സ്‌കൂൾ തുറക്കൽ: സിഡിസി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു


AUGUST 10, 2020, 10:47 AM IST

യുഎസിൽ കൊറോണ വൈറസ് മഹാമാരിയുടെ ഫലമായുള്ള മരണസംഖ്യ 155,000 കടന്നിരിക്കുന്നു. പല സംസ്ഥാനങ്ങളിലും ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങൾ വളരെ ഉയർന്നു നിൽക്കുകയാണ്. എങ്കിലും വർഷത്തിന്റെ അവസാന സെമസ്റ്ററിൽ  സ്‌കൂളുകൾ വീണ്ടും തുറന്നു പ്രവർത്തനമാരംഭിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന  പുതുക്കിയ മാർഗനിർദ്ദേശങ്ങളാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ( സിഡിഎസ്) പുറത്തിറക്കിയിട്ടുള്ളത്. 

വൈറ്റ് ഹൗസിൽ നിന്നുമുള്ള വലിയസമ്മർദ്ദങ്ങൾ നേരിടുന്ന ആരോഗ്യ ഏജൻസി കുട്ടികൾ ക്‌ളാസ് മുറികളിലേക്ക് മടങ്ങിപ്പോകേണ്ടുന്നതിന്റെ പ്രാധാന്യം മാർഗനിർദ്ദേശങ്ങളിൽ വിവരിച്ചിട്ടുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്ക് കോവിഡ്-19  അപകട ഭീഷണി കുറവാണെന്നും അധ്യയനം ഓൺലൈനായി പരിമിതപ്പെടുത്തുന്നത് കുട്ടികൾക്ക് ദോഷം ചെയ്യുമെന്നും സിഡിസി പറയുന്നു. 

പുതുക്കിയ മാർഗനിർദ്ദേശങ്ങളിലും മുമ്പ് പുറപ്പെടുവിച്ച മാർഗനിർദ്ദേശരേഖയിലെ മിക്ക കാര്യങ്ങളും ആവർത്തിക്കുന്നുണ്ട്.കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ അപകടഭീഷണി കുറയ്ക്കുന്നതിനായി കുട്ടികൾ തമ്മിൽ സാമൂഹ്യ അകലം പാലിക്കൽ, വിദ്യാർത്ഥികളെ ചെറിയ ഗ്രൂപ്പുകളായി  വിഭജിക്കുകയും മാസ്‌ക്കുകൾ ധരിപ്പിക്കുകയുംചെയ്യൽ തുടങ്ങിയ കാര്യങ്ങളാണവ.സ്‌കൂളുകൾ പൂർണ്ണമായും തുറക്കണമോ, ഓൺലൈൻ പഠനംതന്നെ തുടരണമോ അതോ രണ്ടും കൂടി ഒത്തുപോകണമോയെന്നതൊക്കെ രാജ്യമെമ്പാടുമുള്ള സ്‌കൂൾ അധികൃതരാണ് തീരുമാനിക്കേണ്ടത്. 

സമൂഹത്തിൽ കോവിഡ് 19 കേസുകൾ വർദ്ധിച്ചുവരുമെന്നു പ്രതീക്ഷിച്ചു കൊണ്ടാകണം കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതെന്ന് സിഡിസി            സ്‌കൂളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വളരെ ശ്രദ്ധാപൂർവം കാര്യങ്ങൾ ആസൂത്രണം ചെയ്തിട്ടും വിദേശങ്ങളിൽ വീണ്ടും തുറന്നുപ്രവർത്തനമാരംഭിച്ച സ്‌കൂളുകളിൽ രോഗബാധയുണ്ടായ കാര്യവും അതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

സിഡിസി അതിന്റെ വെബ്‌സൈറ്റിൽ ഈ മാസമാദ്യമാണ് ഈ നിർദ്ദേശങ്ങൾ പോസ്റ്റ് ചെയ്തത്. മഹാമാരിക്കിടയിൽ സുരക്ഷിതമായി എങ്ങനെ വീണ്ടും തുറന്നു പ്രവർത്തനമാരംഭിക്കണം എന്നത് സംബന്ധിച്ച് രാജ്യത്ത് നടക്കുന്ന തീവ്രമായ ചർച്ചകളുടെ പുതിയൊരു വിഷയമായത് മാറി. ബിസിനസ് സ്ഥാപനങ്ങൾക്കും പള്ളികൾക്കുമായി സിഡിസി മുമ്പ് പുറപ്പെടുവിച്ച മാർഗനിർദ്ദേശ രേഖകളും വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു.

ഏറ്റവുമൊടുവിലായി സിഡിസി പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങൾ സ്‌കൂളുകൾ നിർബ്ബന്ധമായും പാലിച്ചു കൊള്ളണമെന്നില്ല.സ്‌കൂളുകൾ പാലിക്കേണ്ട സംസ്ഥാന-പ്രാദേശിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുബന്ധമായി വേണം  അവ നടപ്പാക്കേണ്ടതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. രോഗവ്യാനത്തിന്റെ തോത് സംബന്ധിച്ച് സ്വന്തം പ്രദേശത്തെ സാഹചര്യങ്ങൾക്കനുസൃതമായി പ്രാദേശിക ആരോഗ്യ അധികൃതരുമായി സഹകരിച്ചാകണം എപ്പോൾ എങ്ങനെ തുറക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 

സ്‌കൂളുകൾ തുറക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പുതിയ മാർഗനിർദ്ദേശങ്ങളിൽ ഊന്നിപ്പറയുന്നത്. മുമ്പ് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിൽ സുരക്ഷാപരമായുള്ള മുൻഗണനകൾ സ്വീകരിക്കേണ്ടതായി പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുന്നതിനൊപ്പം സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള ട്രംപ് ഭരണത്തിന്റെ വ്യഗ്രതയാണ് അതിൽ പ്രതിഫലിക്കുന്നതെന്നാണ് അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്‌സിന്റെ നേതാവായ റാൻഡി  വെയിൻഗാർടൺ  പറഞ്ഞത്.  

വേനൽക്കാലം അവസാനിക്കാറായതോടെ  സ്‌കൂളുകൾ തുറക്കണമോ, എങ്ങനെ തുറക്കണം എന്നതൊരു വളരെ സങ്കീർണ്ണമായ പ്രശ്നമായി  മാറിയിട്ടുണ്ട്. സ്‌കൂളുകൾ തുറക്കുന്ന പ്രശ്നം മറ്റു പലതുമായും ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. കുട്ടികളുടെ സ്‌കൂളുകൾ തുറക്കുന്നില്ലെങ്കിൽ രക്ഷിതാക്കൾക്ക് അവരോടൊപ്പം വീടുകളിൽ കഴിയേണ്ടിവരും. ജീവനക്കാർ കുട്ടികൾക്കൊപ്പം വീടുകളിൽ കഴിയേണ്ട സ്ഥിതിയാണെങ്കിൽ ബിസിനസ് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയില്ല. 

ക്ളാസുകളിൽ നേരിട്ട് ഹാജരായി പഠിക്കുന്നതിന്റെ മെച്ചവും ഓൺലൈൻ വിദ്യാഭ്യാസം കാരണം മാതാപിതാക്കൾ നേരിടുന്ന പ്രയാസങ്ങളും ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകൾ തുറക്കുന്നതിനായി വൈറ്റ് ഹൌസ് സമ്മർദ്ദം ചെലുത്തുന്നത്. 

സ്‌കൂളുകൾക്കായുള്ള കൊറോണ വൈറസ് മാർഗനിർദ്ദേശങ്ങളിൽ അയവുവരുത്താൻ ഈ മാസമാദ്യം ഫെഡറൽ ഹെൽത്ത് ഏജൻസിയോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. നേരിട്ടുള്ള അധ്യയനം നടത്താത്തവർക്ക് ഡിസ്ട്രിക്ടുകൾ മുഖേനയുള്ള ഫെഡറൽ ഫണ്ടുകൾ നിർത്തിവെക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.  ചെയ്തു. സിഡിസി മുമ്പ് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളോട് വിയോജിക്കുകയാണെന്നു അറിയിച്ച ട്രംപ് "സ്‌കൂളുകളോട് അപ്രായോഗികമായ കാര്യങ്ങൾ ചെയ്യുന്നതിനാണ് ആവശ്യപ്പെട്ടത്" എന്ന്  പറയുകയും ചെയ്തു. 

എന്നാൽ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ക്‌ളാസ് മുറികളിലേക്ക് മടങ്ങുന്നതിനു മുമ്പ് അതത് പ്രദേശങ്ങളിൽ പുതിയ രോഗബാധകൾ  നിയന്ത്രണവിധേയമാക്കേണ്ടത് വളരെ പ്രധാനമാണെന്ന് പല ഡോക്ടർമാരും അഭിപ്രായപ്പെടുന്നു. 

യുഎസിലെമ്പാടും കോവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ ഓൺലൈൻ ആയി മാത്രമേ ആരംഭിക്കുകയുള്ളുവെന്നു ലോസ് ആഞ്ചലിസ്‌, സാൻ ഡിയേഗോ എന്നിവയുൾപ്പടെയുള്ള ചില നഗരങ്ങളിലെ പബ്ലിക് സ്കൂൾ ഡിസ്ട്രിക്ടുകൾ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു ചില ഡിസ്ട്രിക്ടുകൾ സ്‌കൂളുകൾ തുറക്കുന്നത് നീട്ടിവെക്കുകയോ അല്ലെങ്കിൽ നേരിട്ടുള്ളതും ഓൺലൈൻ ആയുള്ളതുമായ രീതി ഇടകലർത്തി നടത്തുന്നതിനോ ആണ് തീരുമാനിച്ചിട്ടുള്ളത്.

ശാരീരികമായ അകലം പാലിക്കാൻ പ്രയാസമുള്ള സാഹചര്യങ്ങൾ, ഡെസ്കുകൾ തമ്മിൽ 6 അടി അകലത്തിൽ ഇടുന്നതിനുള്ള സ്ഥലപരിമിതി, ദിവസേന അണുവിമുക്തമാക്കുന്നതിനു കഴിയാതെ വരുക, എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ വിദ്യാർത്ഥികളും അധ്യാപകരും കഴിവതും  മാസ്കുകൾ ധരിക്കണമെന്നു മുമ്പുള്ള മാർഗനിർദ്ദേശങ്ങളിൽ സിഡിസി സ്‌കൂളുകളെ ഉപദേശിച്ചിരുന്നു. പുതിയ മാർഗനിർദ്ദേശങ്ങളിൽ കുട്ടികളെ കൊറോണ വൈറസ് ബാധിക്കുന്നത് സംബന്ധിച്ച പഠനവും  നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ സ്‌കൂളുകളിലേക്ക് മടങ്ങുന്നതിന്റെ അപകടവും നേട്ടങ്ങളും വിലയിരുത്തി ഒരു തീരുമാനമെടുക്കാൻ രക്ഷിതാക്കളെ ഏജൻസി സഹായിക്കുന്നു. 

സ്‌കൂളുകളിൽ രോഗലക്ഷണങ്ങൾ കണ്ടെത്താനായി കുട്ടികളെ സ്‌ക്രീൻ ചെയ്യണമെന്ന് ഏജൻസി പറയുന്നില്ല. "ദിവസവുമുള്ള ആരോഗ്യ പരിശോധന" നടത്തണമെന്ന മുൻ നിർദ്ദേശത്തിലും അയവ് വരുത്തിയിട്ടുണ്ട്. എന്നാൽ കുട്ടികൾക്ക് രോഗബാധയുടെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ മാതാപിതാക്കളോടും കുട്ടികളെ സംരക്ഷിക്കുന്നവരോടും ആവശ്യപ്പെടുകയും ചെയ്യുന്നു. 

മുതിർന്നവരെ രോഗം ബാധിക്കുന്നതുപോലെ കുട്ടികളെ,പ്രത്യേകിച്ചും കൊച്ചുകുട്ടികളെ ബാധിക്കില്ലെന്നാണ് ഇപ്പോഴും തുടരുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്. അവരിൽ കോവിഡ്-19 പലപ്പോഴും ഗുരുതരമായി മാറുകയുമില്ല.എന്നാൽ പുതിയ കൊറോണ  വൈറസ് അപൂർവമായെങ്കിലും  കൊച്ചുകുട്ടികളിൽ ഗുരുതരമായ ശ്വാസതടസ്സം സൃഷ്ടിക്കാറുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ആരോഗ്യ വിദഗ്ധരെ അതിലും ആശങ്കപ്പെടുത്തുന്ന കാര്യം കൊച്ചുകുട്ടികളിൽനിന്നും അവരുടെ കുടുംബങ്ങളിൽ സമ്പർക്കത്തിലേർപ്പെടുന്ന മുതിർന്നവരിലേക്ക്, പ്രത്യേകിച്ച് ശാരീരികമായി ദുർബ്ബലാവസ്ഥയിലുള്ളവരിലേക്ക്, രോഗം പകരുന്നതിനുള്ള സാധ്യതയാണ്. 

Other News