അനധികൃത കുടിയേറ്റക്കാരെ തടഞ്ഞില്ലെങ്കില്‍ അടുത്തയാഴ്ച മെക്‌സക്കോയുമായുള്ള അതിര്‍ത്തി അടയ്ക്കുമെന്ന് ട്രമ്പിന്റെ ഭീഷണി


MARCH 30, 2019, 5:36 PM IST


വാഷിംഗ്ടണ്‍ ഡി സി: രേഖകളൊന്നുമില്ലാത്ത കുടിയേറ്റക്കാര്‍ രാജ്യത്തു കൂടെ കടന്നു വരുന്നതു തടയാന്‍ മെക്‌സിക്കോ അടിയന്തരമായി തയാറായില്ലെങ്കില്‍ മെക്‌സിക്കോയുമായുള്ള അതിര്‍ത്തി അടുത്തയാഴ്ച അടയ്ക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് മുന്നറിയിപ്പ് നല്‍കി. മുമ്പ് പലതവണ ട്രമ്പ് ഈ ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ഇത്തവണ കാര്യം അല്‍പം ഗൗരവമുള്ളതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫെബ്രുവരിയില്‍ 76000 അതിര്‍ത്തി ഭേദനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 11 വര്‍ഷത്തിനിടെയുള്ള ഏറ്റവുമുയര്‍ന്ന കണക്കാണിത്. 

അനധികൃത കുടിയേറ്റക്കാരെ മെക്‌സിക്കോയ്ക്ക് അനായാസം തടയാന്‍ കഴിയുമെന്ന് ട്രമ്പ് ട്വീറ്റ് ചെയ്തു. രാജ്യത്തിന് വലിയ പണച്ചെലവുള്ള ഏര്‍പ്പെടായി ഇത് മാറുന്ന സാഹചര്യത്തില്‍ അതിര്‍ത്തി അടയ്ക്കുകയാണ് ഭേദപ്പെട്ട കാര്യമെന്ന് ട്രമ്പ് അഭിപ്രായപ്പെട്ടു. 

മിഷിഗണിലെ ഗ്രന്‍ഡ് റാപ്പിഡ്‌സില്‍ ഒരു റാലിയില്‍ വ്യാഴാഴ്ച പ്രസംഗിച്ചപ്പോള്‍ അഭയം തേടിയെത്തുന്നവര്‍ 'അധിനിവേശ'ത്തിനു തുനിയുകയാണെന്ന് ട്രമ്പ് കുറ്റപ്പെടുത്തി. അനധികൃത കുടിയേറ്റ വിഷയം അടുത്ത വര്‍ഷത്തെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടാന്‍ വൈറ്റ്ഹൗസ് ആലോചിക്കുന്നുണ്ട്. പട്ടിണിയും, ആഭ്യന്ത്ര സംഘര്‍ഷങ്ങളും മൂലം പല സൗത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ മെക്‌സിക്കോ വഴി അമേരിക്കയിലേക്കു കടക്കാന്‍ വ്യാപകമായി ശ്രമിച്ചു വരികയാണ്. മെക്‌സിക്കോ അതിര്‍ത്തിയിലെ ഏതു ഭാഗമാണ് അടയ്ക്കുക എന്ന് ട്രമ്പ് വ്യക്തമാക്കിയിരുന്നില്ല.


Other News