ഏഴുമാസത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍


DECEMBER 2, 2023, 8:30 AM IST

വാഷിങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിയെ ഏഴു മാസത്തോളം പൂട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇരുപതുകാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായത്.

വിദ്യാര്‍ഥിയുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മിസൗറിയിലെ മൂന്നു വീടുകളില്‍ വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് ജോലി എടുപ്പിച്ചതായും ഭക്ഷണം പോലും കൃത്യമായി നല്‍കിയില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

സംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയുടെ ബന്ധുകൂടിയായ വെങ്കടേഷ് ആര്‍ സത്തരു, ശ്രാവണ്‍ വര്‍മ, നിഖില്‍ വര്‍മ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, മര്‍ദനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഫോണില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെന്റ് ചാള്‍സ് കൗണ്ടിയിലെ വീട്ടില്‍ നിന്നാണു വിദ്യാര്‍ഥിയെ പൊലീസ് രക്ഷപ്പെടുത്തിയത്.

വീടിന്റെ ബേസ്മെന്റില്‍ പൂട്ടിയിട്ട വിദ്യാര്‍ഥിയെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. മിസൗറി യൂണിവേഴ്സിറ്റിയില്‍ പഠനത്തിനായാണ് വിദ്യാര്‍ഥി ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ എത്തിയത്. വിദ്യാര്‍ഥിയുടെ ബന്ധുകൂടിയായ വെങ്കടേഷ് ഇദ്ദേഹത്തെ വീട്ടിലേക്കു കൂട്ടികൊണ്ടു വരികയും പൂട്ടിയിടുകയും നിര്‍ബന്ധിച്ച് ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. കൃത്യമായി ജോലി ചെയ്യുന്നില്ലെന്ന് ആരോപിച്ച് കടുത്ത മര്‍ദനവും നേരിട്ടു. ദിവസവും മൂന്നു മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ അനുവദിച്ചിരുന്നുള്ളൂവെന്നു വിദ്യാര്‍ഥി പൊലീസിനെ അറിയിച്ചു.

Other News