ട്രമ്പിന്റെ ടാക്‌സ് റിട്ടേണുകള്‍ ഹാജരാക്കുവാന്‍ ഹൗസ് കമ്മിറ്റി നിര്‍ദേശിച്ചു; നിയമ പോരാട്ടത്തിന് കളമൊരുങ്ങുന്നു


APRIL 4, 2019, 9:55 PM IST

വാഷിംഗ്ടണ്‍ ഡി സി: പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ 2013 - 18 കാലഘട്ടത്തിലെ വ്യക്തിഗത ടാക്‌സ് റിട്ടേണുകളും, ബിസിനസ് റിട്ടേണുകളും ഹാജരാക്കുവാന്‍ ആവശ്യപ്പെട്ട് ജനപ്രിതനിധി സഭയുടെ വെയിസ് ആന്‍ഡ് മീന്‍സ് കമ്മിറ്റി തലവനും ഡെമോക്രാറ്റ് പാര്‍ട്ടിക്കാരനുമായ റിച്ചാര്‍ഡ് നീല്‍ ഇന്റേണല്‍ റവന്യൂ സര്‍വീസിന് കത്തു നല്‍കി. ഏതൊരു പൗരന്റെയും ടാക്‌സ് റിട്ടേണുകള്‍ ആവശ്യപ്പെടാന്‍ കമ്മിറ്റി തലവന് അനുമതി നല്‍കുന്ന ഫെഡറല്‍ നിയമത്തിന്റെ ചുവടു പിടിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. കാര്യങ്ങള്‍ നിയമയുദ്ധത്തിലേക്കു നീങ്ങാനുള്ള സൂചനയാണ് നല്‍കുന്നത്. 

പ്രസിഡന്റുമാരും, പ്രധാന പാര്‍ട്ടികളുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികളും സ്വമേധയാ ടാക്‌സ് റിട്ടേണ്‍ പരസ്യപ്പെടുത്തുന്ന നാലു പതിറ്റാണ്ടു കാലത്തെ കീഴ്‌വഴക്കം ലംഘിച്ച് ട്രമ്പ് ടാക്‌സ് റിട്ടേണ്‍ പരസ്യപ്പെടുത്താന്‍ വിസമ്മതിക്കുകയായിരുന്നു. പ്രചാരണ വേളയില്‍ ടാക്‌സ് റിട്ടേണ്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് ചെയ്തില്ല. വര്‍ഷങ്ങളായി താന്‍ ഓഡിറ്റിനു വിധേയമായി വരികയാണെന്നും, അത് അവസാനിക്കുമ്പോള്‍ മാത്രമേ ടാക്‌സ് റിട്ടേണ്‍ പുറത്തു വിടാന്‍ തനിക്ക് ബാധ്യതയുള്ളൂവെന്നും ട്രമ്പ് പ്രതികരിച്ചു. 

ഒരു നൂറ്റാണ്ടു പഴക്കമുള്ള ടാകസ് കോഡിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നീല്‍ ഇപ്പോള്‍ നീങ്ങിയിട്ടുള്ളത്. പ്രസിഡന്റ് ഉള്‍പ്പെടെ ആരുടെയും ടാക്‌സ് റിട്ടേണ്‍ വിവരങ്ങള്‍ തേടാന്‍ കോണ്‍ഗ്രഷണല്‍ ടാക്‌സ് റൈറ്റിംഗ് കമ്മിറ്റി തലവന് ഈ വ്യവസ്ഥ അനുമതി നല്‍കുന്നു. ഭരണകൂടം ഇതിനു വിസമ്മതം പ്രകടിപ്പിച്ചാല്‍ എക്‌സിക്യൂട്ടിവും, ലെജിസ്ലേച്ചറും തമ്മിലുള്ള തര്‍ക്കമായി അത് മാറും. കാര്യങ്ങള്‍ കോടതിയിലേക്ക് നീങ്ങുകയും ചെയ്യും.  

വ്യക്തിഗത ടാക്‌സ് റിട്ടേണിനു പുറമേ ട്രമ്പിന്റെ പ്രധാ എട്ട് ബിസിനസ് സ്ഥാപനങ്ങളുടെ ടാക്‌സ് റിട്ടേണാണ് നീല്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ട്രമ്പിന്റെ വരുമാനം സംബന്ധിച്ചും, ടാക്‌സ് പ്ലാനിംഗ് രീതികള്‍ സംബന്ധിച്ചും, നിയമങ്ങള്‍ പാലിക്കുന്നതു സംബന്ധിച്ചും വ്യക്തമായ ധാരണ കിട്ടാന്‍ ഇത് സഹായിക്കും. ട്രമ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ഓഡിറ്റിന്റെ വിവരങ്ങളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ പത്തിനകം രേഖള്‍ നല്‍കാനാണ് ഐ.ആര്‍.എസ് കമ്മീഷണര്‍ റെറ്റിഗിനു നല്‍കിയ കത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. രേഖകള്‍ നല്‍കിയാലും അത് പരസ്യപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നികുതിദായകന്റെ സ്വകാര്യത പരിരക്ഷിക്കപ്പെടണമെന്ന നിയമം ഇക്കാര്യത്തിലും ബാധകമായിരിക്കും. റിട്ടേണ്‍സ് പുറത്തുവിടമോ, അതോ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയാല്‍ മതിയോ എന്ന് കമ്മിറ്റിക്ക് വോട്ടിനിട്ട് തീരുമാനിക്കേണ്ടി വരും. 


Other News