അധികൃതർക്ക് തലവേദനയായി സ്‌കൂൾ തുറക്കൽ


AUGUST 10, 2020, 10:51 AM IST

രാജ്യത്തെമ്പാടും സ്‌കൂളുകൾ വീണ്ടും തുറന്നു പ്രവർത്തനമാരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയാണ് സ്‌കൂൾ ഡിസ്ട്രിക്ടുകൾ. പക്ഷെ അവരെ  വലിയൊരു പ്രശ്നം  അലട്ടുകയാണ്. കൊറോണ വൈറസ് ബാധ വീണ്ടും പടർന്ന് പിടിച്ചാൽ എന്താണ് ചെയ്യുക? വീണ്ടും സ്‌കൂളുകൾ  അടച്ചിടേണ്ടി വരില്ലേ?

സ്കൂളുകൾ തുറക്കുന്നതിന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷെ, അവ നടപ്പാക്കുമ്പോൾ വരുന്ന പ്രശ്നങ്ങൾ എന്തെല്ലാമെന്നാലോചിക്കാതെ എങ്ങിനെ സ്‌കൂളുകൾ എങ്ങിനെ തുറക്കുമെന്നതാണ് പ്രശ്നം.

ഒരു സ്‌കൂൾ അടച്ചിടണമോ എന്ന കാര്യത്തിൽ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ തീരുമാനമെടുക്കുന്നത് മറ്റു പലതിന്റെയും കൂട്ടത്തിൽ സമൂഹവ്യാപനത്തിന്റെ നിരക്ക് കൂടെ പരിഗണിച്ചാണ്. അതേസമയം സംസ്ഥാനങ്ങളുടെ മാർഗ്ഗനിർദ്ദേശം വ്യത്യസ്‌തമാണ്.

ഒരു സംസ്ഥാനം നൽകുന്ന മാർഗനിർദ്ദേശമനുസരിച്ച്  സെപ്റ്റംബറിൽ തുറക്കുന്ന സ്‌കൂളുകളിൽ  രണ്ടാഴ്ചയ്ക്കുള്ളിൽ 5% വിദ്യാർത്ഥികൾക്ക് രോഗബാധയുണ്ടായാൽ വീണ്ടും സ്‌കൂൾ അടയ്ക്കണം. ഒരു മേഖലയിലെ രോഗബാധയുടെ നിരക്ക് 9% ആകുമ്പോൾ സ്‌കൂളുകൾ അടയ്ക്കണമെന്നാണ് ന്യൂയോർക്ക് ഗവർണ്ണർ ആൻഡ്രൂ ക്യൂഓമോ പറയുന്നത്. 

വിദ്യാർത്ഥികളും അധ്യാപകരും മാസ്കുകൾ ധരിക്കുക, ക്‌ളാസ് മുറികളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറക്കുക, എല്ലാ ദിവസവും ലഞ്ച് സമയം ഉൾപ്പടെ വിദ്യാർത്ഥികൾ അവരവരുടെ  ക്ലാസ് മുറികളിൽ തന്നെ കഴിയുക എന്നിങ്ങനെയുള്ള പല നിർദ്ദേശങ്ങളും പാലിച്ചു കൊണ്ടാണ് സ്‌കൂളുകൾ തുറക്കാൻ പരിപാടിയിടുന്നത്.

വൈറസ് ബാധയുണ്ടായാൽ അത് കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും പരിഗണിക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ തോത്, സ്‌കൂൾ കെട്ടിടത്തിന്റെ വലുപ്പം, അതിന്റെ രൂപരേഖ, പെട്ടെന്നു തന്നെ ടെസ്റ്റ് നടത്താൻ പ്രാദേശികമായുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം പരിഗണിക്കും. 

രാജ്യത്തെ ഏറ്റവും വലിയ സ്കൂൾ സിസ്ട്രിക്ട് ന്യൂയോർക്ക് സിറ്റിയാണ്. കൊറോണ വൈറസ് ബാധിച്ച രണ്ടു കേസുകളെങ്കിലുമുണ്ടാകുന്നതുൾപ്പടെ വിവിധ സാഹചര്യങ്ങളിൽ സ്‌കൂളുകൾ അന്വേഷണത്തിന്റെ ഭാഗമായി താൽക്കാലികമായി അടച്ചിടുമെന്നാണ് അവിടുത്തെ  അധികൃതർ പറയുന്നത്. 

ഉദാഹരണത്തിന്, ഒരേസമയം ഒരേ ലോക്കർ റൂം ഉപയോഗിച്ചവരായ വ്യത്യസ്ത ക്‌ളാസുകളിലെ രണ്ടു വിദ്യാർത്ഥികൾക്ക് വൈറസ് ബാധയുണ്ടായാൽ സ്‌കൂൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്കു മാറും. വ്യത്യസ്ത ക്ലാസുകളിലെ രണ്ടു വിദ്യാർത്ഥികൾക്ക് സ്‌കൂളിന് പുറത്താണ് വൈറസ് ബാധയുണ്ടാകുന്നതെങ്കിൽ സമ്പർക്കവ്യാപനവും രോഗവ്യാപനത്തിന്റെ തോതും അന്വേഷിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ തൽക്കാലം  അടച്ചിടും.  

ഏതാനും ദിവസത്തെ ശുചീകരണത്തിന് ശേഷം സ്‌കൂൾ വീണ്ടും തുറക്കും വൈറസ് ബാധയുണ്ടായ കുട്ടികൾ പഠിച്ചിരുന്ന ക്‌ളാസ് മുറികളിലെ വിദ്യാർത്ഥികളും അധ്യാപകരും 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയണം. ഒരേ ക്ലാസ് മുറിയിൽ പരസ്പരം ബന്ധപ്പെട്ട  ഒന്നോ രണ്ടോ കേസുകൾ ഉണ്ടായാൽ ക്‌ളാസ് മുറി 14 ദിവസത്തേക്ക് അടച്ചിടും.

കുട്ടികൾക്ക് അർഹതപ്പെട്ട വിദ്യാഭ്യാസം ലഭിക്കുമെന്നു ഉറപ്പാക്കുന്നതിനൊപ്പം അവരുടെ സുരക്ഷിതത്വത്തിനു ആവശ്യമായതെല്ലാം ചെയ്യുമെന്ന് മേയർ ബിൽ ഡി ബ്ലാസിയോ പറഞ്ഞു. 

ചില ഡിസ്ട്രിക്ട് പദ്ധതികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സമ്മർ സ്‌കൂളുകളിൽ നിന്നും ലഭിക്കുന്നുണ്ട്. കണക്ടിക്കട്ടിലെ നോർവെയ്ക്കിലുള്ള സമ്മർ സ്‌കൂൾ പ്രോഗ്രാമിൽ പങ്കെടുത്ത ഒരാൾ ജൂലൈയിൽ പോസിറ്റീവായി ടെസ്റ്റ് ചെയ്യപ്പെട്ട ഉടൻ തന്നെ അണുനശീകരണത്തിനായി മൂന്നു പ്രവൃത്തി ദിനങ്ങൾ സ്‌കൂൾ അടച്ചിട്ടു. അതിനൊപ്പം വന്ന  വാരാന്ത്യദിനങ്ങൾ കൂടി അടഞ്ഞു കിടന്നു. വൈറസ് ബാധിതന്റെ ഗ്രൂപ്പിലുണ്ടായിരുന്ന 6 പേരും 14 ദിവസങ്ങൾ ക്വാറന്റൈനിൽ കഴിഞ്ഞു. 

എന്നാൽ സിഡിസി ഏറ്റവുമൊടുവിൽ ജൂലൈ 24നു പുറപ്പെടുവിച്ച മാർഗനിർദ്ദേശരേഖ പ്രകാരം ഒരു സ്‌കൂളിൽ ഒരു കോവിഡ്- 19 ബാധയുടെ കേസുണ്ടായാൽ കെട്ടിടമാകെ അടച്ചിടേണ്ട ആവശ്യമില്ല. സാമൂഹ്യ വ്യാപനമുണ്ടോ, രോഗബാധിതൻ മറ്റെത്ര പേരുമായി സമ്പർക്കം പുലർത്തി, എപ്പോഴാണ് സമ്പർക്കമുണ്ടായത് എന്നിവയാണ് പരിഗണിക്കേണ്ടത്. ഇതെല്ലാം കണക്കിലെടുത്താകണം സ്‌കൂൾ മൊത്തത്തിൽ അടച്ചിടണമോ, ഭാഗികമായി അടച്ചിടണമോ എത്ര ദിവസം അടച്ചിടണമെന്നതൊക്കെ തീരുമാനിക്കേണ്ടത്. 

സ്‌കൂൾ അടച്ചിടുന്നതിനുള്ള സാമൂഹ്യവ്യാപനം കണക്കാക്കാൻ എത്രപേർക്ക് രോഗബാധയുണ്ടാകണമെന്ന കാര്യം ഏജൻസി വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്തെയും പ്രദേശത്തെയും പൊതുജനാരോഗ്യ അധികൃതരുമായി ബന്ധപ്പെട്ടാകണം തീരുമാനിക്കേണ്ടതെന്നാണ് നൽകിയിട്ടുള്ള നിർദ്ദേശം.

സ്‌കൂളുകളിൽ മതിയായ വാതായന-ശുചീകരണ സൗകര്യങ്ങളുണ്ടോ, വിദ്യാർത്ഥികൾ തമ്മിൽ സാമൂഹ്യ അകലം പാലിക്കുന്നതിനാവശ്യമായ സ്ഥലസൗകര്യമുണ്ടോ എന്നിവയാണ് ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യങ്ങൾ. വൈറസിനെ സ്‌കൂൾ അധികൃതർ ശരിയായി കൈകാര്യം ചെയ്യുമോ, കാമ്പസിൽ  ആർക്കെങ്കിലും വൈറസ് ബാധയുണ്ടായാൽ ഉടൻ തന്നെ വീട്ടുകാരെ ജാഗ്രതപ്പെടുത്തുമോയെന്ന കാര്യങ്ങളിൽ മാതാപിതാക്കളും ആശങ്കാകുലരാണ്. വസന്തകാലത്ത് വേണ്ടത്ര സുതാര്യത പുലർത്താതിരുന്നതിന്റെ പേരിൽ  മാതാപിതാക്കളിൽ നിന്നും വലിയ വിമർശനങ്ങൾ നേരിട്ട ന്യൂയോർക്ക് സിറ്റി വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്റ് ഇക്കുറി കുടുംബങ്ങളെ തക്കസമയത്തു തന്നെ വിവരം അറിയിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. 

കാമ്പസ് അടച്ചുപൂട്ടുന്നതിനു എത്ര വിദ്യാർഥികൾ അല്ലെങ്കിൽ സ്റ്റാഫ് കോവിഡ് -19 പോസിറ്റീവ് ആകണമെന്ന കാര്യം മസാച്യുസെറ്റ്സ് സംസ്ഥാന എലിമെന്ററി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്റിന്റെ മാർഗനിർദ്ദേശങ്ങളിൽ പറയുന്നില്ല. ഒരാളിൽ കൂടുതലോ അല്ലെങ്കിൽ ചെറിയൊരു സംഘമോ പോസിറ്റീവ് ആകുകയും സ്‌കൂളിൽ രോഗവ്യാപനം സംശയിക്കപ്പെടുകയും ചെയ്‌താൽ തുടർ നടപടികളെക്കുറിച്ച് പ്രാദേശിക ആരോഗ്യ ഡിപ്പാർട്ടുമെന്റ് അധികൃതർ  തീരുമാനിക്കുമെന്നാണ് അതിൽപറയുന്നത്. സ്‌കൂൾ കെട്ടിടം മുഴുവനായോ അല്ലെങ്കിൽ ഭാഗികമായോ അടച്ചിടുകയും ഒന്നു മുതൽ മൂന്നു ദിവസങ്ങൾ വരെ നീളുന്ന വ്യാപകമായ ശുചീകരണം നടത്തുകയോ ചെയ്യുന്നത് നടപടികളിൽ ഉൾപ്പെടും. അല്ലെങ്കിൽ 14 ദിവസത്തെ ക്വാറന്റൈനായി അടച്ചിടും. 

ചില അധ്യാപകർ ക്ലാസ് മുറികളിലേക്ക് പോകുന്നതിനു പകരം ഓൺലൈൻ അധ്യാപനമാണിഷ്ടപ്പെടുന്നത്. 1000ത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന വലിയ സ്‌കൂളുകളിൽ രോഗവ്യാപനം തടയുക പ്രയാസമാണെന്നവർ പറയുന്നു. ഒരാൾക്കു പോലും രോഗബാധയുണ്ടായാൽ അടച്ചിടുകയാണ് നല്ലതെന്നും രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം പിടിപെടാതെ സൂക്ഷിക്കുകയാണെന്നാണ് അവർ പറയുന്നത്. 

നാഷണൽ അക്കാഡമിസ് ഓഫ് സയൻസസ്, എഞ്ചിനീയറിംഗ് ആൻഡ് മെഡിസിന് വേണ്ടി സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കുന്നതിന് സഹായിച്ച  ജോൺസ് ഹോപ്‌കിൻസ് സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റിയിലെ സാംക്രമിക രോഗവിദഗ്ധയായ  കേയ്റ്റിലിൻ   റിവേഴ്സ് പറയുന്നത് രോഗബാധയേക്കാളേറെ സാഹചര്യങ്ങളെ ആശ്രയിച്ചാണ് അടച്ചുപൂട്ടൽ തീരുമാനിക്കുകയെന്നാണ്.

രോഗവ്യാപനത്തിന്റെ തോത്, സമൂഹത്തിനു അതെത്രത്തോളം അപകടമുണ്ടാക്കും, പെട്ടെന്നു തന്നെ ഒട്ടേറെ വിദ്യാർത്ഥികളെയും അധ്യാപകരെയും ടെസ്റ്റ് ചെയ്യുന്നതിനുള്ള ശേഷി, പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശേഷി എന്നിവയെല്ലാം അതിൽ പ്രധാനമാണ്. സ്‌കൂളുകൾ തുറക്കുന്നതിനു മുമ്പു തന്നെ ഡിസ്ട്രിക്ടുകൾ അടിയന്തിരസാഹചര്യങ്ങൾ നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയും എല്ലാ പ്രശ്നങ്ങളും വേണ്ടവിധം പരിഗണിക്കുന്നുണ്ടെന്നു ബോധ്യപ്പെടുത്തി മാതാപിതാക്കളുടെ വിശ്വാസം ആർജ്ജിക്കുകയും ചെയ്യണമെന്നവർ നിർദ്ദേശിക്കുന്നത്

Other News