സുപ്രീംകോടതിയില്‍ ട്രംപിനു വിജയം: മെക്‌സിക്കൻ അതിർത്തിമതിലിന് 250 കോടി ഡോളർ ചെലവാക്കാം


JULY 28, 2019, 12:42 AM IST

വാഷിംഗ്‌ടൺ:അമേരിക്ക-മെക്‌സിക്കോ അതിർത്തിയിൽ മതില്‍ പണിയുന്നതുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തില്‍ പ്രസിഡന്റ് ഡോണൾഡ്‌  ട്രംപിനു വിജയം. ഖജനാവില്‍ നിന്നു 250 കോടി ഡോളർ അതിനായി ഉപയോഗിക്കാന്‍ സുപ്രീംകോടതി അനുവാദം നല്‍കി. 

പ്രസിഡന്റിന്‍റെ ഭരണഘടനാപരമായ അധികാരത്തെ നിയമപരമായി മറികടക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒന്‍പതംഗ ബെഞ്ചില്‍ അഞ്ചുപേരും ട്രംപിന് അനുകൂല നിലപാടെടുത്തു.നാല് ലിബറൽ ജഡ്‌ജിമാർ  ശക്തമായ വിയോജിപ്പു രേഖപ്പെടുത്തി. നിർമ്മാണത്തിനായുള്ള തയ്യാറെടുപ്പ് ജോലികൾ ചെയ്യാൻ ഭരണകൂടത്തെ അനുവദിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ മതില്‍ നിര്‍മ്മാണത്തിനു അനുമതി നല്‍കാന്‍ കഴിയില്ലെന്നും അവരിലൊരാളായ സ്റ്റീഫൻ ജി ബ്രയർ രേഖപ്പെടുത്തി.

വിധിവന്ന ഉടന്‍തന്നെ ‘കൊള്ളാം! വലിയ വിജയം’ എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. തീരുമാനത്തിൽ താൻ സന്തുഷ്‌ടനാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘കീഴ്‌ക്കോടതി നിർദേശം യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതി റദ്ദാക്കി. തെക്കൻ അതിർത്തിയിൽ മതിൽ കെട്ടാന്‍ അനുവദിച്ചു. അതിർത്തി സുരക്ഷയ്ക്കും നിയമവാഴ്‌ചയ്ക്കും ഇത് വലിയ വിജയമാണ്’-ട്രംപ് പറഞ്ഞു.

നേരത്തെ സൈനിക ഫണ്ടുകൾ മതിൽ നിർമാണത്തിലേക്ക് മാറ്റുന്നത് തടഞ്ഞുകൊണ്ട് വിചാരണ കോടതി ഉത്തരവിട്ടിരുന്നു. അതേസമയം,ഈ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്‌തിട്ടില്ല. നിര്‍മ്മാണം തുടരാനാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഈ വിധി താൽക്കാലിക തിരിച്ചടി മാത്രമാണെന്ന് കേസില്‍ കക്ഷിയായ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ അഭിഭാഷകനായ ഡോറർ ലാഡിൻ പറഞ്ഞു.

ട്രംപിന്റെ തെരഞ്ഞെടുപ്പ്ന വാഗ്‌ദാനമായിരുന്നു മെക്‌സിക്കൻ അതിര്‍ത്തിയല്‍ മതില്‍ കെട്ടുമെന്നത്. മെക്‌സിക്കോയില്‍ നിന്നുള്ളവര്‍ നിയമ വിരുദ്ധമായി അമേരിക്കയില്‍ പ്രവേശിക്കാതിരിക്കാന്‍ മതില്‍ നിര്‍മ്മിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ഇതിനെതിരെ അമേരിക്കകത്തും പുറത്തും വ്യാപകമായ പ്രതിഷേധമാണുയർന്നത്.മാർപാപ്പ വരെ ട്രംപിനെ ഇക്കാര്യത്തിൽ വിമര്‍ശിച്ചു. 

Other News