കോവിഡ് നിയന്ത്രണത്തിന് സര്‍ക്കാര്‍ നടപടികള്‍ സഹായിച്ചെന്ന് ട്രംപ്; രോഗികളുടെ സംഖ്യ ഉയരുന്നെന്ന് വിദഗ്ധര്‍


JULY 5, 2020, 7:22 AM IST

വാഷിംഗ്ടണ്‍: സര്‍ക്കാറിന്റെ നടപടി ക്രമങ്ങള്‍ കോവിഡ് രോഗത്തെ നിയന്ത്രിക്കാന്‍ ഏറെ സഹായിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തുടര്‍ച്ചയായി 26-ാം ദിവസവും രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തുമ്പോഴാണ് ട്രംപ് തന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിച്ചത്. 

ജൂലായ് നാലാം തിയ്യതിയെ ആഘോഷ പരിപാടികള്‍ രാജ്യത്തെ രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടാക്കുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിരവധി സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ രോഗികളുടേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് കാണിക്കുന്നത്. 

ഫ്‌ളോറിഡയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അരിസോണയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡായി. ഹൂസ്റ്റണിലെ ലോകത്തിലെ ഏറ്റവും വലിയ മെഡിക്കല്‍ സെന്ററില്‍ ഒറ്റ ദിവസംകൊണ്ട് ഐ സി യു നിറഞ്ഞു കവിഞ്ഞു. 

കാലിഫോര്‍ണിയയിലെ നിരവധി മുനിസിപ്പാലിറ്റികള്‍ വെടിക്കെട്ടും പ്രദര്‍ശനങ്ങളും ഒഴിവാക്കുകയോ അല്ലെങ്കില്‍ ബീച്ചുകളും പാര്‍ക്കിംഗ് സ്ഥലങ്ങളും പൂട്ടുകയോ വേണമെന്നും അല്ലാത്തപക്ഷം സാമൂഹ്യ അകലം പാലിക്കുന്നത് നിര്‍വഹിക്കാനാവില്ലെന്നും ഉന്നത അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. 

രാജ്യത്തെ വൈറസ് ബാധിതരുടേയും മരിച്ചവരുടേയും സംഖ്യ പറഞ്ഞ് ട്രംപ് നടത്തിയ ട്വീറ്റില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ രോഗികളുടെ എണ്ണം കുറവാണെന്ന് കണ്ടെത്താനാകുമെന്നു പറഞ്ഞത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ തെളിവുകള്‍ സഹിതം വിശദീകരിക്കുന്നു. 

വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ രാജ്യത്തെ വൈറസിന്റെ അഗ്നിജ്വാലകള്‍ അണക്കാനുള്ള വാക്‌സിന്‍ വികസനം പുരോഗമിക്കുകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ മാത്രമേ വാക്‌സിന്‍ വ്യാപകമായി ലഭ്യമാവുകയുള്ളുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

വൈറസ് വ്യാപനത്തില്‍ കുറവ് പ്രകടമാകാത്തിനാല്‍ ആളുകള്‍ ബാറുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും പോകുന്നതിനെതിരെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്. പുതിയ രോഗികളെ സൃഷ്ടിക്കുന്നതിലും രോഗവ്യാപനത്തിലും യുവാക്കള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ മുന്‍ ഡയറക്ടര്‍ ടോം ഫ്രൈഡന്‍ മുന്നറിയിപ്പ് നല്കുന്നു. ഇപ്പോഴത്തെ അവസ്ഥ മോശമാണെന്നും നമ്മള്‍ വളരെ മോശമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും തെറ്റായ ദിശയിലേക്കാണ് വളരെ വേഗത്തില്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ മുന്നറിയിപ്പ് നല്കി. ഈ അവസ്ഥ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ വളരെ മാസങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു. 

അവധി വാരാന്ത്യങ്ങളാണ് രോഗവ്യാപനത്തിന്റെ പ്രധാന ബിന്ദു. മെമ്മോറിയല്‍ ഡേയ്ക്ക് ശേഷമാണ് നിരവധി സംസ്ഥാനങ്ങളില്‍ രോഗത്തിന്റെ എണ്ണം വര്‍ധിച്ചത്. 

ദേശീയാടിസ്ഥാനത്തില്‍ ഏഴുദിവസത്തെ പുതിയ കേസുകള്‍ 48361 ആയാണ് വര്‍ധിച്ചത്. ഒരാഴ്ച മുമ്പ് 11740 ഉണ്ടായിരുന്നതാണ് ഇപ്പോള്‍ ഇത്രയായത്. 

ഫ്‌ളോറിഡയില്‍ ശനിയാഴ്ച 11458 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ അവസാനത്തോടെ പ്രതിദിനം ഫ്‌ളോറിഡയില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. ഏപ്രില്‍ 15ന് ന്യൂയോര്‍ക്കില്‍ ഒറ്റദിവസം 11571 രോഗികളുണ്ടായിരുന്നതാണ് ഫ്‌ളോറിഡയ്ക്കു മുമ്പിലുള്ളത്.

പുതിയ രോഗികളുണ്ടാകുന്ന മറ്റൊരു കേന്ദ്രമാണ് അരിസോണ. ഒറ്റ ദിവസം 3113 പുതിയ രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്തെ ഐ സി യു കിടക്കകളില്‍ 90 ശതമാനവും ആശുപത്രി കിടക്കകളില്‍ 85 ശതമാനവും ഇതിനകം ഉപയോഗിച്ചു കഴിഞ്ഞതായി ആരോഗ്യ അധികൃതര്‍ വ്യക്തമാക്കുന്നു. 

ടെക്‌സാസിലും ആശുപത്രി കിടക്കകളും ഐ സി യുവും വളരെ വേഗത്തിലാണ് നിറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആശുപത്രി കോംപ്ലക്‌സായ ഹൂസ്റ്റണിലെ ടെക്‌സാസ് മെഡിക്കല്‍ സെന്ററില്‍ മുഴുവന്‍ ഐ സി യു കിടക്കകളും നിറഞ്ഞു. സംസ്ഥാനത്തെ 7890 ആശുപത്രി പ്രവേശം റെക്കോര്‍ഡാണ്. ആശുപത്രി കിടക്കകള്‍ പൂര്‍ണമായും നിറഞ്ഞിരിക്കുകയാണെന്നും അതുകൊണ്ട് ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്നുമാണ് ഹിഡാല്‍ഗോയിലേയും സ്റ്റാര്‍ കൗണ്ടിയിലേയും പ്രാദേശിക ജഡ്ജുമാര്‍ മുന്നറിയിപ്പ്് നല്കിയിരിക്കുന്നത്. 

മൊണ്ടാന, സൗത്ത് കരോലിന, മിസിസിപ്പി, കാലിഫോര്‍ണിയ എന്നിവിടങ്ങളിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 

Other News