തട്ടിപ്പ് കേസ്: ട്രംപ് തെളിവെടുപ്പിന് ഹാജരാകണം 


MAY 26, 2022, 10:09 PM IST

ന്യൂയോർക്ക്: മുൻ പ്രസിഡണ്ട് ഡോണൾഡ്‌ ട്രംപും കുടുംബാംഗങ്ങളും ട്രംപ് ഓർഗനൈസേഷൻ ബിസിനസ് നടത്തിപ്പിൽ തട്ടിപ്പ് കാട്ടിയെന്ന ആരോപണം അന്വേഷിക്കുന്ന അറ്റോണിക്ക് മുന്നിൽ ഹാജരായി മൊഴി നൽകണമെന്ന് ന്യൂയോർക്ക് സുപ്രീം കോടതിയുടെ അപ്പീലുകൾ കൈകാര്യം ചെയ്യുന്ന ബെഞ്ച് വിധിച്ചു.

ഡെമോക്രാറ്റായ ന്യൂയോർക്ക് അറ്റോണി ജനറൽ ലെറ്റിഷ്യ ജെയിംസ് തനിക്കെതിരെ രാഷ്ട്രീയ വിരോധം തീർക്കുന്നതിനാണ് കേസിൽ മൊഴി നൽകാൻ തന്നോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് ട്രംപ് അപ്പീൽ കോടതി മുൻപാകെ വാദിച്ചത്. എന്നാൽ, ഈ വാദം നാലംഗ ബെഞ്ച് അംഗീകരിച്ചില്ല.

ബെഞ്ചിൻറെ തീരുമാനം ഏകകണ്ഠമായിരുന്നു. അറ്റോണി ജനറലിന്റെ ഓഫീസ് ട്രംപ് ഓർഗനൈസേഷനുള്ളിലെ മുതിർന്ന ഒരു കോർപറേറ്റ് ഉദ്യോഗസ്ഥൻറെ പരസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അന്വേഷിക്കാൻ ആരംഭിച്ചതെന്നും ട്രംപിന് ഹാജരാകൽ നോട്ടീസ് അയക്കും മുൻപ് തെളിവുകളുടെ ഒരു കൂമ്പാരം തന്നെ പരിശോധിച്ചുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

സമാനമായ രീതിയിൽ കുറ്റാരോപിതരായ ഏതെങ്കിലും കോർപറേറ്റ് സ്ഥാപനത്തിനോ അവയുടെ എക്സിക്യൂട്ടീവുകൾക്കോ ഇക്കാര്യത്തിൽ എന്തെങ്കിലും ഇളവ് നൽകിയതായി പരാതിക്കാർ പറഞ്ഞിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. അറ്റോണി ജനറലിന് മുന്നിൽ ഹാജരായി മൊഴി നൽകാനും ബന്ധപ്പെട്ട രേഖകളെല്ലാം സമർപ്പിക്കാനും നിർദ്ദേശിച്ചുള്ള കീഴ്‌ക്കോടതിയുടെ വിധിക്കെതിരെയാണ് ട്രംപ് അപ്പീൽ സമർപ്പിച്ചിരുന്നത്. ട്രംപ് കോർപ്പറേഷൻറെ ബിസിനസ് രേഖകൾ സമർപ്പിക്കാതിരുന്നതിന് ജഡ്‌ജ്‌ ആർതർ എൻഗോറോൺ ട്രംപിനെ ഇക്കഴിഞ്ഞ മാസം കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുകയും പിഴയിടുകയും ചെയ്തിരുന്നു.

Other News