ഫെഡക്സ് കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട 8 പേരില്‍ നാല് സിഖുകാരും


APRIL 17, 2021, 7:24 AM IST

വാഷിംഗ്്ടണ്‍ ഡിസി: വ്യാഴാഴ്ച രാത്രി ഇന്ത്യാനപോളീസിലെ ഫെഡക്സ് കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട എട്ടു പേരില്‍ നാല് പേര്‍ സിഖ് മതത്തില്‍പെട്ടവരാണെന്ന് സിഖ് സംഘടനകള്‍ അറിയിച്ചു. മാത്യു ആര്‍. അലക്സാണ്ടര്‍, 32; സമരിയ ബ്ലാക്ക് വെല്‍, 19;  അമര്‍ജീത് ജോഹാല്‍, 66; ജസ്വീന്ദര്‍ കൗര്‍, 64; ജസ്വീന്ദര്‍ സിംഗ്, 68; അമര്‍ജിത് ഷോണ്‍, 48; കാര്‍ലി സ്മിത്ത്, 19; ജോണ്‍ വീസര്‍ട്ട്, 74 എന്നിവരാണ് ദുരന്തത്തിനിരയായത്.ഗുരുതര പരിക്കേറ്റ ഒരാള്‍ ഉള്‍പ്പെടെ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റ് രണ്ടുപേരെ സംഭവസ്ഥലത്ത് ചികില്‍സ നല്‍കി വിട്ടയച്ചു. പോലിസുകാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുകയാണ്.

അക്രമി പാര്‍ക്കിംഗ് ലോട്ടില്‍ വച്ച് തന്നെ വെടിവയ്ക്കാനാരംഭിച്ചു. തുടര്‍ന്ന് കെട്ടിടത്തിനുള്ളില്‍ കയറിയും വെടിവയ്പ് തുടര്‍ന്നു

ഒട്ടേറെ സിഖുകാര്‍ ജോലി ചെയ്യുന്ന സ്ഥലത്താണ് വെടിവെപ്പുണ്ടായത് എന്നാണ് സംഭവത്തിനുശേഷം പോലീസ് മേധാവി പറഞ്ഞത്. അവിടുത്തെ മുന്‍ ജീവനക്കാരനായ ബ്രാണ്ടന്‍  സ്‌കോട്ട് ഹോള്‍ എന്ന 19 കാരനാണ് കൂട്ടക്കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.  ആക്രമി സ്വയം ജീവനൊടുക്കിയതായി പോലിസ് അറിയിച്ചു.

അയാള്‍  എന്തെങ്കിലും ദുരന്തം ഉണ്ടാക്കിയേക്കുമെന്ന് അയാളുടെ അമ്മ കഴിഞ്ഞ വര്‍ഷം പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കേസ് എടുക്കാന്‍ മാത്രമുള്ള തെളിവുകളൊന്നും കിട്ടാത്തതിനാല്‍ നടപടി അവസാനിപ്പിക്കുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ വംശീയവിരോധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് സിഖ് കോ അലിഷന്‍ ആവശ്യപെട്ടു.ആദര സൂചകമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ബൈഡന്‍ ഉത്തരവിട്ടു.