ടെക്‌സസ് വെടിവയ്പ്:  അക്രമി ഒഡീസയിലെ 36 കാരന്‍; ആദ്യംപോലീസിനെ വെടിവച്ചു


SEPTEMBER 2, 2019, 3:41 PM IST

ടെക്സസ്: ടെക്‌സസ് നഗരങ്ങളില്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ കൂട്ട വെടിവയ്പു നടത്തിയ അക്രമിയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു.

ഒഡീസയില്‍ നിന്നുമുള്ള സേഥ്  ആരോണ്‍ അറ്റോര്‍ (36 ) ആണ് കൂട്ടക്കൊലയുടെ പിന്നിലെന്ന്  ഒഡീസ സിറ്റി പൊലീസ് ചീഫ് മൈക്കിള്‍ ജെര്‍ക്കി മാധ്യമങ്ങളെ അറിയിച്ചു.


ഇയാളെ ഏറ്റുമുട്ടലില്‍ പോലീസ് വധിച്ചിരുന്നു. എന്തായിരുന്നു കൂട്ടക്കൊലയുടെലക്ഷ്യം എന്ന വിവരം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. ടെക്സസിലെ പടിഞ്ഞാറന്‍ സിറ്റികളായ മിഡ്ലാന്റ്, ഒഡിസ എന്നീ നഗരങ്ങളില്‍ പത്തു മൈല്‍ ചുറ്റളവില്‍ ആഗസ്ത് 31 നു നടന്ന മാസ് ഷൂട്ടിങ്ങില്‍   കൊല്ലപ്പെട്ടവരില്‍ ഏഴുപേരില്‍ യുഎസ് പോസ്റ്റല്‍ സര്‍വീസ്  വനിതാ ജീവനക്കാരിയും, ഒരു ട്രക്‌ ്രൈഡവറും, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഉള്‍പ്പെട്ടിരുന്നു. 

പരിക്കേറ്റ 20 പേരില്‍ മൂന്ന് പോലീസ് ഓഫീസര്‍മാരും 17 മാസം പ്രായമുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. സമീപവാസികള്‍ക്കു അക്രമിയെക്കുറിച്ച്   കുറിച്ച് നല്ല അഭിപ്രായമാണെങ്കിലും 2001 ല്‍  ഒരു കേസിലെ പ്രതിയായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി.

വംശീയതയോ, ഭീകര പ്രവര്‍ത്തനമോ സംശയിക്കുന്നുവോ എന്നചോദ്യത്തിനു  അന്വേഷിക്കുകയാണെന്നായിരുന്ന പ്രതികരണം .ശനിയാഴ്ച ഉച്ചക്കു മൂന്ന് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചു അതിവേഗത്തില്‍ മുന്നോട്ടു പോയ ടൊയോട്ട കാര്‍ ട്രാഫിക്  പൊലീസ് തടഞ്ഞു. വാഹനത്തില്‍ സഞ്ചരിച്ചിരുന്ന സേത്  പൊലീസിനു നേരെ വെടിവച്ചു. തുടര്‍ന്നു അവിടെ നിന്നും ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ യുഎസ് പോസ്റ്റല്‍ സര്‍വീസ്  വനിതാ ഡ്രൈവരെ(മേരി  ഗ്രനാഡോസ് 29) വെടിവെച്ചു കൊലപ്പെടുത്തി.

ആ വാഹനം തട്ടിയെടുത്താണ് വഴിയിലുടനീളം  കണ്ട നിരപരാധിയായ ആളുകള്‍ക്കു നേരെ അക്രമി നിറയൊഴിയിച്ചത്. പതിനഞ്ചിനും അമ്പത്തിയഞ്ചു വയസ്സിനും ഇടയിലുള്ളവരാണ് കൊല്ലപ്പെട്ടത്. ഇന്റര്‍ സ്റ്റേറ്റ് 20ല്‍ നിന്നും ആരംഭിച്ച വെടിവയ്പ് സമീപത്തുള്ള സിനര്‍ജി മൂവി തിയറ്ററിന്റെ പാര്‍ക്കിങ് ലോട്ടില്‍ അക്രമി പൊലീസിന്റെ വെടിയേറ്റു മരിച്ചതോടെയാണ് അവസാനിച്ചത്.

സിനര്‍ജി മൂവി തിയറ്ററി ലെ ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടിരുന്നത്.  ഓഗസ്റ്റ് മാസം മാത്രം  യുഎസില്‍ 51 പേരാണു വെടിവയ്പില്‍ കൊല്ലപ്പെട്ടത്.സെപ്തംബര്‍ ഒന്ന്മുതല്‍ ടെക്സസില്‍   കര്‍ശന തോക്കു നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുന്നതിന്  മുന്‍പ് ഉണ്ടായ മാസ്സ് ഷൂട്ടിംഗ് തന്നെ ഞെട്ടിപ്പിച്ചതായി ഗവര്‍ണ്ണര്‍ എബോട് പറഞ്ഞു. മാരക പ്രഹര ശേഷിയുള്ള തോക്കുകള്‍ സാധാരണക്കാരുടെ കൈകളില്‍ എത്താതിരിക്കുന്നതിനുള്ള നടപടികള്‍ ഉടനെ  സ്വീകരിക്കണമെന്ന് ശക്തമായ ആവശ്യം എല്ലാ ഭാഗത്തുനിന്നും ഉയര്‍ന്നിട്ടുണ്ട്.

പിപി ചെറിയാന്‍