക്കുള്ള മുന്‍നിര സ്ഥാനാര്‍ത്ഥികള്‍ക്കിടയിലോ അവര്‍ക്കിടയിലോ പൊതുതെരഞ്ഞെടുപ്പ് സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിനുവേണ്ടി 1987-ല്‍ ലാണ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് കമ്മീഷന്‍ സ്ഥാപിതമായത്. .

ഏറ്റവും പുതിയ തെരഞ്ഞെടുപ്പില്‍, 2020 ല്‍, ഒഹായോയിലെ ക്ലീവ്ലാന്‍ഡില്‍ നടന്ന ആദ്യ സംവാദത്തിലെ ആക്രമണാത്മക പ്രകടനത്തിലൂടെ ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താമാധ്യമ തലക്കെട്ടുകളില്‍ ഇടം നേടിയിരുന്നു.

കോവിഡ് -19 ബാധിച്ച് ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് രണ്ടാമത്തെ സംവാദം റദ്ദാക്കുകയും ഇവന്റ് ഓണ്‍ലൈനിലൂടെ തുടരാന്‍  സിപിഡി ശ്രമിക്കുകയും ചെയ്തു. അങ്ങനെ ചെയ്യുന്നത് ജോ ബൈഡനെ സഹായിക്കുമെന്ന് പറഞ്ഞ് നീക്കത്തിനെതിരെ ട്രംപും റിപ്പബ്ലിക്കന്‍മാരും പ്രതിഷേധിച്ചു.

ആസൂത്രണം ചെയ്തതുപോലെ ടെന്നസിയിലെ നാഷ്വില്ലിലാണ് അവസാന സംവാദം നടന്നത്. അതില്‍ ബൈഡന്‍ വിജയിയായി പരക്കെ തിരഞ്ഞെടുക്കപ്പെട്ടു. മൈക്ക് പെന്‍സും കമലാ ഹാരിസും തമ്മിലുള്ള വൈസ് പ്രസിഡന്റ് ചര്‍ച്ചയും സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നടന്നു.

ഈ വര്‍ഷം ഡിസംബറില്‍, ആദ്യ സംവാദത്തിന് മുമ്പ് ട്രംപ് കോവിഡിന് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചെങ്കിലും ഫലം മറച്ചുവെച്ച് ഡിബേറ്റില്‍ പങ്കെടുക്കാനുള്ള നീക്കം ബൈഡന്റെ ജീവന്‍ അപകടത്തിലാക്കുമെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ദി ഗാര്‍ഡിയന്‍ ആദ്യമായി വെളിപ്പെടുത്തി.

എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നാണ് ട്രംപ് പറഞ്ഞത്.

'വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള സ്ഥാപനങ്ങള്‍ ഡെമോക്രാറ്റുകളെ അനുകൂലിക്കുന്നു എന്ന യാഥാസ്ഥിതികരുടെ ദീര്‍ഘകാല പരാതികളും അവയോടുള്ള വിരോധവും എതിര്‍പ്പും പ്രകടിപ്പിക്കുന്നതാണ് സിപിഡിക്കെതിരായ റിപ്പബ്ലിക്കന്‍ നീക്കമെന്ന് ടൈംസ് പറഞ്ഞു.

2020 ലെ റിപ്പബ്ലിക്കന്‍ പരാതികള്‍ നിലനില്‍ക്കെ ആദ്യ സംവാദം തിരഞ്ഞെടുപ്പ് ദിവസത്തിന് ഒരു മാസത്തിലധികം മുമ്പ്, സെപ്റ്റംബര്‍ 29 ന് നടന്നു.  എന്നാല്‍ ഏകദേശം ഒരു ദശലക്ഷത്തോളം വോട്ടുകള്‍ രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു ഇത്.

ആദ്യ സംവാദത്തില്‍  ഡിബേറ്റ് മോഡറേറ്റര്‍മാര്‍ക്കിടയിലെ പക്ഷപാതത്തെക്കുറിച്ച് ട്രംപും റിപ്പബ്ലിക്കന്‍മാരും പരാതിപ്പെട്ടിരുന്നു. അന്നത്തെ യാഥാസ്ഥിതിക ഫോക്‌സ് ന്യൂസ് നെറ്റ്വര്‍ക്കിന്റെ അവകതാരകന്‍ ക്രിസ് വാലസില്‍ നിന്ന് പോലും പക്ഷപാതം നേരിട്ടുവെന്നായിരുന്നു പരാതി.

അതേസമയം 2024ല്‍ ലെ തെരഞ്ഞെടുപ്പിലും ട്രംപ് തന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം സജീവമാണ്.

'കമ്മീഷനും പാര്‍ട്ടി ഉദ്യോഗസ്ഥരും തമ്മിലുള്ള മാസങ്ങള്‍ നീണ്ട ചര്‍ച്ച'യെ തുടര്‍ന്നാണ് സിപിഡി സംവാദങ്ങളില്‍ നിന്ന് പിന്മാറുമെന്ന ഭീഷണി ഉയര്‍ത്തിയിട്ടുള്ളതെന്ന് ടൈംസ് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Other News