ഫോമാ  സണ്‍ഷൈന്‍  റീജിയന്‍  യൂത്ത് കമ്മിറ്റിപ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍  ആറിന്


APRIL 4, 2019, 9:26 PM IST

മയാമി: ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഈ വര്‍ഷത്തെ യൂത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ ആറ് ശനിയാഴിച്ച  രാവിലെ പതിനൊന്നു മണി മുതല്‍ പൊമ്പനോ  എയര്‍പോര്‍ട്ട്  ഓറഞ്ച്  വിംഗ്‌സ്  ഏവിയേഷന്‍  സെന്ററില്‍  അരങ്ങേറും. ഫോമായുടെ ഭാവി വാഗ്ദാനങ്ങള്‍ക്ക്   ദിശാബോധം നല്‍കുന്നതിനായി മൂന്നു വിഭാഗങ്ങളിലായി  നിരവധി പരിപാടികള്‍ അണിയറയില്‍ ഒരുങ്ങിയതായി ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ അറിയിച്ചു. 


ആകാശത്തിന്റെ അനന്തമായ  വിഹായസില്‍  പാറി പറന്നു നടക്കാന്‍   കൊതിക്കുന്ന  യുവമനസുകള്‍ക്കായി  എയ്‌റോനോട്ടിക്കല്‍ മേഖലയിലെ വിദഗ്തര്‍ നയിക്കുന്ന  'വിംഗ്‌സ്  ഓണ്‍  ഫയര്‍' എന്ന  വിഷയത്തെ ആധാരമാക്കി ക്ലാസുകള്‍   നടത്തും. ഈ നാട്ടില്‍ നമ്മുടെ യൂവാക്കള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്  വര്‍ദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ  ഉപയോഗം എന്ന വിഷയത്തെ  അടിസ്ഥാനമാക്കി  മോഡി ബൈബിള്‍ ഇന്‍സ്റ്റിട്യൂട്ടിലെ യൂസഫ് അല്‍ സഖറി  നയിക്കുന്ന   ഒരു ബോധവത്കരണ ക്ലാസും ഇതിനോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. ഫോമായുടെ പ്രഖ്യാപിത ലക്ഷ്യങ്ങങ്ങളില്‍ ഒന്നാണ് നമ്മുടെ യുവജനതയുടെ ക്രീയാത്മകത വളര്‍ത്തുകയെന്നുള്ളത്. നല്ല തുടക്കം,  അതിന്റെ സാക്ഷാല്‍ക്കാരമാണ് ഇത്. ഇത്തരത്തിലുള്ള പരിപാടികള്‍ എല്ലാ റീജിയനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ബിജു തോണിക്കടവിലിനുള്ള  ആശംസാ സന്ദേശത്തില്‍ അറിയിച്ചു.


നമ്മുടെ യുവാക്കളെ അമേരിക്കന്‍ രാഷ്ട്രീയത്തിലേയ്ക്  നയിക്കുന്നതിന്റെ മുന്നോടിയായി,  അമേരിക്കയിലെ വര്‍ത്തമാനകാല രാഷ്ട്രീയമീമാംസയെ ആധാരമാക്കി ഒരു തുറന്ന ചര്‍ച്ചയും  യുവാക്കള്‍ക്കായി  ഒരുക്കുന്നു. പ്രസ്തുത ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുന്നത് ഡെയില്‍ വി. സി. ഹോള്‍നെസ് (ബ്രോവര്‍ഡ് കൗണ്ടി  വൈസ് മേയര്‍),  ഹസീല പി. റോജേര്‍സ് (മേയര്‍ സിറ്റി ഓഫ് ലൗഡേര്‍ഡാലെ ലേക്‌സ്), യവെറ്റെ കോള്‍ബോണ്‍ (മിരമര്‍ വൈസ് മേയര്‍) കൂടാതെ  ഫോമായിലെ രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും.


ഫോമാ യൂത്ത് കമ്മിറ്റിയുടെ റീജിയണല്‍ പ്രവര്‍ത്തനോദ്ഘാടനം വിജയമാക്കി തീര്‍ക്കുവാനായി  യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാരായ  റ്റിറ്റോ ജോണ്‍ , പദ്മകുമാര്‍ , ഫോമാ നാഷണല്‍ കമ്മിറ്റി അഗംങ്ങളായ  നോയല്‍ മാത്യു, പൗലോസ് കുയിലാടന്‍, വുമണ്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍ അനു ഉല്ലാസ്, ജനറല്‍ കണ്‍വീനര്‍ ജോമോന്‍ തെക്കേത്തൊട്ടിയില്‍, സെക്രട്ടറി സോണി കണ്ണോട്ടുതറ, അശോക് പിള്ള എന്നിവര്‍  ആഹ്വാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ബിജു തോണിക്കടവില്‍    561 951 0064, റ്റിറ്റോ ജോണ്‍  813 408 3777,  പദ്മകുമാര്‍    305 776 9376.


അശോക് പിള്ള


Other News