യുഎസില്‍ മൂന്നിടത്ത് വെടിവയ്പ്: 9 പേര്‍ കൊല്ലപ്പെട്ടു


JANUARY 24, 2023, 8:30 AM IST

ലോവ: യുഎസില്‍ തോക്ക് ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്നു. മൂന്നിടത്ത് ഉണ്ടായ വെടിവയ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. യുഎസിലെ അയോവയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോവയിലെ ഡെസ് മോയ്നസിലെ യൂത്ത് ഔട്ട്റീച്ച് സെന്ററില്‍ ഇന്ത്യന്‍ സമയം 3 മണിയോടെയാണ് സംഭവം. യുവജനങ്ങള്‍ക്കായുള്ള പരിപാടിക്കിടെയാണ് വെടിവയ്പ്. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ലെന്ന് ഡെസ് മോയ്‌നസ് പൊലീസ് അറിയിച്ചു.

അതേസമയം, കലിഫോര്‍ണിയയില്‍ ഹാഫ് മൂണ്‍ ബേയിലെ രണ്ടു ഫാമുകളില്‍ ഉണ്ടായ വെടിവയ്പില്‍ 7 പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.  അയോവയില്‍ വെടിവയ്പ് നടത്തിയ വ്യക്തി തന്നെയാണ് ഇവിടെയും ആക്രമണം നടത്തിയെന്നാണ് നിഗമനം.

സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കു തെക്ക്  12,000 പേര്‍ മാത്രമുള്ള ചെറുപട്ടണമായ ഹാഫ് മൂണ്‍ ബേയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.20നാണു കൂട്ടക്കൊല നടന്നത്. മരിച്ചവരെല്ലാം ചൈനക്കാരായ  കര്‍ഷക തൊഴിലാളികളാണ്.

ഷാവോ ചുന്‍ലി എന്ന 67 കാരനാണു കുറ്റാരോപിതനെന്നു പോലീസ് അറിയിച്ചു. പോലീസില്‍ കീഴടങ്ങിയ അയാളുടെ വാഹനത്തില്‍ നിന്നു കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെടുത്തു.

മരിച്ച നാലു പേരുടെ ജഡങ്ങള്‍ ഹൈവേ 92 നടുത്തു ഒരു കൂണ്‍ കൃഷിയിടത്തില്‍ കിടന്നിരുന്നു. രണ്ടു പേര്‍ അടുത്തൊരു ട്രക്കിങ് കമ്പനിയിലാണ് കൊല്ലപ്പെട്ടത്. അവിടന്നു മൂന്നാമതൊരാളെ വെടിയേറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അയാള്‍ മരിച്ചു


രണ്ട് ദിവസത്തിനിടെ കലിഫോര്‍ണിയയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ശനിയാഴ്ച രാത്രി മൊണ്ടേരി പാര്‍ക്കിലെ ഡാന്‍സ് ക്ലബ്ബില്‍ ഉണ്ടായ വെടിവയ്പില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ് നടത്തിയ ഹ്യു കാന്‍ ട്രാന്‍ (72) സ്വയം വെടിയുതിര്‍ത്തു മരിക്കുകയും ചെയ്തു. ചൈനീസ് ചാന്ദ്ര നവവത്സര ആഘോഷത്തിനിടെയായിരുന്നു വെടിവയ്പ്. തോക്കുമായി ഡാന്‍സ് ക്ലബ്ബില്‍ കയറിയ ഇയാള്‍ 20 പേരെ വെടിവച്ചുവീഴ്ത്തിയശേഷം വാനില്‍ കടന്നുകളയുകയായിരുന്നു.

Other News