മേയര്‍ക്കും പോലീസിനുമെതിരെ വധഭീഷണി മുഴക്കിയ ന്യൂയോര്‍ക്കുകാരന്‍ അറസ്റ്റില്‍  


MARCH 19, 2023, 2:44 PM IST

ന്യൂയോര്‍ക്: സെന്റ് പാട്രിക്‌സ് ദിന പരേഡിനിടെ യോങ്കേഴ്സ് മേയറായ മൈക്ക് സ്പാനോയെയും പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ അംഗങ്ങളെയും കശാപ്പ്'' ചെയ്യുമെന്നും ''ക്രൂശിക്കുമെന്നും'' ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നു ആരോപിക്കപ്പെടുന്ന ന്യൂയോര്‍ക്കില്‍ നിന്നുള്ള  32 കാരനായ റിഡണ്‍ കോലയെ അറസ്റ്റ് ചെയ്തതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

പരേഡിന് ഒരു ദിവസം മുമ്പ്തന്നെ വെള്ളിയാഴ്ച  ഇയാളെ  കസ്റ്റഡിയില്‍ എടുത്തതായി ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിനായുള്ള യു.എസ് അറ്റോര്‍ണി പറഞ്ഞു.

 2021 ലാണ് കോല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. 2021 നവംബര്‍ 19 ലെ ഒരു പോസ്റ്റില്‍, അദ്ദേഹം അല്‍ബേനിയന്‍ ഭാഷയില്‍ ഒരു ഭീഷണി എഴുതിയതായി ആരോപിക്കപ്പെടുന്നു, അത് ഇങ്ങനെ വിവര്‍ത്തനം ചെയ്യപ്പെട്ടു: 'ഞാന്‍ നിങ്ങളുടെ ചെറിയ പെണ്‍കുട്ടികളെ കൊല്ലാന്‍ പോകുന്നു,' പരാതിയില്‍ പറയുന്നു.അടുത്ത മാസം, താന്‍ ഓഫീസര്‍മാരെയും മേയറായ മൈക്ക് സ്പാനോയെയും കൊല്ലാന്‍ പോകുകയാണെന്ന് അദ്ദേഹം എഴുതി.

അന്വേഷകര്‍ 2021 ഡിസംബറില്‍ കോലയുമായി അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് സംസാരിച്ചു. സന്ദേശങ്ങള്‍ എഴുതിയതായി സമ്മതിച്ചെങ്കിലും അവ ഗൗരവമുള്ളതല്ലെന്നും ഉദ്യോഗസ്ഥരെയോ മേയറെയോ ഉപദ്രവിക്കാന്‍ തനിക്ക് പദ്ധതിയില്ലെന്നും അയാള്‍ പറഞ്ഞിരുന്നു . പോലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആയുധങ്ങളൊന്നും കണ്ടെത്തിയില്ല. ഭീഷണികള്‍ കാരണം, കോലയുമായി ഇടപഴകുമ്പോള്‍ 'ശ്രദ്ധയും ജാഗ്രതയും പാലിക്കാന്‍' പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഈ മാസം ആദ്യം, കോല വീണ്ടും ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി, മാര്‍ച്ച് 6 ന് താന്‍ ഒരു ഉദ്യോഗസ്ഥനെ തിരയുകയാണെന്നും  കണ്ടെത്തിയാല്‍  ചുട്ടെരിക്കും' എന്നും എഴുതിയതായി , പരാതിയില്‍ പറയുന്നു. മാര്‍ച്ച് 9 ന് അയച്ച സന്ദേശത്തില്‍, പോലീസിനെയും അവരുടെ മേലുദ്യോഗസ്ഥരെയും ക്രൂശിക്കുമെന്ന് കോല ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ''ഇതൊരു ഹൊറര്‍ സീനായിരിക്കും,'' അദ്ദേഹം പറഞ്ഞു.

പരേഡ് അവസാനിക്കുന്ന സ്ഥലത്തിന് സമീപമുള്ള പ്രദേശത്താണ് കോല താമസിക്കുന്നതെന്നും കോടാലി പിടിച്ച് നില്‍ക്കുന്ന ചിത്രവും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

കോലയുടെ പ്രവൃത്തി വെച്ചുപൊറുപ്പിക്കില്ലെന്ന് യുഎസ് അറ്റോര്‍ണി ഡാമിയന്‍ വില്യംസ് പറഞ്ഞു.'പോലീസിനെതിരായ അക്രമത്തെയോ ഭീഷണിയെയോ പൊതു സുരക്ഷയെ തുരങ്കം വയ്ക്കുന്നതിനോ അനുവദിക്കില്ല. കോല ഇപ്പോള്‍ കുറ്റാരോപിതനാണ്, കുറ്റം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കോലയ്ക്ക് ലഭിക്കുക.

പി പി ചെറിയാന്‍

Other News