ട്രമ്പിനെതിരേയുള്ള ഇംപീച്ച്‌മെന്റ്; വൈകാതെ തീരുമാനമെടുക്കുമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി 


APRIL 22, 2019, 11:02 PM IST

വാഷിംഗ്ടണ്‍ ഡി സി: പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെതിരേ ഇംപീച്ച്‌മെന്റ് നടപടി കൊണ്ടുവരണമോ എന്ന കാര്യത്തില്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളിതില്‍ തീരുമാനമെടുക്കുമെന്ന് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാനും ഡെമോക്രാറ്റ് നേതാവുമായ ആദം ഷിഫ് വ്യക്തമാക്കി. ട്രമ്പിന്റെ പ്രചാരണ സംഘവും റഷ്യയും തമ്മില്‍ ഒത്തുകളി നടത്തിയോ എന്നതു സംബന്ധിച്ച സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മള്ളറുടെ റിപ്പോര്‍ട്ടില്‍ പ്രതീക്ഷിച്ച 'ബോംബുകള്‍' ഇല്ലാത്തതില്‍ നിരാശരാണെങ്കിലും ട്രമ്പ് നീതി നിര്‍വഹണം തടസപ്പെടുത്തിയെന്ന കാര്യത്തിലുള്ള റിപ്പോര്‍ട്ടിലെ പരാമര്‍ശം ആയുധമാക്കുവാന്‍ ഡെമോക്രാറ്റുകള്‍ തയാറെടുക്കുകയാണ്. 

ഈ പ്രസിഡന്റ് ചെയ്തത് കുഴപ്പമില്ലെന്ന് അംഗീകരിച്ചാല്‍ ഭീവി പ്രസിഡന്റുമാരും ഇത്തരത്തിലുള്ള നടപടിക്ക് മുതിരുമെന്നു ഷിഫ് ചൂണ്ടിക്കാട്ടി. ഇംപീച്ച്‌മെന്റിന് ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം മതിയെങ്കിലും സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നുണ്ട്. അതില്ലാത്ത സാഹചര്യത്തില്‍ ഇംപീച്ച്‌മെന്റിനു പോകുന്നത് തന്നെ മന:പൂര്‍വം വേട്ടയാടുകയാണെന്ന വാദമുയര്‍ത്തി ട്രമ്പ് കൂടുതല്‍ ജനപ്രിയനാകുമോ എന്ന സംശയവും ഡെമോക്രാറ്റുകള്‍ക്കുണ്ട്.

1998 ല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ ഇംപീച്ച് ചെയ്യാനുള്ള നടപടിയാണ് ഈ വാദം ഉന്നയിക്കുന്നവര്‍ ഓര്‍മിപ്പിക്കുന്നത്. അന്ന് ഇംപീച്ച്‌മെന്റ് സെനറ്റില്‍ പരാജയപ്പെടുകയായിരുന്നു. പക്ഷേ, ക്ലിന്റന്റെ ജനസമ്മതി അക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തുകയും ചെയ്തു. നീതിനിര്‍വഹണം ട്രമ്പ് തടസപ്പെടുത്തിയെന്ന് മള്ളര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും ഇംപീച്ച്‌മെന്റിനു പോകാതിരുന്നാല്‍ കര്‍ത്തവ്യബോധത്തില്‍ നിന്നുള്ള പാര്‍ട്ടിയുടെ ഒഴിഞ്ഞുമാറലായി കരുതപ്പെടുമെന്നും ചില ഡെമോക്രാറ്റ് നേതാക്കള്‍ പറയുന്നു. 


Other News