റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്‍ നോര്‍ത്ത് കരോലിനയില്‍ നിന്ന് മാറ്റുമെന്ന് ട്രംപ്


JUNE 3, 2020, 8:17 AM IST

വാഷിംങ്ടണ്‍: കൊറോണ വൈറസ് മൂലം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളെക്കുറിച്ച് സംസ്ഥാനവും ജിഒപിയും തമ്മില്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് നോര്‍ത്ത് കരോലിനയില്‍ നടത്താനിരുന്ന റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്‍ അവിടെ നിന്ന് മാറ്റുമെന്ന് സൂചന നല്‍കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

'ഞാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമായ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്‍ നടത്താന്‍ വളരെക്കാലമായി പദ്ധതിയിട്ടിരുന്നു. ഇപ്പോള്‍, അവിടുത്തെ ഗവര്‍ണര്‍ റോയ് കൂപ്പറും അദ്ദേഹത്തിന്റെ പ്രതിനിധികളും ഞങ്ങള്‍ക്ക് സ്‌പെക്ട്രം അരീന (ഇന്‍ഡോര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍) ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതിന് മടിക്കുന്നു,' ട്രംപ്  തുടര്‍ച്ചയായ ട്വീറ്റുകളില്‍ എഴുതി.

'ഗവര്‍ണര്‍ കൂപ്പര്‍ ഇപ്പോഴും ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ് മോഡിലാണ്, യഥാര്‍ത്ഥത്തില്‍ സമ്മേളനം നടത്താന്‍ പ്രതീക്ഷിച്ചതും വാഗ്ദാനം ചെയ്യപ്പെട്ടതുമായ ഈ വേദി കൈവശപ്പെടുത്താന്‍ ഞങ്ങളെ അനുവദിക്കുന്നില്ല. കണ്‍വെന്‍ഷന്‍ നടത്തുക വഴി മനോഹരമായ നോര്‍ത്ത് കരോലിനയെ ലോകത്തിന് കാണിച്ചുകൊടുക്കുകയും അവിടേയ്ക്ക് കോടിക്കണക്കിന് ഡോളറുകളും ജോലികളും കൊണ്ടുവരുമായിരുന്നു.

നോര്‍ത്ത് കോരലിന ഗവര്‍ണര്‍ കാരണം  2020 ലെ റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന് ആതിഥേയത്വം വഹിക്കാന്‍ മറ്റൊരു സംസ്ഥാനത്തെ തേടാന്‍ ഞങ്ങള്‍ ഇപ്പോള്‍ നിര്‍ബന്ധിതരാകുന്നു- അദ്ദേഹം മറ്റൊരു ട്വീറ്റില്‍ എഴുതി

Other News