യുഎസില്‍ ടിക്   ടോക്‌   നിരോധിക്കുമെന്ന്  ട്രംപ് ; സ്വന്തമാക്കാന്‍ പദ്ധതിയിട്ട് മൈക്രോസോഫ്റ്റ്


AUGUST 1, 2020, 10:19 AM IST

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നും ഹോങ്കോഗില്‍ നിന്നും പുറത്തായ ജനപ്രിയ ചൈനീസ് വിഡിയോ ആപ് ടിക് ടോക് യുഎസില്‍ നിരോധിക്കുമെന്നു വീണ്ടും സൂചന നല്‍കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദേശീയ സുരക്ഷയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന ടിക് ടോക് നിരോധിക്കുന്നതു സംബന്ധിച്ച് തന്റെ ഭരണകൂടം ആലോചിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ, സോഫ്റ്റ് വെയര്‍ രംഗത്തെ വമ്പന്‍മാരായ മൈക്രോസോഫ്റ്റ് ടിക് ടോക് വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.

ഈ ആപ്പിന്റെ ഉടമകളായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സുമായി മൈക്രോസോഫ്റ്റ് ചര്‍ച്ച നടത്തുന്നുണ്ടെന്നാണു പുറത്തുവരുന്ന സൂചനകള്‍. അമെരിക്കയിലെ ടിക് ടോക്കിന്റെ പ്രവര്‍ത്തനാവകാശം വാങ്ങുക എന്നതാണു ലക്ഷ്യമെന്നും കേള്‍ക്കുന്നു. ഇതിന് ട്രംപ് ഭരണകൂടത്തിന്റെ പ്രോത്സാഹനവുമുണ്ട്.

 ടിക് ടോക് നിരോധിക്കുന്നതു ജനങ്ങളില്‍ എന്തു പ്രതികരണമുണ്ടാക്കുമെന്ന ആശങ്ക ട്രംപിനുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ അതു ഗുണകരമാവുമോ എന്നു പരിശോധിക്കുകയാണ്. യുഎസിലെ ടിക് ടോക് പ്രവര്‍ത്തനം മൈക്രോസോഫ്റ്റ് ഏറ്റെടുത്താല്‍ ഈ സമ്മര്‍ദത്തില്‍ നിന്ന് രക്ഷപെടാമെന്നതാണ് ഭരണകൂടത്തിന്റെ ചിന്ത.

ചൈനീസ് കമ്പനിയില്‍ സമ്മര്‍ദം ചെലുത്തുകയാണ് ടിക് ടോക് നിരോധിക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതിലൂടെ ട്രംപ് ചെയ്യുന്നതെന്നും വിലയിരുത്തപ്പെടുന്നു. ഏറ്റെടുക്കല്‍ ചര്‍ച്ചകളെക്കുറിച്ച് ചൈനീസ് കമ്പനിയോ മൈക്രോസോഫ്‌റ്റോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഞങ്ങള്‍ ടിക് ടോക് നിരോധിച്ചേക്കാം. മറ്റ് ഓപ്ഷനുകളും പരിഗണിക്കുന്നുണ്ട്. പലതും സംഭവിക്കുന്നുണ്ട്. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാം- ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

Other News