കോവിഡില്‍ മാഞ്ഞ വൈരം; മെഡിക്കല്‍ ഉപകരണങ്ങളുമായി റഷ്യന്‍ വിമാനം അമേരിക്കന്‍ മണ്ണില്‍ 


APRIL 2, 2020, 10:55 AM IST

ന്യൂയോര്‍ക്ക്: ലോകത്തെ ഭയപ്പെടുത്തി കോവിഡ് മഹാമാരി പടര്‍ന്നേറുമ്പോള്‍ രാഷ്ട്രീയ വൈരം മറന്ന് റഷ്യയും അമേരിക്കയും. രോഗബാധിതരുടെ എണ്ണത്തില്‍ ആശങ്കപ്പെടുത്തുന്ന കണക്കുകളുമായി മുന്നില്‍നില്‍ക്കുന്ന അമേരിക്കന്‍ മണ്ണിലേക്ക് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളുമായാണ് റഷ്യന്‍ സൈനിക വിമാനം പറന്നിറങ്ങിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വാഗ്ദാനം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ചതോടെയാണ് മോസ്‌കോയില്‍ നിന്നുള്ള വിമാനം ന്യൂയോര്‍ക്കില്‍ ലാന്‍ഡ് ചെയ്തത്. 

മരുന്നുകള്‍, ഫേസ് മാസ്‌കുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് റഷ്യ എത്തിച്ചിരിക്കുന്നത്. യു.എസില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടതോടെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും വലിയ ക്ഷാമം നേരിടുന്നുണ്ട്. ട്രംപും പുടിനും കഴിഞ്ഞദിവസം നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് പുടിന്‍ മുന്നോട്ടു വെച്ച സഹായ വാഗ്ദാനം ട്രംപ് സ്വീകരിക്കുകയായിരുന്നുവെന്നാണ് റഷ്യന്‍ വാര്‍ത്ത ഏജന്‍സി ക്രെംലിന്‍ പ്രസ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആഗോളപകര്‍ച്ചവ്യാധിയായ കോവിഡ് എല്ലാ പ്രദേശങ്ങളെയും ഒരുപോലെ ബാധിക്കുമെന്നതിനാലും വൈറസ് ബാധയ്ക്ക് ആഗോള സ്വഭാവമുള്ളതിനാലുമാണ് യു.എസിനെ സഹായിക്കുന്നതെന്നാണ് റഷ്യയുടെ വിശദീകരണം. വലിയൊരു വിമാനം നിറയെ റഷ്യയുടെ സഹായം ലഭിച്ചതായി ട്രംപും പ്രതികരിച്ചു. ഒട്ടനവധി രാജ്യങ്ങളുമായി മികച്ച ബന്ധമാണ് അമേരിക്കക്കുള്ളത്. ചൈന കുറേയെറെ സാധനങ്ങള്‍ നല്‍കി, ഗംഭീരമായിരുന്നു അത്. റഷ്യ വളരെ, വളരെ വലിയ വിമാനത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ സാധനങ്ങള്‍ എത്തിച്ചു. അത് വളരെ ഹൃദ്യമാണ്-ട്രംപ് പറഞ്ഞു. അതേസമയം, റഷ്യന്‍ സഹായത്തിനു പിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്നും അത് സ്വീകരിക്കുന്നത് ഗുണം ചെയ്യില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ യു.എസില്‍ ഉയരുന്നുണ്ട്

.

Other News