തെലങ്കാന ടെക്കി  അമേരിക്കയിലെ മേരിലാന്‍ഡ് സംസ്ഥാനത്ത് വെടിയേറ്റ് മരിച്ചു


JUNE 22, 2022, 12:27 PM IST

മേരിലാന്‍ഡ് :  തെലങ്കാന സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ യുഎസിലെ മേരിലാന്‍ഡ് സംസ്ഥാനത്ത് അജ്ഞാതര്‍ വെടിവച്ചു കൊന്നു.

തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ നിന്നുള്ള നക്ക സായ് ചരണ്‍ (26) ആണ് ഞായറാഴ്ച വൈകുന്നേരം കറുത്ത വര്‍ഗക്കാരനെന്ന് പറയപ്പെടുന്ന ഒരാളുടെ വെടിയേറ്റ് മരിച്ചത്.

യുഎസിലുള്ള ഇയാളുടെ സുഹൃത്തുക്കളാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. മേരിലാന്‍ഡിലെ കാറ്റണ്‍സ്വില്ലിന് സമീപം കാറില്‍ സഞ്ചരിക്കവെയാണ് സായ് ചരണിന് വെടിയേറ്റത്. സുഹൃത്തിനെ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ടെക്കിയുടെ തലയ്ക്കാണ് വെടിയേറ്റത്. അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് ആര്‍. ആഡംസ് കൗലി ഷോക്ക് ട്രോമ സെന്ററിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മേരിലാന്‍ഡിലെ ബാള്‍ട്ടിമോര്‍ നഗരത്തിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

വിവരമറിഞ്ഞ് മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും നടുക്കത്തിലാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് അവര്‍ ഇന്ത്യാ ഗവണ്‍മെന്റിനോടും തെലങ്കാന സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചു.

Other News