മലയാളി വിദ്യാർത്ഥിയെ അമേരിക്കയിൽ വെടിവച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ


JULY 30, 2019, 11:23 PM IST

അലബാമ:ഷാർജയിൽ താമസമാക്കിയ മലയാളി കുടുംബത്തിലെ വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റുമരിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്‌തു.തൃശൂർ സ്വദേശി നീൽ പുരുഷ് കുമാറി(29)നെ കൊലപ്പെടുത്തിയ കേസിൽ ലിയോൺ ടെറൽ ഫ്‌ളവേഴ്‌സ് (23) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ കൊലപാതകത്തിനും കവർച്ചയ്ക്കും കേസെടുത്തു. 

അരനൂറ്റാണ്ടിലേറെ മുമ്പ്  യു എ ഇയിലെത്തി 39 വർഷമായി ഷാർജയിൽ പബ്ലീഷിംഗ്‌ കമ്പനി നടത്തുന്ന പുരുഷ് കുമാർ– സീമ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട നീൽ.ഈ മാസം  24ന് അമേരിക്കയിലെ അലബാമയിൽ ബ്രൻഡിഡ്‌ജിലായിരുന്നു സംഭവം. 

ട്രോയ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്തുകയായിരുന്ന നീൽ ഒരു ഗ്യാസ് സ്റ്റേഷനിൽ പാർട് ടൈം മാനേജരായി ജോലി ചെയ്യുന്നുമുണ്ടായിരുന്നു.സംഭവദിവസം രാവിലെ അറിന് സ്ഥാപനം തുറന്ന് അൽപം കഴിഞ്ഞപ്പോഴായിരുന്നു അക്രമം. കടയിലെത്തിയ പ്രതി നീലിനു നേർക്കു തോക്കു ചൂണ്ടി കൗണ്ടറിൽ നിന്നു പണം കവർന്നശേഷം വെടിയുതിർക്കുകയായിരുന്നു. 

അക്രമിക്കായി അന്വേഷണം ഊർജിതമാക്കിയ പൊലീസ് വിവരം നൽകുന്നവർക്ക് 4000 അമേരിക്കൻ  ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.ഷാർജ ഇന്ത്യൻ സ്‌കൂൾ  പൂർവവിദ്യാർഥിയാണ് നീൽ. തൃശൂർ ഗുരുകുലത്തിൽ നിന്ന് പ്ലസ്‌ടു  കഴിഞ്ഞ് തഞ്ചാവൂരിൽ നിന്നു എൻജിനീയറിംഗ് പൂർത്തിയാക്കി.ഒരു വർഷം മുൻപാണ് ഉപരിപഠനത്തിന് അമേരിക്കയ്ക്കു പോയത്. 

ഉപരിപഠനം രണ്ട് സെമസ്റ്റർ വിജയകരമായി പൂർത്തിയാക്കി. ഒരു സെമസ്റ്റർ ബാക്കിയുണ്ടായിയുണ്ടായിരുന്നു.  പുരുഷ് കുമാറും സീമയും അമേരിക്കയിലെത്തി നീലിന്റെ മൃതദേഹം  ഇവിടെത്തന്നെ സംസ്‌കരിച്ചു. നീലിന്റെ സഹോദരിമാരായ നിമയും നിതാഷയും നേരത്തെതന്നെ അമേരിക്കയിലുണ്ട്. 

Other News