പ്രസിഡന്റ് ട്രമ്പ് താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നു, ലക്ഷ്യം അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റം


AUGUST 17, 2019, 1:14 PM IST

ന്യൂജേഴസി: അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള സേനാപിന്മാറ്റം ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നു. താലിബാനുമായി ഒരു സമാധാനക്കരാറാണ് പ്രസിഡന്റിന്റെ ലക്ഷ്യമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രമ്പിന്റെ ഗോള്‍ഫ് റിസോര്‍ട്ടില്‍ നടക്കുന്ന ചര്‍ച്ചയില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്,സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ,ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പര്‍,മറൈന്‍ ജനറല്‍ ജോ ഡന്‍ഫോര്‍ഡ്, ദേശീയ സെക്യൂരിറ്റി ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.നേരത്തെ സമാധാനനീക്കത്തിന്റെ ഭാഗമായി താലിബാന്‍ തടവുകാരെ അഫ്ഗാന്‍ ജയില്‍മോചിതരാക്കിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറുമ്പോള്‍ എത്രമാത്രം സേനയെ പ്രദേശത്ത് ബാക്കിനിര്‍ത്തണം, താലിബാനുമായി പോരടിക്കാന്‍ അഫ്ഗാന്‍ സൈന്യത്തെ പരിശീലിപ്പിക്കുന്ന ജോലി എത്രകാലം ദീര്‍ഘിപ്പിക്കണം തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനം ട്രമ്പ് താലിബാന്‍ നേതാക്കളുമായി നടത്തുന്ന ഈ  ചര്‍ച്ചയെ അടിസ്ഥാനമാക്കിയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്ക-താലിബാന്‍ നടത്തിയ എട്ടാം ഘട്ട സമാധാന ചര്‍ച്ച ദോഹയില്‍ അവസാനിച്ചു. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് അമേരിക്കന്‍ പ്രത്യേക നയതന്ത്രപ്രതിനിധി സല്‍മായി ഖലീല്‍സാദ് പിന്നീട് വ്യക്തമാക്കി. അഫ്ഗാനില്‍ ഉടന്‍ തന്നെ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അഫ്ഗാനിസ്ഥാനില്‍ യുദ്ധത്തിനിടെ നടക്കുന്ന അവസാന ഈദ് ആയിരിക്കും ഇതെന്നും ഉടന്‍ തന്നെ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നാണ് സല്‍മായി ഖലീല്‍സാദ് പറഞ്ഞത്. അഫ്ഗാന്‍ ജനത സമാധാനം കൊതിക്കുന്നുണ്ട്. ഇരുവിഭാഗങ്ങളിലെയും നേതാക്കന്മാര്‍ ജനങ്ങള്‍ക്കായി ഉചിതമായ തീരുമാനങ്ങളില്‍ എത്തണമെന്നും  അദ്ദേഹം പറഞ്ഞു. ദീര്‍ഘവും കാര്യക്ഷമവുമായ ചര്‍ച്ചയാണ് നടന്നതെന്നും താലിബാന്റെയും അഫ്ഗാന്‍ സര്‍ക്കാരിന്റെയും തലവന്മാരാണ് ഇനിയുള്ള കാര്യങ്ങളില്‍ ധാരണയുണ്ടാക്കേണ്ടതെന്നും താലിബാന്‍ വക്താവ് സബീബുള്ള മുജാഹിദ് പ്രതികരിച്ചു.