കോവിഡ് വാക്‌സിന് ഉറപ്പൊന്നുമില്ല; മുന്നറിയിപ്പുമായി എച്ച്.ഐ.വി ഗവേഷകന്‍


MAY 23, 2020, 3:50 AM IST

വാഷിങ്ടണ്‍: കോവിഡ് വാക്‌സിന്‍ സമീപകാലത്തെങ്ങും കണ്ടുപിടിച്ചേക്കില്ലെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ഗവേഷകന്‍. അര്‍ബുദ, എച്ച്.ഐ.വി/എയിഡ്സ് ഗവേഷകനായ വില്യം ഹാസെല്‍റ്റെയ്‌നാണ് കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ക്കായി മുന്നറിയിപ്പ് നല്‍കുന്നത്. 

കോവിഡിനെതിരെ വാക്‌സിന്‍ കണ്ടുപിടിച്ചേക്കുമെന്ന മുന്‍ധാരണയില്‍ രാജ്യങ്ങള്‍ മുന്നോട്ടുപോകരുത്. അതിന്റെ പേരില്‍ ലോക് ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ എടുത്തമാറ്റുമ്പോള്‍ സര്‍ക്കാറുകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. വൈറസ് പരിശോധനയും സെല്‍ഫ് ഐസൊലേഷന്‍ സംവിധാനങ്ങളുമൊക്കെ ഉറപ്പാക്കിയശേഷമേ സര്‍ക്കാര്‍ ലോക്ഡൗണ്‍ ഇളവുകളെക്കുറിച്ച് ആലോചിക്കാവൂ. കോവിഡ് വാക്‌സിന്‍ ഉടന്‍ എന്ന രാഷ്ട്രീയക്കാരുടെ വാക്കുകള്‍ വിശ്വസിക്കരുതെന്നും റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഹാസെല്‍റ്റെയ്ന്‍ പറയുന്നു. 

മുന്‍കരുതലുകളും ആളകലം ഉള്‍പ്പെടെ സാമുഹ്യ നിയന്ത്രണങ്ങളും പാലിച്ചാല്‍ കോവഡിനെ വരുതിയിലാക്കാം. മാസ്‌ക് ധരിക്കുക, കൈകള്‍ സോപ്പുപയോഗിച്ച് നിശ്ചിതസമയം കഴുകുക, പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളിലുണ്ടായ ശ്രദ്ധയാണ് ചൈനക്കും മറ്റു ഏഷ്യന്‍ രാജ്യങ്ങള്‍ക്കും കോവിഡിനെ നിയന്ത്രിക്കാന്‍ സഹായകമായത്. ഇക്കാര്യങ്ങള്‍ നിസാരവ്തകരിച്ച അമേരിക്ക, റഷ്യ, ബ്രസീല്‍ എന്നിവിടങ്ങളിലാണ് കോവിഡ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നതെന്ന വസ്തുതയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Other News