ആറ് റഷ്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നീതിന്യായ വിഭാഗം കുറ്റം ചുമത്തി


OCTOBER 19, 2020, 11:59 PM IST

വാഷിംഗ്ടണ്‍: റഷ്യയുടെ ആറ് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നീതിന്യായ വകുപ്പ് കുറ്റപത്രം പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍, തെരഞ്ഞെടുപ്പുകള്‍, റഷ്യന്‍ താത്പര്യങ്ങള്‍ നടപ്പാക്കുന്നതിന് ഹാക്കിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 

ഉക്രൈന്‍, ജോര്‍ജിയ, ഫ്രാന്‍സിലെ തെരഞ്ഞെടുപ്പ്, 2018ലെ പ്യോങ്ചാങ് ഒളിംപിക്‌സ്, വിദേശമണ്ണില്‍ നോവിചോക് രാസായുധ പ്രയോഗം തുടങ്ങിയ കുറ്റങ്ങളെല്ലാം റഷ്യന്‍ സൈനികര്‍ക്കു മേല്‍ ചുമത്തിയിട്ടുണ്ട്. 

നീതിന്യായ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2016ലെ യു എസ് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യന്‍ ശ്രമങ്ങളുണ്ടായെന്ന് ആരോപിച്ച് നിരവധി പേര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ പുതിയ കുറ്റപത്രത്തില്‍ യു എസ് തെരഞ്ഞെടുപ്പ് ഇടപെടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നില്ല. 

ചരിത്രത്തിലെ ഏറ്റവും വിനാശകരവും ചെലവേറിയതുമായ സൈബര്‍ ആക്രമണങ്ങളിലൊന്നാണ് ഹാക്കിംഗ് ക്യാംപയിനെന്നാണ് നീതിന്യായ വകുപ്പ് വിശേഷിപ്പിച്ചത്. 

മറ്റു രാജ്യങ്ങളിലെ ആഭ്യന്തര രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥകളെ അസ്ഥിരപ്പെടുത്തുന്നതിനും തടസ്സപ്പെടുത്തുന്നതിനും റഷ്യയുടെ സൈബര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണെന്ന് അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ഫോര്‍ നാഷണല്‍ സെക്യൂരിറ്റി ജോണ്‍ ഡേമേഴ്‌സ് പറഞ്ഞു. 

പെന്‍സില്‍വാനിയയിലെ ഹെറിട്ടേജ് വാലി ആരോഗ്യ സംവിധാനം ഉള്‍പ്പെടെ ഒരു ബില്യണിലേറെ ഡോളറിന്റെ നഷ്ടമാണ് ഹാക്കിംഗിലൂടെ സംഭവിച്ചിരിക്കുന്നത്. കില്‍ഡിസ്‌ക്, ഇന്‍ഡസ്‌ട്രോയര്‍, നോട്ട്‌പെറ്റിയ തുടങ്ങി ഏറ്റവും ചെലവേറിയതും വിനാശകരവുമായ സൈബര്‍ ആക്രമണങ്ങളാണ് നടന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. രോഗികളുടെ പട്ടിക, രോഗികളുടെ ചരിത്രം, ശാരീരിക പരിശോധനാ ഫയലുകള്‍, ലബോറട്ടറി രേഖകള്‍ തുടങ്ങിയവ ലഭിക്കുന്നതിനാണ് ആക്രമണത്തിന് കാരണമെന്നാണ് നീതിന്യായ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. 

ഹെറിറ്റേജ് വാലിക്ക് ഏകദേശം ഒരാഴ്ചയോളം മിഷന്‍ ക്രിട്ടിക്കല്‍ കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളില്‍ പ്രവേശിക്കാനായില്ല. കാര്‍ഡിയോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, റേഡിയോളജി, ശസ്ത്രക്രിയ എന്നിവയുമായി ബന്ധപ്പെട്ടതാണ് മിഷന്‍ ക്രിട്ടിക്കല്‍ കമ്പ്യൂട്ടര് സിസ്റ്റം. അഡ്മിനിസ്‌ട്രേറ്റീവ് കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളിലേക്ക് ഒരു മാസത്തേക്കാണ് പ്രവേശനം നിഷേധിക്കപ്പെട്ടത്. പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഹാക്കിംഗ് വലിയ ഭീഷണിയാണ് സൃഷ്ടിച്ചത്. 

2018ലെ വിന്റര് ഒളിമ്പിക് ഗെയിംസിനെ ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനത്തില്‍ ആയിരക്കണക്കിന് കമ്പ്യൂട്ടറുകളിലെ ഡാറ്റ ഇല്ലാതാക്കിയതായി ആരോപണമുണ്ട്. 

Other News