നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കണം; അക്രമത്തിലും കലാപത്തിലുമല്ലെന്ന് ട്രംപ്


JANUARY 13, 2021, 7:45 PM IST

ടെക്‌സസ്: അക്രമ പ്രവര്‍ത്തനങ്ങളിലോ കലാപത്തിലോ വിശ്വസിക്കുന്നില്ലെന്നും നീതിന്യായ വ്യവസ്ഥയിലാണ് വിശ്വസിക്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. 

തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായി ടെക്‌സസ് സന്ദര്‍ശനത്തിനെത്തിയ ട്രംപ് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 

സൗത്ത് ടെക്‌സസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ പണിതുയര്‍ത്തിയ മതിലിന്റെ പുരോഗതി കാണാനെത്തിയതായിരുന്നു ട്രംപ്. അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറിയ മില്യന്‍ കണക്കിന് അമേരിക്കന്‍ പൗരന്മാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്നത് തടയുക എന്ന തന്റെ സുപ്രധാന തീരുമാനം നടപ്പിലാക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് ട്രംപ് പറഞ്ഞു. 

കഴിഞ്ഞ നാലുവര്‍ഷം ഇമിഗ്രേഷന്‍ പോളിസി കര്‍ശനമാക്കിയതിനെ മാറ്റിമറിക്കാന്‍ ബൈഡന്‍ ശ്രമിച്ചാല്‍ അപകടത്തിലാകുന്നത് രാജ്യത്തിന്റെ സുരക്ഷയായിരിക്കുമെന്ന് മുന്നറിയിപ്പ് നല്കാനും ട്രംപ് മറന്നില്ല. 

ഭരണം അവസാനിക്കുന്നതിന് ഏതാനും ദിവസം ബാക്കി നില്‍ക്കെ ജനുവരി ആറിനുണ്ടായ സംഭവങ്ങളുടെ പേരില്‍ തന്നെ കുറ്റപ്പെടുത്തുന്നതിനും ഭരണത്തില്‍ നിന്നും പുറത്താക്കുന്നതിനും ഡമോക്രാറ്റുകള്‍ ശ്രമിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News