സെക്രട്ടറി ഓഫ് സ്റ്റേറ്റ് ടില്ലേര്‍സനെ ട്വിറ്ററിലൂടെ ട്രമ്പ് പുറത്താക്കി; സി.ഐ.എ ഡയറക്ടര്‍ മൈക്ക് പോമ്പിയോ പിന്‍ഗാമി


MARCH 16, 2018, 5:28 PM IST

വാഷിംഗ്ടണ്‍: സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേര്‍സനെ അപ്രതീക്ഷിതമായ നീക്കത്തിലൂടെ പ്രസിഡന്റ് ട്രമ്പ് പുറത്താക്കി. തന്റെ സേവനങ്ങള്‍ക്കു നന്ദി പറഞ്ഞു കൊണ്ട് പ്രസിഡന്റിന്റെ ട്വീറ്റ് വന്നപ്പോഴാണ് തന്റെ കസേര നഷ്ടപ്പെട്ട കാര്യം ടില്ലേര്‍സന്‍ മനസിലാക്കിയത്. എക്‌സണ്‍മൊബീലിന്റെ മുന്‍ മേധാവിയായ ടില്ലേര്‍സന്‍, ട്രമ്പിന്റെ അടുപ്പക്കാരാനായാണ് അറിയപ്പെട്ടിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം സ്ഥാനമേറ്റപ്പോള്‍ മുതല്‍ വൈറ്റ്ഹൗസുമായി പല കാര്യത്തിലും ഭിന്നതയിലായിരുന്നു. സി.ഐ.എ ഡയറക്ടര്‍ മൈക്ക് പോമ്പിയോ ആണ് പുതിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ്. സി.ഐ.എ യുടെ ഡയറക്ടറായി ജിന ഹാസ്പലിനെ ട്രമ്പ് നിയോഗിച്ചു. ഒരു വനിത ഈ സ്ഥാനത്ത് അവരോധിക്കപ്പെടുന്നത് ഇതാദ്യമാണ്. വ്യക്തിപരമായ രസത്രന്ത്രത്തിലുള്ള ഭിന്നതയാണ് ടില്ലേര്‍സനുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കു കാരണമെന്ന് വൈറ്റ്ഹൗസില്‍ പത്രലേഖരുമായി സംസാരിക്കവേ ട്രമ്പ് പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് നന്നായി മുന്നോട്ടു പോയിരുന്നു. പക്ഷേ, പല കാര്യങ്ങളിലും ഞങ്ങള്‍ക്ക് ഭിന്ന വീക്ഷണമായിരുന്നു. ഇറാന്‍ ഇടപാട് വളരെ ദോഷകമാണെന്നായിരുന്നു എന്റെ നിലപാട്. എന്നാല്‍, ടില്ലേര്‍സന്‍ മറിച്ചാണ് ചിന്തിച്ചത്. ആ ഇടപാട് തകര്‍ക്കണമെന്ന പക്ഷമാണ് എനിക്കുള്ളത്. ടില്ലേര്‍സന്‍ നല്ല മനുഷ്യനാണെന്നും, താന്‍ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ട്രമ്പ് പറഞ്ഞു.

Other News