പാവപ്പെട്ടവര്‍ക്ക് പൗരത്വമില്ല, നിയമം ഒക്ടോബര്‍ 15 മുതല്‍


AUGUST 13, 2019, 6:50 PM IST

വാഷിങ്ടണ്‍:  ഉയര്‍ന്ന കഴിവും പണവുമുള്ളവര്‍ക്ക്  മാത്രം പൗരത്വമെന്ന പ്രസിഡന്റ് ട്രമ്പിന്റെ നയം നടപ്പാക്കുന്നതിനായി ഗ്രീന്‍കാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഢത്തില്‍ യു.എസ് മാറ്റം വരുത്തുന്നു. ഒക്ടോബര്‍ 15 മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ നിയമപ്രകാരം സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന 'സമൂഹത്തിന് ഭാരമായി മാറാന്‍ സാധ്യതയുള്ളവരെ' ഇനി ഗ്രീന്‍കാര്‍ഡിന് പരിഗണിക്കില്ല. അതായത് മെഡികെയ്ഡ്,ഫുഡ് സ്റ്റാമ്പ്‌സ്,ഹൗസിംഗ് അസിസ്റ്റന്റ്‌സ് എന്നീ ആനുകൂല്യങ്ങള്‍ പറ്റുന്നവര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിച്ചേക്കില്ല. ഇതോടെ പൗരത്വം  പ്രസിഡന്റ് ആഗ്രഹിക്കുന്ന പോലെ ഉയര്‍ന്ന കഴിവും പണവുമുള്ള ആളുകളിലേക്ക് മാത്രമായി ചുരുങ്ങും.

സമ്പത്ത്,വിദ്യാഭ്യാസം,പ്രായം,ഇംഗ്ലീഷ് പരിജ്ഞാനം എന്നിവ പ്രധാനമാനദണ്ഢമായിരിക്കും. സമൂഹത്തിന് ഭാരമാകുന്നവരെ പൗരത്വത്തില്‍ നിന്നും ഒഴിവാക്കുന്ന ചില മാനദണ്ഢങ്ങള്‍ നേരത്തെ തന്നെ കുടിയേറ്റ നിയമത്തിലുണ്ടെങ്കിലും ഈ ഗണത്തിലേയ്ക്ക് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കുന്നരീതിയില്‍ നിയമത്തിന്റെ പരിധി വിപുലമാക്കാനുള്ള ഭേദഗതിയാണ് ട്രമ്പ് ഭരണകൂടം കൊണ്ടുവരുന്നത്. 

കുടിയേറ്റക്കാരില്‍ സ്വയം പര്യാപത്തയും ഉത്തരവാദിത്തവും  സൃഷ്ടിക്കാനാണ് പുതിയ നിയമത്തിലൂടെ ട്രമ്പ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഇതിനെക്കുറിച്ച് വിശദീകരിക്കവേ യു.എസ് സിറ്റിസണ്‍ഷിപ്പ് ഇമിഗ്രേഷന്‍ സര്‍വീസസ് ഡയറക്ടര്‍ കെന്‍ കുസിനെല്ലി പറഞ്ഞു. രാജ്യം അഭയം നല്‍കുന്നവരുടെ എണ്ണത്തില്‍ കുറവുവരുത്താന്‍ ഇതിനോടകം ട്രമ്പ് ഭരണകൂടത്തിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല രേഖകളില്ലാത്തവരെ അറസ്റ്റുചെയ്യാനും പുറത്താക്കാനുമുള്ള സര്‍ക്കാറിന്റെ അധികാരം ദൃഢപ്പെടുത്താനും ട്രമ്പിനായി.

Other News