അമേരിക്കക്കാരെ തൊട്ടാല്‍ മനോഹരമായ ആയുധം ഇറാനിലേക്ക് അയക്കും; മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്


JANUARY 5, 2020, 3:57 PM IST

വാഷിങ്ടണ്‍: അമേരിക്ക-ഇറാന്‍ സംഘര്‍ഷം പാരമ്യത്തിലെത്തിനില്‍ക്കെ വീണ്ടും ഇറാന് കനത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അമേരിക്കക്കാരെയോ അമേരിക്കന്‍ സൈനിക താവളങ്ങളോ ഇറാന്‍ ആക്രമിക്കുകയാണെങ്കില്‍ ഇതുവരെ കാണാത്തരീതിയില്‍ അതിശക്തമായി പ്രത്യാക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

രണ്ട് ട്രില്യണ്‍ ഡോളറാണ് ആയുധങ്ങള്‍ക്ക് വേണ്ടി മാത്രം യുഎസ് ചെലവഴിച്ചത്. ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ സൈന്യമാണ് ഞങ്ങളുടേത്. അമേരിക്കന്‍ സൈനിക താവളങ്ങളെയോ, ഏതെങ്കിലും അമേരിക്കക്കാരനെയോ ഇറാന്‍ ആക്രമിക്കുകയാണെങ്കില്‍ ഒരു പുതിയ മനോഹരമായൊരു ആയുധം ഞങ്ങള്‍ ഇറാനിലേക്ക് അയക്കും. അതില്‍ ഒരു സംശയവും വേണ്ട- ട്വിറ്ററില്‍ ട്രംപ് കുറിച്ചു.

ഇറാനിയന്‍ ആര്‍മി ജനറല്‍ ഖ്വാസെം സുലൈമാനിയെ വ്യോമാക്രമണത്തില്‍ അമേരിക്ക കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്. ഇറാന്‍ തങ്ങള്‍ക്ക് നേരേ ആക്രമണത്തിന് തുനിഞ്ഞാല്‍ ഇറാന്റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ്  യുഎസ്  സൈന്യത്തിന്റെ  ആയുധശേഷി വെളിപ്പെടുത്തി ട്രംപ് ട്വീറ്റ് ചെയ്തത്.ഇതിനിടെ അമേരിക്കയ്ക്ക് എതിരേ തിരിച്ചടിക്കാന്‍ സജ്ജമാണെന്ന സൂചന ഇറാനും നല്‍കി കഴിഞ്ഞു. വിവിധ നേതാക്കളുടെ പ്രസ്താവനകള്‍ക്ക് പുറമേ ജാംകരണ്‍ പള്ളിയുടെ താഴികക്കുടത്തില്‍ ചുവന്ന പതാക ഉയര്‍ത്തിയതും ആശങ്ക വര്‍ധിപ്പിക്കുന്നു. ജാംകരണ്‍ പള്ളിയുടെ താഴികക്കുടത്തില്‍ ചുവന്ന പതാക ഉയര്‍ത്തുന്നത് ഒരു വലിയ യുദ്ധം വരാനുണ്ടെന്നതിന്റെ സൂചനയാണ്.

Other News