ട്രംപാണ് ശരി; ഡെമോക്രറ്റുകൾ ബാൾട്ടിമോറിനെ നശിപ്പിച്ചു


AUGUST 2, 2019, 2:22 PM IST

ബാൾട്ടിമോറിനെ ചൊല്ലിയുള്ള ട്വിറ്റർ യുദ്ധത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിന്തുണയുമായി ഫോക്‌സ് ന്യൂസ്. യാഥാസ്ഥിതിക കോളമിസ്റ്റായ ടോഡ് സ്റ്റർനെസ്സ് ഇപ്പോഴത്തെ വിവാദത്തിൽ ട്രംപ് പറഞ്ഞത് പൂർണ്ണമായും ശരിയാണെന്നു സ്ഥാപിച്ചുകൊണ്ടുള്ള ഒരു ലേഖനം പ്രസിദ്ധീകരിച്ചു.

മേരിലാൻഡിലെ  ഏഴാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ താമസിക്കുന്ന ദരിദ്രരായ പൗരന്മാരോട് സഹാനുഭൂതി പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ലേഖനം തുടങ്ങിയത്. ദശകങ്ങളായി ഡെമോക്രറ്റുകൾ അവർക്ക് നല്ല ജോലിയും നല്ല  സ്‌കൂളുകളും സുരക്ഷിതമായ ജീവിതവും വാഗ്ദാനം ചെയ്യുകയായിരുന്നു. വാഗ്ദത്ത ഭൂമിക്കായി അവർ കാത്തിരുന്നു. പക്ഷെ  അവർ കണ്ടത് ഡെമോക്രറ്റുകളുടെ നയങ്ങൾ തങ്ങളുടെ കോൺഗ്രഷണൽ ഡിസ്ട്രിക്ടിനെ അരാജകത്വപൂർണ്ണമായ ഒരു പാഴ്ഭൂമിയാക്കി മാറ്റിയതാണ്.

സിറ്റി ഹാളിലേക്കും വാഷിങ്ങ്ടണിലേക്കും ഡെമോക്രാറ്റുകളോട് അവർ കാട്ടിയ കൂറ് വഞ്ചിക്കപ്പെടാൻ വേണ്ടി മാത്രമുള്ളതായിരുന്നു. അവരുടെ സമൂഹം രാഷ്ട്രീയ ഭരണ വർഗ്ഗത്തിന്റെ ഒരു കുപ്പത്തൊട്ടിയായി മാറുകയായിരുന്നു.

സ്വന്തം കോൺഗ്രഷണൽ ഡിസ്ട്രിക്ടിലെ പുഴുക്കുത്തുകളും മാലിന്യങ്ങളും പരിഹരിക്കുന്നതിന് പകരം ഡെമോക്രാറ്റിക് പ്രതിനിധിയായ എലിജാ സുമിങ്‌സ് ബോർഡർ പട്രോൾ ഏജന്റുമാർക്കെതിരെയും നിയമവിരുദ്ധമായ കുടിയേറ്റ ആക്രമണങ്ങൾ തടയുന്ന ട്രംപ് ഭരണത്തിന്റെ നടപടികൾക്കെതിരെയും വിലകുറഞ്ഞ വിമർശനങ്ങൾ നടത്താനാണ് മുതിർന്നത്. ഈ കോൺഗ്രസ് അംഗത്തിന്റെ കാപട്യം തുറന്നു കാട്ടാൻ ട്രംപ് അൽപ്പംപോലും വൈകിയില്ല.

അതിനദ്ദേഹം ട്വിറ്റർ ആയുധമാക്കി. യുഎസിലെ ഏറ്റവും വഷളായതും അപകടകരമായതുമായ ഒന്നാണ് സുമിങ്‌സിന്റെ ബാൾട്ടിമോർ ഡിസ്ട്രിക്ട് എന്നും എലികൾ അവിടെ വിളയാട്ടം നടത്തുകയാണെന്നും അദ്ദേഹം അവിടെ കൂടുതൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ  വൃത്തികെട്ട ആ സ്ഥലം വെടിപ്പാക്കാൻ കഴിയുമായിരുന്നുവെന്നുമാണ്  ട്രംപ് ട്വീറ്റ് ചെയ്തത്.

പ്രസിഡന്റ് പറഞ്ഞ വസ്തുതകൾ പരിഹരിക്കുന്നതിന് പകരം ഡെമോക്രറ്റുകളും മുഖ്യധാരാ മാധ്യമങ്ങളും അവർ എല്ലായ്‌പ്പോഴും ചെയ്യാറുള്ളതുതന്നെ ചെയ്തു. അവർ വംശീയതയുടെ കാർഡ് ഇറക്കി. ഒരു ആഫ്രിക്കൻ അമേരിക്കൻ കോൺഗ്രസ് അംഗത്തെ ആക്രമിച്ചതിനാണ് ബാൾട്ടിമോർ സൺ പ്രസിഡന്റിനെ അധിക്ഷേപിച്ചത്. ഒരു ക്ഷുദ്ര ജീവിയെക്കാൾ ഭേദമാണ് അയൽപക്കത്ത് കുറെ എലികളുള്ളതെന്നാണവർ മുഖപ്രസംഗമെഴുതിയത്. പത്രങ്ങളുടെ കാപട്യം തുറന്നു കാട്ടേണ്ടതുണ്ട്. 'കറുത്തവരും തവിട്ടു നിറക്കാരും' ആയവരെക്കുറിച്ച് പറഞ്ഞ പ്രസിഡന്റിനെ കുറ്റപ്പെടുത്തുമ്പോൾ സിഎൻഎൻ ന്യൂസ് ആങ്കർ വിക്ടർ ബ്ലാക്ക് വെൽ കണ്ണീരടക്കൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. പ്രസിഡന്റിന്റെ ട്വീറ്റിൽ വസ്തുതാപരമായ തെറ്റുകൾ ഉണ്ടെന്നായിരുന്നു സിഎൻഎൻ റിപ്പോർട്ടർ ബ്രയാൻ െ്രസ്രൽറ്റർ പറഞ്ഞത്.

ബാൾട്ടിമോറിനെക്കുറിച്ച് പ്രസിഡന്റ് പറഞ്ഞത് ശരിയാണോയെന്നറിയാൻ താനും കുറെ ഗവേഷണങ്ങൾ നടത്തിയെന്നും തന്റെ കണ്ടെത്തലുകൾ ഇവയാണെന്നും  ടോഡ് സ്റ്റർനെസ്സ് എഴുതി.അമേരിക്കയിലെ ഏറ്റവും മോശം ഭരണമുള്ള നഗരമാണ് ബാൾട്ടിമോർ എന്നാണു ആരോപണം. അത് ശരിയാണ്. ബാൾട്ടിമോറിലെ ദാരിദ്ര്യത്തെക്കുറിച്ചുള്ള നിശിതമായ ഒരു റിപ്പോർട്ട് ബിബിസി പ്രസിദ്ധീകരിച്ചിരുന്നു. സുമിങ്‌സിന്റെ കോൺഗ്രഷണൽ ഡിസ്ട്രിക്ടിലെ 25% പേരെങ്കിലും ദാരിദ്ര്യത്തിൽ കഴിയുന്നവരാണ്‌മേരിലാൻഡ് സംസ്ഥാനത്ത് ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള സ്‌കൂളുകളാണ് ബാൾട്ടിമോറിലെതെന്നാണ് സിബിഎസ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തത്. നഗരത്തിലെ ദരിദ്രചേരികളിലെ ആയുർദൈർഘ്യം ദേശീയ ശരാശരിയേക്കാൾ 20  വർഷങ്ങൾ കുറവാണെന്നു 2015ൽ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട്  ചെയ്തിരുന്നു.

നഗരത്തിലെ ഏറ്റവും മോശമായ ജീവിതസാഹചര്യങ്ങൾ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയായ സെനറ്റർ ബെർണി സാൻഡേഴ്‌സിനെപ്പോലും ഞെട്ടിച്ചിട്ടുണ്ട്. എലികളും മൂഷികവർഗ പ്രാണികളും നിറഞ്ഞ ഒരു നഗരമാണ് ബാൾട്ടിമോർ എന്നാണു  മറ്റൊരു  ആരോപണം. അതും ശരിയാണ്. നഗരത്തിന്റെ ഖ്യാതി നശിക്കുകയാണെന്നു ഏപ്രിലിൽ ബാൾട്ടിമോർ സൺ മുഖപ്രസംഗമെഴുതി.

ഭക്ഷ്യവസ്തുക്കൾ അടക്കം ചെയ്തിരുന്ന പാത്രങ്ങളും ചുരുട്ടിക്കൂട്ടിയ തുണികളും പേപ്പറുകളും പഴത്തൊലികളും പ്ലാസ്റ്റിക് സഞ്ചികളും ടൺ കണക്കിന് പാനീയ കവറുകളും എവിടെയും കൂനകൾ പോലെ കിടക്കുന്നു. വൃത്തികെട്ട കാഴ്ചയെന്നു മാത്രമല്ല എലികൾ പെരുകുന്നതിനും അതിടയാക്കും. കുറ്റകൃത്യങ്ങളുടെ ഉയർന്ന നിരക്ക് നഗരത്തിനു ദുഷ്‌പ്പേര് സമ്പാദിക്കുകയാണ്. നഗരത്തിന്റെ പ്രതിച്ഛായ വീണ്ടെടുക്കാൻ വലിയൊരു ശ്രമം ആവശ്യമാണെന്നും അതിൽ പറഞ്ഞു. നഗരത്തിന്റെ നശിക്കുന്ന ഖ്യാതിയെക്കുറിച്ച് ബാൾട്ടിമോർ സൺ എഴുതുമ്പോൾ അത് പൊതുജന സേവനവും ട്രംപ് പറയുമ്പോൾ വംശീയതയും ആകുന്നതെങ്ങനെ? ബാൾട്ടിമോർ അപകടകരമായ ഒരു നഗരമാണെന്ന ആരോപണവും ശരിയാണ്. കുറ്റകൃത്യങ്ങളിടെ നിരക്കിൽ ചിക്കാഗോ, ഡിട്രോയിറ്റ് നഗരങ്ങളെക്കാൾ മാരകമാണ് ബാൾട്ടിമോർ എന്നും അവിടെ കൊലപാതകങ്ങളുടെ നിരക്ക് രാജ്യത്തെ ഏറ്റവും ഉയർന്നതാണെന്നും 2018 ൽ യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. മേരിലാൻഡിൽ തോക്കുകൾക്കൊണ്ടുള്ള അക്രമങ്ങളിൽ പകുതിയും ബാൾട്ടിമോറിലാണ് നടക്കുന്നതെന്ന് ഗൺ വയലൻസ്.ഓർഗ് റിപ്പോർട്ട് ചെയ്യുന്നു.

മൊത്തത്തിൽ മേരിലാൻഡിലെ 7 കോൺഗ്രഷണൽ ഡിസ്ട്രിക്ടിനെ അറപ്പുളവാക്കുന്ന എലികളും മൂഷിക പ്രാണികളും നിറഞ്ഞ സ്ഥലമെന്നു  ട്രംപ് പറഞ്ഞത് വളരെ ശരിയാണ്.ബാൾട്ടിമോറിനെപ്പോലുള്ള സ്ഥലങ്ങളിൽ സംഭവിക്കുന്നതിനു വംശവുമായി ഒരു ബന്ധവുമില്ലെന്നതാണ് സത്യം. അത് രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. കഴിവുകെട്ട ഡെമോക്രാറ്റ് നിയമനിർമ്മാതാക്കൾ ദുർബ്ബലരായ അവരുടെ വോട്ടർമാർക്ക് നേരെ പുറംതിരിഞ്ഞതിന്റെ ഫലമായാണത് സംഭവിച്ചത്.

മേരിലാൻഡിലെ  വിസ്മരിക്കപ്പെട്ട 7 കോൺഗ്രഷണൽ ഡിസ്ട്രിക്ടിനു വേണ്ടി സംസാരിക്കാൻ ധൈര്യം കാട്ടിയ ട്രംപിനെ ദൈവം അനുഗ്രഹിക്കട്ടെയെന്നു പറഞ്ഞുകൊണ്ടാണ് ടോഡ് സ്റ്റർനെസ്സ് ലേഖനം അവസാനിപ്പിക്കുന്നത്. ഇതൊക്കെയാണെങ്കിലും 2020  ലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അവിടുത്തെ ജനങ്ങളിൽ എത്രപേർ റിപ്പബ്ലിക്കന്മാരെ പിന്തുണക്കുമെന്നത് കണ്ടറിയണമെന്നും അദ്ദേഹം പറയുന്നു.

Other News