രാജ്യത്തെ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ തീവ്ര-ഇടതുപക്ഷ അരാജകവാദികളെന്ന് ട്രംപ്


JUNE 1, 2020, 4:00 AM IST

വാഷിങ്ടണ്‍: രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ തീവ്ര ഇടതുപക്ഷ അരാജകവാദികളാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിദ്വേഷവും അരാജകവാദവും വളര്‍ത്താന്‍ മാധ്യമങ്ങള്‍ തങ്ങള്‍ക്ക് കഴിയുംവിധം വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. മിനിയപൊളിസില്‍ പൊലീസ് ക്രൂരതയില്‍ കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന പ്രതിഷേധത്തിനും കൊള്ളയടിക്കലിനും പൊലീസുമായുള്ള ഏറ്റുമുട്ടലിനും നേതൃത്വം നല്‍കുന്നത് ആന്റിഫ (ഫാഷിസ്റ്റ് വിരുദ്ധര്‍) എന്നറിയപ്പെടുന്ന തീവ്ര ഇടത് സംഘത്തിലെ അംഗങ്ങളാണെന്നും ട്രംപ് ആരോപിച്ചു. ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട മെയ് 25 മുതല്‍ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഏതെങ്കിലും സംഘടനയോ സംഘടനകളോ ഉത്തരവാദികളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാതിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. 

ആന്റിഫയെ ഭീകര സംഘടനയായി പരിഗണിക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തും. കഴിഞ്ഞവര്‍ഷം രണ്ട് റിപ്പബ്ലിക്കന്മാര്‍ ഇക്കാര്യത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നതാണെന്നും മറ്റൊരു ട്വീറ്റില്‍ ട്രംപ് പറഞ്ഞു. സമാധാനപരമായി നടന്നിരുന്ന പ്രതിഷേധത്തെ ഹൈജാക്ക് ചെയ്ത അക്രമാസക്തരായ തീവ്രവാദികളെ പിടികൂടാനും കുറ്റം ചുമത്താനും നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപിന്റെ ട്വീറ്റിനുപിന്നാലെ അറ്റോര്‍ണി ജനറല്‍ വില്യം ബര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Other News