ജസ്റ്റിസ് റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗിനു പകരം നോമിനി; ട്രംപിന് റോംനിയുടെ പിന്തുണ


SEPTEMBER 22, 2020, 10:36 PM IST

വാഷിങ്ടണ്‍: സുപ്രീംകോടതിയിലേക്ക് ജസ്റ്റിസ് റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗിനു പകരം നോമിനിയെ കണ്ടെത്താനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് പിന്തുണയുമായി മീറ്റ് റോംനി. നോമിനിയെ സ്ഥിരീകരിക്കാന്‍ സെനറ്റില്‍ നടക്കുന്ന വോട്ടെടുപ്പിനെ പിന്തുണയ്ക്കുമെന്നാണ് ട്രംപിന്റെ ദീര്‍ഘകാല വൈരിയായ റോംനി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ, ഒമ്പതംഗ കോടതിയിലേക്കുള്ള ട്രംപിന്റെ മൂന്നാമത്തെ നിയമനത്തിന് സെനറ്റില്‍ തടയിടാമെന്ന ഡെമോക്രാറ്റുകളുടെ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. സുപ്രീം കോടതിയിലേക്കുള്ള നോമിനിയെ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. 

2012ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു റോംനി. കോണ്‍ഗ്രസില്‍ ട്രംപിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം അഴിച്ചുവിടുന്ന നേതാവ് കൂടിയാണ് അദ്ദേഹം. ഫെബ്രുവരിയില്‍ നടന്ന ഇംപീച്ച്‌മെന്റ് വിചാരണയില്‍ ട്രംപിനെ സ്ഥാനത്തുനിന്ന് നീക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. എന്നാല്‍, സുപ്രീം കോടതി നോമിനിക്കായി നവംബര്‍ തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കണമെന്ന ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ അഭിപ്രായത്തെ റോംനി തള്ളി. രാജ്യത്തെ ഭരണഘടന പിന്തുടര്‍ന്ന് നോമിനിയെ കണ്ടെത്തുന്നതിനോടാണ് യോജിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

100 സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 അംഗങ്ങളാണുള്ളത്. നോമിനിയെ സ്ഥിരീകരിക്കുന്നതിനെതിരെ വോട്ട് ചെയ്യാന്‍ നാല് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്നേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

Other News