പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ പരിഹസിച്ച സിയാറ്റില്‍ ഓഫീസര്‍ക്കെതിരെ കേസ്


SEPTEMBER 15, 2023, 7:50 AM IST

സിയാറ്റില്‍: അമേരിക്കയില്‍ അമിത വേഗത്തില്‍ വന്ന പോലീസ് കാര്‍ ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തെ പരിഹസിച്ച പോലീസുദ്യോഗസ്ഥനെതിരെ കേസ്. 23കാരിയായ വിദ്യാര്‍ത്ഥിനിയുടെ മരണത്തെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ പരിഹാസത്തോടെ സംസാരിക്കുന്ന ബോഡി ക്യാം വീഡിയോ വൈറലായതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

അമിതവേഗതയിലെത്തിയ പോലീസ് പട്രോളിംഗ് വാഹനമിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ജാന്‍വി കാണ്ഡുല എന്ന 23കാരി ഇക്കഴിഞ്ഞ ജനുവരിയില്‍ കൊല്ലപ്പെട്ടിരുന്നു. കെവിന്‍ ഡേവ് എന്ന ഉദ്യോഗസ്ഥനാണ് വാഹനമോടിച്ചിരുന്നത്. 74 എംപിഎച്ച് (119 കെഎംപിഎച്ച്) വേഗതയില്‍ ആണ് ഇദ്ദേഹം വാഹനമോടിച്ചിരുന്നത്.

തിങ്കളാഴ്ചയോടെയാണ് സിയാറ്റില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ബോഡി ക്യാം വീഡിയോ പുറത്തുവിട്ടത്. ഇതിലാണ് ഡാനിയല്‍ ഓഡറര്‍ എന്ന പോലീസുദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥിയുടെ മരണത്തെപ്പറ്റി പരിഹാസപൂര്‍വ്വം സംസാരിക്കുന്നത്. ഡേവിനെതിരെ അന്വേഷണം ഉണ്ടായേക്കാമെന്ന സാധ്യതയെയും അദ്ദേഹം തള്ളികളഞ്ഞിരുന്നു. ഇക്കാര്യവും വീഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്.

സിയാറ്റില്‍ പോലീസ് ഓഫീസേഴ്സ് ഗില്‍ഡിന്റെ വൈസ് പ്രസിഡന്റാണ് ഡാനിയേല്‍. ഗില്‍ഡിന്റെ പ്രസിഡന്റായ മൈക്ക് സോളനുമായി ഇദ്ദേഹം ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് ബോഡി ക്യാമില്‍ പതിഞ്ഞത്. മരണത്തെപ്പറ്റി ചിരിച്ചുകൊണ്ടാണ് ഇദ്ദേഹം സംസാരിച്ചത്. 'ഒരു ചെക്ക് എഴുതി കൊടുത്താല്‍' മതിയെന്നും ഇദ്ദേഹം വീഡിയോയില്‍ ആവര്‍ത്തിക്കുന്നുണ്ട്.

''പതിനൊന്നായിരം ഡോളര്‍ മതി. അവളുടെ പ്രായം 26 അല്ലേ. അവള്‍ക്ക് ചെറിയ വില മാത്രമേ ഉള്ളു,'' എന്നും ഇദ്ദേഹം പറയുന്നുണ്ട്.

ഡേവിന്റെ വാഹനം 50 എംപിഎച്ച് പിന്നിട്ടിരുന്നുവെന്നും അത് നിയന്ത്രണാതീതമല്ലെന്നും ഡാനിയേല്‍ പറയുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ ഡേവിന്റെ വാഹനം 74 എംപിഎച്ച് കടന്നിരുന്നുവെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജാന്‍വി 100 അടി ദൂരത്തേക്ക് തെറിച്ചുപോയെന്നും റിപ്പോര്‍ട്ടിലുണ്ട്.

'' എന്നാല്‍ അവള്‍ മരിച്ചു,'' ഡാനിയേല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

'' ഏയ് അല്ല. ഒരു സാധാരണക്കാരിയാണ്,'' എന്നും ഡാനിയേല്‍ പറയുന്നുണ്ട്. ഫോണ്‍ സംഭാഷണത്തിനിടെയുള്ള ദൃശ്യങ്ങളാണ് ബോഡി ക്യാമില്‍ പതിഞ്ഞത്. അതുകൊണ്ട് തന്നെ ഡാനിയേലിന്റെ ഭാഗം മാത്രമെ ബോഡി ക്യാമില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളു.

അതേസമയം അഭിഭാഷകരെ പരിഹസിച്ചാണ് താന്‍ അത്തരമൊരു അഭിപ്രായം പറഞ്ഞതെന്നാണ് ഡാനിയേലിന്റെ വാദം. കൂടാതെ ഫോണ്‍ സംഭാഷണത്തിനിടെ സോളന്‍ ആ പെണ്‍കുട്ടിയുടെ മരണത്തെ അപലപിച്ചുവെന്നും ഡാനിയേല്‍ കൂട്ടിച്ചേര്‍ത്തു. അഭിഭാഷകരെ പരിഹസിക്കാനാണ് താന്‍ അത്തരം വാക്കുകള്‍ ഉപയോഗിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അക്കൗണ്ടബ്ലിറ്റി ഓഫീസ് അറിയിച്ചു.

ആന്ധ്രാപ്രദേശ് സ്വദേശിയാണ് കൊല്ലപ്പെട്ട ജാന്‍വി കാണ്ഡുല. സിയാറ്റിലിലെ നോര്‍ത്ത് ഈസ്റ്റേണ്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ജാന്‍വി.

''ഞങ്ങള്‍ക്ക് ഒന്നും പറയാനാകുന്നില്ല. ഈ ഉദ്യോഗസ്ഥരുടെ മക്കളുടെയും കൊച്ചുമക്കളുടെയും ജീവന് വിലയുണ്ടോ? ഒരു ജീവനാണ് പൊലിഞ്ഞത്,'' -ജാന്‍വിയുടെ ബന്ധു അശോക് മാണ്ഡുല പറഞ്ഞു.

അതേസമയം വീഡിയോ ദൃശ്യങ്ങളിലെ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് സിയാറ്റിലിലെ പോലീസ് ഓവര്‍സൈറ്റ് ഓര്‍ഗനൈസേഷന്‍ വക്താക്കള്‍ പറഞ്ഞു.

'' പോലീസില്‍ നിന്ന് മികച്ച സേവനമാണ് സിയാറ്റിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജനങ്ങളുടെ വിശ്വാസം വളര്‍ത്തുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ചുമതലപ്പെടുത്തിയ ഒരു ഡിപ്പാര്‍ട്ട്മെന്റാണിത്,'' എന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

Other News