കൂട്ട വെടിവയ്പ്പുകൾക്കു കാരണം ട്രംപിന്റെ വംശീയ നിലപാടുകളെന്ന് വിമര്‍ശനം


AUGUST 6, 2019, 3:02 AM IST

വാഷിംഗ്‌ടൺ:അമേരിക്കയിൽ തുടരെയുണ്ടായ കൂട്ടവെടിവയ്പ്പുകൾക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത ദേശീയതയും വംശീയ വിദ്വേഷവും കുടിയേറ്റ വിരുദ്ധ പ്രസംഗങ്ങളുമാണ് കാരണമെന്ന് വിമർശനം.ടെക്‌സസിലും ഒഹായോയിലുമായി 29 പേരുടെ ജീവനെടുത്ത 24 മണിക്കൂറിനിടെയുണ്ടായ വെടിവയ്പ്പുകളുടെ പശ്ചാത്തലത്തിലാണ് ട്രംപിനു നേർക്ക് വിമർശനമുയർന്നത്. 

പ്രസിഡന്റിന്റെ നയങ്ങളും നടപടികളും കുടിയേറ്റ വിരുദ്ധ വാചാടോപങ്ങളുമാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് മരുന്നായി മാറുന്നതെന്ന് ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ അദ്ദേഹം പിന്തുടരുന്ന കടുത്ത ദേശീയതയും വംശീയ വിദ്വേഷവും കുടിയേറ്റ വിരുദ്ധ  പരാമര്‍ശങ്ങളുമായി ഈ സംഭാവങ്ങള്‍ക്കെല്ലാം ബന്ധമുണ്ടെന്നു അവര്‍ ആരോപിച്ചു. 

എല്‍ പാസോയില്‍ നിന്നുള്ള മുന്‍ കോൺഗ്രസ് അംഗമായ ഡെമോക്രാറ്റ് നേതാവ് ബെറ്റോ ഓ റൂര്‍ക്ക്, ട്രംപിനെ വെള്ളക്കാരനായ ദേശീയവാദിയെന്ന് വിശേഷിപ്പിച്ചു. ട്രംപാണ് എല്‍ പാസോയിലെ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌തു.

ടെക്‌സസിലെ എല്‍പാസോയില്‍ 20 പേരെയും ഒഹായോയിലെ ഡേടണ്‍ നഗരത്തില്‍ ഒൻപത് പേരെയുമാണ് അക്രമികള്‍ വെടിവച്ചുവീഴ്ത്തിയത്. യു എസ്-മെക്‌സിക്കോ അതിര്‍ത്തി പ്രദേശമായ പടിഞ്ഞാറന്‍ ടെക്‌സസില്‍ അക്രമം നടത്തിയ 21 കാരനായ പാട്രിക് ക്രൂഷ്യസിനെ അറസ്റ്റുചെയ്‌ത  ഫെഡറല്‍ പോലീസ് അയാള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞു. ഡേടണിലെ അക്രമിയെ അക്രമം നടന്ന ഉടൻ പോലീസ് വെടിവച്ചുവീഴ്ത്തിയിരുന്നു.

വെള്ളക്കാരനായ പാട്രിക് വംശീയവിദ്വേഷം തീര്‍ക്കാന്‍ നടത്തിയ ആക്രമണമാണിതെന്നു പരക്കെ സംശയിക്കപ്പെടുന്നു.അക്രമത്തിന്  20 മിനിട്ട് മുന്‍പ്, കുടിയേറ്റക്കാര്‍ക്കെതിരെ ഇയാള്‍ ‘യുദ്ധപ്രഖ്യാപനം’ നടത്തിയിരുന്നു. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് കൊലയാളി തന്റെ ആക്രമണദൗത്യം പ്രഖ്യാപിച്ച ഓണ്‍ലൈന്‍ ഫോറത്തിലാണ് ഈ യുദ്ധപ്രഖ്യാപനവും വന്നത്. സംഭവത്തില്‍ പ്രസിഡന്റ് ട്രംപ് നടുക്കം രേഖപ്പെടുത്തുകയുണ്ടായി. ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും നിരപരാധികളെ കൊലപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്നും പറഞ്ഞ ട്രംപ്, ടെക്‌സസ് ഗവര്‍ണര്‍ക്ക് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു. 

എന്നാല്‍ എല്‍ പാസോയിലെ വിദ്വേഷ കുറ്റകൃത്യത്തിന്റെ സ്വഭാവത്തെക്കുറിച്ചോ, തോക്ക് നിയന്ത്രണത്തെക്കുറിച്ചോ ട്രംപ് ഒരു വാക്കുപോലും മിണ്ടിയില്ല. രണ്ട് വെടിവയ്പ്പുകളും മാനസികാരോഗ്യത്തിന്റെ പശ്ചാത്തലത്തില്‍ കാണണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. 

അതേസമയം,എല്‍ പാസോയിലെയും ഡേടണിലെയും പ്രാദേശിക അധികാരികള്‍ പ്രതികളുടെ മാനസികാരോഗ്യത്തെക്കുറിച്ച്  പ്രസ്‌താവനകളൊന്നും നടത്തിയിട്ടില്ല. ‘മറ്റെല്ലാ തരത്തിലുമുള്ള ഭീകരതകളെയും പോലെ വെള്ള ദേശീയതയും തുടച്ചുനീക്കപ്പെടേണ്ട ഒരു തിന്മയാണ്’ എന്ന് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാങ്ക ട്രംപ് നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു.

Other News