ജീവകാരുണ്യഫണ്ട് വകമാറ്റി; ട്രമ്പിന് 2 മില്ല്യണ്‍ ഡോളര്‍ പിഴ ശിക്ഷ


NOVEMBER 8, 2019, 2:30 PM IST

ന്യൂയോര്‍ക്ക്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രസിഡന്റ് ട്രമ്പിന് 20 ലക്ഷം ഡോളര്‍ പിഴ ശിക്ഷ വിധിച്ചു.. ന്യൂയോര്‍ക്ക് കോടതിയാണ് പിഴ വിധിച്ചത്. തുക തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വകമാറ്റി ചെലവഴിച്ചതായി കോടതി കണ്ടെത്തി.ജഡ്ജി സാലിയാന്‍ സ്‌ക്രാപ്പുലയാണ് ശിക്ഷ വിധിച്ചത്. 

പ്രസിഡന്റ് ട്രമ്പിന്റെയും മക്കളായ ഇവാങ്ക,എറിക് എന്നിവരുടെയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രമ്പ് ഫൗണ്ടേഷനുവേണ്ടി പിരിച്ച തുക 2016 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവഴിക്കുകയായിരുന്നു. സത്യത്തില്‍, പ്രചരണത്തിന് പണം സംഘടിപ്പിക്കാനായാണ് ഫൗണ്ടേഷന്‍ പണം പിരിച്ചിരുന്നതെന്നും ഒരു ചെക്കുബുക്കായാണ് ഇത് പ്രവര്‍ത്തിച്ചിരുന്നതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഫൗണ്ടേഷന് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമില്ലായിരുന്നെന്ന് കോടതി കണ്ടെത്തി.

ഇവാങ്കയും എറികും പങ്കാളികളാണെങ്കിലും തുക മുഴുവന്‍ ട്രമ്പിന്റെ അക്കൗണ്ടില്‍ നിന്ന് ഈടാക്കണം. പ്രസിഡന്റ് മുന്‍കൈയ്യെടുത്ത് നടത്താത്ത ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ചെലവഴിക്കണം. അതേസമയം രാഷ്ട്രീയലക്ഷ്യം വച്ച് ഡെമോക്രാറ്റുകള്‍ സൃഷ്ടിച്ച കേസാണിതെന്ന് ട്രമ്പിന്റെ അഭിഭാഷകര്‍ വാദിച്ചു.പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് രണ്ട് വര്‍ഷം കഴിഞ്ഞയുടന്‍ ട്രമ്പ് തന്റെ ജീവകാരുണ്യഫൗണ്ടേഷന്‍ അടച്ചുപൂട്ടിയിരുന്നു.

Other News