വീട്ടില്‍ അതിക്രമിച്ച് കയറിയ രണ്ട് യുവാക്കളെ ഉടമസ്ഥന്‍ വെടിവെച്ചു കൊന്നു


SEPTEMBER 2, 2019, 4:08 PM IST

ഡെട്ടന്‍ (ഒഹായൊ): വീട്ടിലേക്ക് അതിക്രമിച്ചു കടക്കുമോ എന്ന് ഭയന്ന് വീടിന്റെ പരിസരത്ത് അസമയത്ത് കണ്ടെത്തിയ മൂന്ന് യുവാക്കളുടെ നേര്‍ക്ക് ഉടമസ്ഥന്‍ നിറയൊഴിച്ചതിനെ തുടര്‍ന്ന് 17 വയസ്സ് വീതം പ്രായമുള്ള രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു.

മൂന്നാമത്തെ യുവാവിനെ പോലീസ് പിടികൂടി. ഓഗസ്റ്റ് 28 ബുധനാഴ്ച രാത്രി 9.30 നാണ് സംഭവം. ഒഹായൊ ഡെട്ടണിലുള്ള ഇയാളുടെ വീടിന്റെ പരിസരത്ത് മൂന്ന് പേര്‍ കാറിലിരുന്ന് വെളിച്ചം അടിക്കുന്നതായി ഉടമസ്ഥന്‍ കണ്ടു. പിന്നെ ഒന്നും ആലോചിച്ചില്ല.

വീട്ടിനകത്തുണ്ടായിരുന്ന തോക്കെടുത്ത് യുവാക്കള്‍ക്കു നേരേ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ തന്നെ പോലീസില്‍ വിളിച്ചു രണ്ട് യുവാക്കളെ വെടിവെച്ച് വീഴ്ത്തിയതായി അറിയിച്ചു.

സ്വയരക്ഷക്കുവേണ്ടിയാണ് വെടിവെച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഉടമസ്ഥന്‍ പോലീസിനെ അറിയിച്ചു.  


 പി പി ചെറിയാന്‍

Other News