പ്രതിഷേധവും കലാപവും അവസാനിപ്പിച്ചില്ലെങ്കില്‍ പട്ടാളത്തെ ഇറക്കുമെന്ന് ട്രംപ്


JUNE 3, 2020, 7:37 AM IST

വാഷിങ്ടണ്‍: അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം തെരുവിലിറങ്ങി നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിച്ചില്ലെങ്കില്‍ പട്ടാളത്തെ ഇറക്കി അടിച്ചമര്‍ത്തുമെന്ന് പ്രസിഡന്റ് ട്രംപിന്റെ ഭീഷണി.

സംസ്ഥാന ഗവര്‍ണര്‍മാര്‍ നടപടി എടുക്കുന്നില്ല എങ്കില്‍ ഫെഡറല്‍ സര്‍ക്കാരിന്റെ അധികാരം ഉപയോഗിക്കുമെന്നും പ്രതിഷേധക്കാരെ നേരിടാന്‍ താന്‍ കനത്ത തോതില്‍ ആയുധസജ്ജരായ ആയിരമായിരം പട്ടാളക്കാരെയും നിയമപാലന ഉദ്യോഗസ്ഥരെയും അയക്കുകയാണെന്നും തിങ്കളാഴ്ച രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തില്‍ ട്രംപ് പ്രഖ്യാപിച്ചു. സംസ്ഥാന ഗവര്‍ണര്‍മാരെയും മേയര്‍മാരെയും കഴിവുകെട്ട ദുര്‍ബലരെന്ന് ട്രംപ് ആക്ഷേപിച്ചു. ആവശ്യത്തിന് നാഷണല്‍ ഗാര്‍ഡുമാരെ വിന്യസിക്കാന്‍ ഗവര്‍ണര്‍മാരോട് ശക്തമായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അക്രമം അടിച്ചമര്‍ത്തുന്നതുവരെ ഗവര്‍ണര്‍മാരും മേയര്‍മാരും നിയമപാലനസേനയുടെ സാന്നിധ്യം ഉറപ്പാക്കണം. ഏതെങ്കിലും സംസ്ഥാനമോ നഗരമോ അതിന് വിസമ്മതിച്ചാല്‍ പട്ടാളത്തെ ഇറക്കി വേഗംതന്നെ പ്രശ്നം പരിഹരിക്കും. 'ഇവിടെ തലസ്ഥാനത്ത് ലിങ്കന്‍ സ്മാരകവും രണ്ടാംലോക യുദ്ധസ്മാരകവും നശിപ്പിച്ചു. ഏറ്റവും ചരിത്രപ്രാധാന്യമുള്ള പള്ളികളില്‍ ഒന്നിന് നാശമുണ്ടാക്കി. വളരെ സവിശേഷമായ ഒരു സ്ഥലത്ത് ആദരവര്‍പ്പിക്കാന്‍ ഞാന്‍ പോകുകയാണ്' എന്ന് പ്രഖ്യാപിച്ചശേഷം വൈറ്റ്ഹൗസിന് സമീപത്തെ സെന്റ്ജോണ്‍സ് എപിസ്‌കോപ്പല്‍ പള്ളി ട്രംപ് സന്ദര്‍ശിച്ചു.

ട്രംപിന്റെ സന്ദര്‍ശനത്തിനുവേണ്ടി പൊലീസുകാര്‍ പള്ളിയിലേക്കുള്ള വഴിയിലെ ലാഫിയാത്ത് പാര്‍ക്കില്‍നിന്ന് പ്രക്ഷോഭകരെ കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും ഉപയോഗിച്ച് ഒഴിപ്പിച്ചു. ട്രംപിനെ ഉദ്ദേശിച്ച്, 'ചെകുത്താന്‍ തെരുവിനപ്പുറത്താണ്' എന്ന് പള്ളിയുടെ ചുവരില്‍ പ്രക്ഷോഭകര്‍ പെയിന്റടിച്ചിരുന്നു. കൈയില്‍ ബൈബിളുമായി സീക്രട്ട് സര്‍വീസ് ഏജന്റുമാരുടെ വന്‍ അകമ്പടിയോടെയാണ് ട്രംപ് പള്ളിയില്‍ എത്തിയത്.

രാഷ്ട്രീയാവശ്യത്തിന് ബൈബിള്‍ ഉപയോഗിച്ചതിനെ വാഷിങ്ടണ്‍ രൂപതാ ബിഷപ് മാരിയാന്‍ ബുഡ്ഡെയടക്കം വിവിധ ആത്മീയ നേതാക്കള്‍ വിമര്‍ശിച്ചു. ഒരാഴ്ച പിന്നിട്ട പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും അമേരിക്കയില്‍ നൂറുകണക്കിന് കോടി ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഉണ്ടായി. നൂറ്റമ്പതോളം നഗരങ്ങളില്‍ വന്‍പ്രതിഷേധം തുടരുന്നു.

ആറ് സംസ്ഥാനത്തിലും 13 പ്രധാന നഗരത്തിലും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സൈന്യത്തിനുകീഴിലുള്ള 67000 നാഷണല്‍ ഗാര്‍ഡുമാരെ രാജ്യത്താകെ വിന്യസിച്ചിട്ടുണ്ട്. നാലായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു. ഫാസിസ്റ്റ് വിരുദ്ധ ഇടതുപക്ഷ കൂട്ടായ്മയായ ആന്റിഫായാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് കഴിഞ്ഞദിവസംആരോപിച്ച ട്രംപ് അവരെ ആഭ്യന്തര ഭീകരരായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു.

Other News