കടലിലേക്ക് മാലിന്യം തള്ളുന്നു;ഇന്ത്യക്കും ചൈനക്കും റഷ്യക്കുമിതെതിരെ ആഞ്ഞടിച്ച് ട്രംപ്


NOVEMBER 14, 2019, 12:58 AM IST

 ന്യൂയോര്‍ക്ക്: ഇന്ത്യയും ചൈനയും റഷ്യയും കടലിലേക്ക് തള്ളുന്ന മാലിന്യം അമേരിക്കയിലെ ലൊസാഞ്ചലസിലേക്ക്  ഒഴുകിയെത്തുകയാണെന്ന് ഡോണള്‍ഡ് ട്രംപ്. മാലിന്യ നിര്‍മാര്‍ജന കാര്യത്തില്‍ ഈ രാഷ്ട്രങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

കാലാവസ്ഥാ വ്യതിയാനം ചെറുക്കുകയെന്നത് ഏറെ സങ്കീര്‍ണമായ കാര്യമാണെന്ന് പറഞ്ഞ ട്രംപ്, ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും താന്‍ ഒരു പരിസ്ഥിതിവാദിയാണെന്നും പറഞ്ഞു. ശുദ്ധമായ വായുവും ജലവും വേണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ന്യൂയോര്‍ക്ക് എക്കണോമിക് ക്ലബില്‍ നടന്ന ചടങ്ങില്‍ ട്രംപ് പറഞ്ഞു.

ഏകപക്ഷീയമായ, ഭീതിദമായ, സാമ്പത്തികമായി നല്ലതല്ലാത്ത, മൂന്ന് വര്‍ഷത്തിനകം ബിസിനസെല്ലാം മതിയാക്കാന്‍ പറയുന്ന, ഊര്‍ജം ആവശ്യമില്ലെന്ന് പറയുന്ന പാരീസ് ഉടമ്പടിയില്‍ നിന്നുമാണ് അമേരിക്ക പുറത്തുവന്നത്. അമേരിക്കന്‍ ജോലികളെ ഇല്ലാതാക്കുകയും മറ്റുള്ള രാജ്യങ്ങള്‍ക്ക് സുരക്ഷാ കവചം ഒരുക്കുകയും ചെയ്യുന്നതാണ് പാരീസ് ഉടമ്പടിയെന്നും ട്രംപ് പറഞ്ഞു.

പാരീസ് ഉടമ്പടി അമേരിക്കക്ക് ദുരന്തമാകുമായിരുന്നു. ട്രില്യണ്‍ ഡോളറുകളുടെ നഷ്ടമുണ്ടാകുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.അമേരിക്ക താരതമ്യേന ചെറിയ ഭൂപ്രദേശമാണ്. ഇന്ത്യ, ചൈന, റഷ്യ പോലുള്ള വന്‍ രാഷ്ട്രങ്ങള്‍ അവരുടെ മലിനീകരണം നിയന്ത്രിക്കാന്‍ നടപടി കൈക്കൊള്ളുന്നില്ല. ഇവിടങ്ങളിലെ വ്യവസായശാലകളും മറ്റും കടലില്‍ തള്ളുന്ന മാലിന്യം ലൊസാഞ്ചലസിലേക്ക്  ഒഴുകിയെത്തുകയാണ്.

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള 2015ലെ പാരിസ് ഉടമ്പടിയില്‍ നിന്നു പിന്മാറുന്നതു സംബന്ധിച്ച്‌ കഴിഞ്ഞ ആഴ്ചയാണ് അമേരിക്ക ഐക്യരാഷ്ട്രസഭക്ക് കത്തു നല്‍കിയത്. ഇന്ത്യ ഉള്‍പ്പടെ 188 രാജ്യങ്ങള്‍ അംഗീകരിച്ച ഉടമ്പടിയാണിത്.

Other News