ടെക്സസ്: റോബ് എലിമെന്ററി സ്കൂളില്‍ പിഞ്ചുകുഞ്ഞുങ്ങളേയും അധ്യാപകരേയും വെടിവെച്ചു കൊന്ന 18കാരന് അക്രമി തോക്ക് സ്വന്തമാക്കിയത് പ്രായം തികഞ്ഞതിന്റെ പിറ്റേദിവസം. സ്വന്തം മുത്തശ്ശിയെ വെടിവെച്ച് കൊലപ്പെടുത്തി പരീക്ഷണം നടത്തിയതിന് ശേഷമാണ് ഇയാള്‍ സ്കൂളിലെത്തി കുട്ടികളേയും അധ്യാപകരേയും വെടിവെച്ചിട്ടത്.
യു എസില്‍ തോക്ക് ഉപയോഗിക്കുന്നതിന് താരതമ്യേന കുറഞ്ഞ നിയന്ത്രണങ്ങളുള്ള പ്രദേശമാണ് ടെക്സസ്. ഇവിടുത്തെ ദുര്‍ബല തോക്ക് നയത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ കൗമാരക്കാരന് നിറയൊഴിച്ചതിന് പിന്നാലെ ടെക്സസ് ഗവര്‍ണര്‍ അബോട്ടിനെതിരെയും കനത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് യു എസില്‍ പതിവായി കേസുകളില്‍ നിന്നും സംരക്ഷണം ലഭിക്കാറുള്ളതും വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. 2005ലാണ് തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് സംരക്ഷണം ലഭിക്കുന്ന നിയമം നിലവില്‍ വന്നത്. 18 വയസു കഴിഞ്ഞ ആര്‍ക്കും തോക്ക് സ്വന്തമാക്കാനാവുമെന്നതാണ് രീതി.
സൗത്ത് ടെക്സസിലെ ഉവാല്‍ഡേ നഗരത്തിലെ റോബ് എലമെന്ററി സ്കൂളിലായിരുന്നു കഴിഞ്ഞ ദിവസം കാറിലെത്തിയ അക്രമി 19 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 21 പേരെ വെടിവെച്ചു കൊന്നത്. കൊല്ലപ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികളും ഏഴിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്. നിയമപാലകര്‍ അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തിയതോടെയാണ് ഭീതിജനകമായ അന്തരീക്ഷത്തിന് അയവ് വന്നത്.
സ്ഥിരമായി തോക്ക് ഉപയോഗിച്ചുള്ള അക്രമവും കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും യു എസ് പൗരന്മാരില് 20 ശതമാനം പേര് തോക്ക് നിയന്ത്രണം ശക്തമാക്കേണ്ടെന്ന നിലപാടുകാരാണ്.
കുട്ടികളെ വെടിവെച്ചു കൊലപ്പെടുത്തിയ സാല്‍വദോര്‍ റാമോസിന് ക്രിമിനല്‍ പശ്ചാതലമോ മാനസിക പ്രശ്നങ്ങളോ ഇല്ലെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. 20212ല്‍ സാന്റി ഹൂകില്‍ നടന്ന വെടിവെപ്പില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ 26 പേര് കൊല്ലപ്പെട്ടിരുന്നു. പ്രസ്തുത സംഭവത്തിന് ശേഷം രാജ്യത്തെ സ്കൂളില്‍ നടക്കുന്ന ഏറ്റവും വലിയ വെടിവെപ്പാണിത്. ആക്രമി യു എസ്് പൗരനല്ലെന്നും നിയമവിരുദ്ധമായി കുടിയേറിയതാണെന്നുള്ള പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും യഥാര്‍ഥ വസ്തുത മറച്ചുവെക്കാന്‍ നടത്തുന്ന പ്രചരണങ്ങളാണ് ഇവയെന്ന മറുവാദങ്ങളും ശക്തമായുണ്ട്.
യു എസിലെ തോക്ക് നയത്തിനും ഉപയോഗത്തിനുമെതിരെ പ്രസിഡന്റ് ജോ ബൈഡന് തന്നെ രംഗത്തു വന്നിട്ടുണ്ട്. കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് വെടിവെപ്പ് നടന്നതിന് പിന്നാലെ ജോ ബൈഡന് ആവശ്യപ്പെട്ടിരുന്നു.