പ്രസിഡന്റ് ട്രംപ് ഹൗഡി മോഡി! സമ്മേളനത്തെ അഭിസംബോധന ചെയ്യും


SEPTEMBER 16, 2019, 8:39 AM IST

ഹൂസ്റ്റണ്‍:സെപ്തംബര്‍ 22ന് ഹ്യുസ്റ്റണില്‍ നടക്കുന്ന 'ഹൗഡി മോഡി!' എന്ന  ഇന്ത്യന്‍ അമേരിക്കന്‍ ജനതയുടെ  മഹാസമ്മേളനത്തെ  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിസംബോധന ചെയ്യും.ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ അമേരിക്കന്‍ ജനതയുടെ ഒരു വലിയ സമ്മേളനത്തെ ഒരു അമേരിക്കന്‍ പ്രസിഡന്റ് അഭിസംബോധന ചെയ്യുക. ട്രംപ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് ഞായാറാഴ്ച അറിയിച്ചു. 

'(ഹ്യുസ്റ്റണില്‍ നടക്കുന്ന) സമ്മേളനം അമേരിക്കയിലെയും ഇന്ത്യയിലെയും ജനതകള്‍ തമ്മിലുള്ള സുശക്തമായ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള വലിയൊരു അവസരമാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും വലിയതുമായ ജനാധിപത്യരാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപ്രധാന ബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഊര്‍ജവ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ആഴമുള്ളതാക്കാനുള്ള ചര്‍ച്ചകള്‍ക്കും അത് വഴിയൊരുക്കും,' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്‌റ്റെഫനി ഗ്രിഷാം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

പ്രസിഡന്റ് ട്രംപിന് പുറമെ അമേരിക്കയിലെ ആദ്യ ഹിന്ദു കോണ്‍ഗ്രസ് വനിതാ അംഗം തുള്‍സി ഗബ്ബാര്‍ഡും ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം രാജ കൃഷ്ണമൂര്‍ത്തിയുമടക്കമുള്ള 60 പ്രമുഖ നിയമനിര്‍മ്മാണ സഭാംഗങ്ങളും സമ്മേളനത്തില്‍ സന്നിഹിതരാകും. 

യുഎന്‍ ജനറല്‍ അസ്സംബ്ലി സമ്മേളനത്തിനായി ന്യൂയോര്‍ക്കിലേക്ക് പോകുന്നതിന് മുന്‍പായി ഹ്യുസ്റ്റണിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അന്നേദിവസം ഹൂസ്റ്റണില്‍ രണ്ടു പരിപാടികളുണ്ട്. ഒന്ന്, എനര്‍ജി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ സമ്മേളനം, രണ്ടാമത്തേത് യുഎസിലെ ഊര്‍ജ്ജ കമ്പനികളുടെ സിഇഒമാരും ഉന്നത എക്‌സിക്യൂട്ടീവുമാരുമായും ഒരു റൌണ്ട് ടേബിള്‍ സമ്മേളനം. 

ഹ്യുസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടെക്‌സസ് ഇന്ത്യ ഫോറമാണ് 'ഹൗഡി മോഡി!' സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തില്‍ 50,000ത്തോളം പേര്‍ പങ്കെടുക്കും. 2014 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ഇന്ത്യന്‍അമേരിക്കക്കാരെ പ്രധാനമന്ത്രി മോഡി അഭിസംബോധന ചെയ്തപ്പോള്‍ യുഎസ് കോണ്‍ഗ്രസിലെ ചില അംഗങ്ങളും അതില്‍ പങ്കെടുത്തിരുന്നു. 

ഊര്‍ജ്ജ കമ്പനികളുടെ സിഇഒമാരുമായുള്ള പ്രധാനമന്ത്രിയുടെ റൌണ്ട് ടേബിള്‍ യുഎസില്‍ നിന്നും ഊര്‍ജ്ജം ഇറക്കുമതിചെയ്യാന്‍ ഇന്ത്യ ആരംഭിച്ചിട്ടുളള സാഹചര്യത്തില്‍ ഏറെ  പ്രസക്തിയുള്ളതാണ്.  കഴിഞ്ഞവര്‍ഷം 4 ബില്യണ്‍ ഡോളറിന്റെ  ഊര്‍ജ്ജം ഇന്ത്യ ഇറക്കുമതി ചെയ്തു. അത് വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. യുഎസില്‍ നിന്നും കൂടുതല്‍ ഊര്‍ജ്ജം   ഇറക്കുമതി ചെയ്യാനും ഇന്ത്യന്‍ കമ്പനികള്‍ക്ക് യുഎസില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനും കഴിയുന്നതെങ്ങനെ എന്നതാണ് റൌണ്ട് ടേബിള്‍ സമ്മേളനം ചര്‍ച്ച ചെയ്യുക. 

ഫ്രാന്‍സില്‍ ജി7ഉച്ചകോടിക്കിടയില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ച്ചാവേളയില്‍ പ്രധാനമന്ത്രി തന്റെ പദ്ധതിയെക്കുറിച്ച് പറഞ്ഞിരുന്നു. ട്രംപ് അതിനെ സ്വാഗതം ചെയ്യുകയുമുണ്ടായി. യുഎസില്‍ നിന്നും വലിയതോതില്‍ ഊര്‍ജ്ജം വാങ്ങുന്ന ഒരു രാജ്യമായി ഇന്ത്യ മാറിയതില്‍ ട്രംപ് സന്തുഷ്ടി പ്രകടിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറയുന്നു. ഊര്‍ജ്ജ കമ്പനികളുമായി മോഡി നടത്തുന്ന ചര്‍ച്ചകള്‍   വിജയിപ്പിക്കുന്നതിനായി ഹൂസ്റ്റണിലേക്കു പോകണമെന്ന് യുഎസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ട്രംപ് നേരത്തെ തന്നെ  നിര്‍ദ്ദേശം നല്‍കിയിരുന്നു. 

യുഎസ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി സെപ്റ്റംബര്‍ 21ന് ഇന്ത്യയില്‍ നിന്ന് പുറപ്പെടും. ആദ്യം ഹൂസ്റ്റണിലേക്കാകും പോകുക. അവിടെനിന്നും ന്യൂയോര്‍ക്കിലേക്ക് പോകുകയും 27 വരെ അവിടെ ഉണ്ടായിരിക്കുകയും ചെയ്യും.ട്രംപും മോഡിയും തമ്മിലുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 25നോ 26നോ ആയിരിക്കും നടക്കുക. യുഎന്‍ ജനറല്‍ അസ്സംബ്ലിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം സെപ്റ്റംബര്‍ 27നാണ്. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രസംഗിക്കും.

Other News