എന്‍ആര്‍എ എതിര്‍പ്പിനെ അവഗണിച്ച് ട്രംപ്; തോക്കിന് കര്‍ശന നിയന്ത്രണം


AUGUST 13, 2019, 2:46 PM IST

വാഷിംഗ്ടണ്‍: ടെക്‌സസിലെ എല്‍പാസോയിലും ഒഹായോയിലെ ഡേടണ്‍ നഗരത്തിലും നടന്ന കൂട്ട നരഹത്യക്കു പിന്നാലെ തോക്കുകള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള നിയമം കൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിന് പുറത്തു വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ആണ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.  നാഷനല്‍ റൈഫില്‍ അസോസിയേഷന്റെ (എന്‍ആര്‍എ) എതിര്‍പ്പുകള്‍ അവഗണിച്ചു'ബാക്ക് ഗ്രൗണ്ട് ചെക്ക് അപ്പ്' കൂടുതല്‍ കാര്യക്ഷമായി നടത്തുന്നതിനുള്ള നിയമനിര്‍മാണം സെനറ്റില്‍ കൊണ്ടുവന്ന് പാസാക്കുന്നതിന് സെനറ്റ് മെജോറിട്ടി ലീഡര്‍ മിക് മെക്കോണലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. ഇരു പാര്‍ട്ടികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ബില്‍ എത്രയും വേഗം പാസ്സാക്കാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു.

യുഎസ് ഹൗസ് മെജോരിട്ടി ലീഡര്‍  നാന്‍സി പെലോസിയുമായി ഈ കാര്യം ചര്‍ച്ച ചെയ്തുവെന്നും യുഎസ് സെനറ്റില്‍ 'യൂണിവേഴ്‌സല്‍ ബാക്ക് ഗ്രൗണ്ട് ചെക്ക് ബില്‍' എത്രയും വേഗം പാസാക്കാന്‍ ന്യുനപക്ഷ കക്ഷിയുടെ ലീഡര്‍ ഷൂക്ക് സ്‌ക്കമ്മറുമായി സഹകരിച്ചു പാസ്സാക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു.തോക്ക് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ പാസാക്കുന്നതിന് പ്രസിഡന്റ് എന്ന നിലയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ചു സ്‌പെഷ്യല്‍ സെനറ്റ് വിളിച്ചു ചേര്‍ക്കണമെന്ന് നാന്‍സി പെലോസി ആവശ്യപ്പെട്ടു. തോക്ക് ലോബിയുടെ ശക്തമായ എതിപ്പുകള്‍ ഈ നിയമം പാസാക്കുന്നതിന് കാലതാമസം ഉണ്ടാക്കില്ലെന്നും ട്രംപ് ഉറപ്പുനല്‍കി. തോക്കുകള്‍ വില്‍പന നടത്തുന്നതിനു മുമ്പ് ഫെഡറല്‍ ക്രിമിനല്‍ ബാക്ക് ഗ്രൗണ്ട് ചെക്ക് വേണമെന്ന നിയമനിര്‍മാണം ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസ് ഫെബ്രുവരിയില്‍ പാസാക്കിയിട്ടുണ്ടെന്നും പെലോസി പറഞ്ഞു.

പി പി ചെറിയാന്‍

Other News