ഡെമോക്രാറ്റ് നേതാവ് എലൈജ കമ്മിങ്സ് തെമ്മാടിയെന്ന് ട്രംപ്;പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് പെലോസി 


JULY 28, 2019, 9:42 PM IST

വാഷിംഗ്‌ടൺ:അമേരിക്കൻ പാർലിമെന്റ് ഓവർസൈറ്റ് കമ്മിറ്റി ചെയർമാനും ഡെമോക്രാറ്റ് നേതാവുമായ എലൈജ കമ്മിങ്സിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കമ്മിങ്സിനെ തെമ്മാടി എന്ന് വിളിച്ച ട്രംപ്, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മെരിലാൻഡ് സെവൻത് ജില്ല അമേരിക്കയിലെ ഏറ്റവും മോശം സ്ഥലമാണെന്നും ആക്ഷേപിച്ചു.

ട്രംപിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് സ്‌പീക്കർ നാൻസി പെലോസി രംഗത്തെത്തി.ട്രംപിന്റേത് വംശീയ അധിക്ഷേപമാണെന്നും വിദ്വേഷ പരാമർശമാണെന്നും സ്‌പീക്കർ കുറ്റപ്പെടുത്തി.

ട്വിറ്ററിലൂടെയാണ് എലൈജ കമ്മിങ്സിനെ ട്രംപ് കടന്നാക്രമിച്ചത്.അതിർത്തി സംരക്ഷിക്കുന്നവർക്ക് നേരെ കമ്മിങ്സ് ആക്രോശിച്ചു എന്നാരോപിച്ചായിരുന്നു ട്രംപിന്റെ ട്വീറ്റ്. കമ്മിങ്സ് പ്രതിനിധാനം ചെയ്യുന്ന ജില്ല  അപകടം നിറഞ്ഞതാണെന്നും വിമർശിച്ച ട്രംപ്  ഒരു മനുഷ്യനും അവിടെ താമസിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്വിറ്ററിൽ കുറിച്ചു.ജില്ലയ്ക്ക് അനുവദിക്കുന്ന പണം എങ്ങോട്ട് പോകുന്നു എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

രാജ്യത്ത് ഏറ്റവും അധികം കറുത്തവർഗക്കാർ താമസിക്കുന്ന പ്രദേശമാണ് മെരിലാൻഡ് സെവൻത് ജില്ല. ട്രംപിന്റേത് വംശീയ വിദ്വേഷ പരാമർശമാണെന്ന് ഡെമോക്രാറ്റിക് ഹൗസ് സ്‌പീക്കർ നാൻസി പെലോസി ട്വിറ്ററിലൂടെ പ്രതികരിച്ചു.പൗരാവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന നേതാവാണ് കമ്മിങ്‌സ്. എല്ലാവരും ഒത്തൊരുമിച്ച് അദ്ദേഹത്തിനെതിരായ വംശീയ ആക്രമണത്തിനെതിരെ പ്രതികരിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെ പിന്‍തുണയ്ക്കുകയും വേണമെന്ന് പെലോസി ആവശ്യപ്പെട്ടു.

എല്ലാ ദിവസവും അയൽക്കാരുമായി സംവദിക്കാറുണ്ടെന്ന് എലൈജ കമ്മിങ്സും പ്രതികരിച്ചു. ഭരണനിർഹണ സമിതിയുടെ മേൽനോട്ടം വഹിക്കേണ്ടത് തന്റെ ഭരണഘടനാപരമായ കടമയാണെന്നും വോട്ടർമാർക്ക് വേണ്ടി പോരാടേണ്ടത് ധാർമ്മിക കടമയാണെന്നും കമ്മിങ്സ് ട്വീറ്റ് ചെയ്‌തു.തെക്കൻ അതിർത്തിയില്‍ കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരണം എന്നു കമ്മിങ്സ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഈ പ്രതികരണമാണ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.

Other News