സമ്പദ്ഘടന നിന്നാല്‍ ട്രംപ് നേടുമെന്ന് വിദഗ്ധര്‍


NOVEMBER 8, 2019, 3:30 PM IST

സാമ്പത്തിക മേഖലയില്‍ നല്ല പ്രകടനം കാഴ്ചവെച്ചവര്‍ വൈറ്റ് ഹൗസിലേക്ക് വീണ്ടും  തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നതാണ് ചരിത്രം.

ആ പ്രവണത വച്ച് നോക്കിയാല്‍ അമേരിക്കന്‍  സമ്പദ്ഘടനയുടെ മെച്ചപ്പെട്ട സ്ഥിതി ഒരുപക്ഷെ സൂചിപ്പിക്കുന്നത് 2020ല്‍ ഡോണള്‍ഡ് ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള സാധ്യതയാണ്.യേല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ റേ ഫെയര്‍, ഓക്സ്ഫഡ് ഇക്കണോമിക്ക്സ് ലിമിറ്റഡ്, മൂഡീസ് അനലിറ്റിക്സ് എന്നിവരെല്ലാം നടത്തുന്ന പ്രവചനങ്ങള്‍ ഇക്കാര്യത്തിലെങ്കിലും ട്രംപിന് അനുകൂലമാണ്. സ്ഥിരതയുള്ള സാമ്പത്തിക വികസനം, തൊഴില്‍ വിപണിയിലെ മെച്ചപ്പെട്ട അവസ്ഥ, കുറഞ്ഞ നാണയപ്പെരുപ്പം എന്നിവയെല്ലാം ട്രംപിന് ബാലറ്റ് പെട്ടിയില്‍ നേട്ടമായി ഭവിക്കുമെന്നാണ് അവര്‍ പറയുന്നത്.

ഈ വീക്ഷണമാണ്  'മഹത്തായ' അമേരിക്കന്‍ സമ്പദ്ഘടന തന്നെ അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്നു തെരഞ്ഞെടുപ്പിനു ഒരു വര്‍ഷം മുമ്പുതന്നെ ട്രംപ് അവകാശപ്പെടുന്നതിന് പിന്നിലെ രഹസ്യവും. ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടക്കുകയും രാഷ്ട്രീയ ധ്രുവീകരണം ശക്തിപ്പെടുകയും ചെയ്യുന്നതിനിടയില്‍ പ്രസിഡന്റെന്ന നിലയിലുള്ള ട്രംപിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതികൂല അഭിപ്രായം രേഖപ്പെടുത്തിയവര്‍ 54 ശതമാനത്തോളം എത്തിയെന്ന ചില അഭിപ്രായ സര്‍വേകളിലെ കണ്ടെത്തലിനെ ഇത് ചോദ്യം ചെയ്യുന്നു.

ട്രംപ് വിചാരിച്ചാല്‍ മാത്രം തോല്‍ക്കാവുന്ന ഒരു തെരഞ്ഞെടുപ്പാണിതെന്നും വരുന്ന ഒരു വര്ഷക്കാലത്തിനിടയില്‍ സമ്പദ്ഘടന ഇന്നത്തെ സ്ഥിതിയില്‍ തുടര്‍ന്നാല്‍ ട്രംപ് ജയിക്കുക തന്നെ ചെയ്യുമെന്നുമാണ് മൂഡീസ് അനലിറ്റിക്സിലെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ മാര്‍ക്ക് സാന്‍ഡി പറയുന്നത്. എന്നാല്‍ സമ്പദ്ഘടന തകരുകയോ ട്രംപിന്റെ അംഗീകാരം കുറയുകയോ ഡെമോക്രാറ്റുകള്‍ വലിയ തോതില്‍ വോട്ടു ചെയ്യുകയോ ചെയ്താല്‍ അവരായിരിക്കും വിജയിക്കുക എന്നും അദ്ദേഹം പറയുന്നു.

1970കള്‍ മുതല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രവചനങ്ങള്‍ നടത്തുന്ന ആളാണ് യേല്‍ യൂണിവേഴ്സിറ്റിയിലെ റേ ഫെയര്‍. സമ്പദ്ഘടന വലിയ കുതിപ്പോ തകര്‍ച്ചയോ കാണിക്കാത്ത ഇപ്പോള്‍ ട്രംപ് വിജയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഏറ്റവുമൊടുവില്‍ ഒക്ടോബര്‍ 30ന് അദ്ദേഹം നടത്തിയ വിശകലനത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെ ട്രംപ് 4 ശതമാനത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷവും അദ്ദേഹം ഇതുതന്നെയാണ് പറഞ്ഞിരുന്നത്. ജിഡിപി, നാണയപ്പെരുപ്പം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനം.

2020വരെയുള്ള വാര്‍ഷിക ജിഡിപി വളര്‍ച്ച 2 ശതമാനത്തോളം ആയിരിക്കുമെന്നതും ട്രംപിന്റെ കാലാവധിയില്‍ നാണയപ്പെരുപ്പം 2 ശതമാനത്തിനു മുകളില്‍ ഒതുക്കി നിര്‍ത്തപ്പെട്ടുവെന്നതുമാണ് ഈ പ്രവചനത്തിന്റെ അടിസ്ഥാനം.സാന്‍ഡിയുടെ നേതൃത്വത്തില്‍ മൂഡീസ് അനല്റ്റിക്സിലെ സാമ്പത്തിക വിദഗ്ധര്‍ രണ്ടു ദശകങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെ  വിജയികളെ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. ട്രംപ് വിജയിച്ച 2016ലെ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു അതിനൊരപവാദം.

മൂന്നു മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ട്രംപ് ഇക്കുറി 332 ഇലക്ടറല്‍ വോട്ടുകള്‍ നേടുമെന്നാണ് അവര്‍ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 305  ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് നേടിയത്. വിജയിക്കാന്‍ 270 ഇലക്ടറല്‍  വോട്ടുകളാണ് വേണ്ടത്.ആവേശഭരിതരായ ഉപഭോക്താക്കളില്‍ നിന്നുമാണ് ട്രംപിന് ഏറെയും പിന്തുണ കിട്ടുന്നതെന്ന് മൂഡീസ്  സംഘം ചൂണ്ടിക്കാട്ടുന്നു.

സാധാരണഗതിയില്‍ സമ്പദ്ഘടനയെ എളുപ്പത്തില്‍ വിലയിരുത്താന്‍ കഴിയുന്ന ഒന്നാണ് പോക്കറ്റ് ബുക്ക് മെഷര്‍ എന്നറിയപ്പെടുന്നത്. വാതകവില, ഭവനവില, വ്യക്തിഗത വരുമാനം എന്നീ മൂന്നു കാര്യങ്ങളെയാണ് അതാശ്രയിക്കുന്നത്. അതിനെ അടിസ്ഥാനമാക്കിയാല്‍ ട്രംപ് 351  ഇലക്ടറല്‍ വോട്ടുകള്‍ നേടുമെന്നാണ് കാണുന്നത്.ജനകിയ വോട്ടുകളില്‍ ട്രംപിന് 5% വര്‍ദ്ധനവാണ് ഓക്സ്ഫഡ് ഇക്കണോമിക്സിലെ വിശകലന വിദഗ്ധര്‍ കാണുന്നത്. കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക്, ദുര്‍ബ്ബലമായ നാണയപ്പെരുപ്പം, താരതമ്യേന സുസ്ഥിരമായ വരുമാനം എന്നിവയെല്ലാം അതിനു കാരണങ്ങളാണ്. 1948 മുതല്‍ക്കുള്ള കഴിഞ്ഞ 18  തെരഞ്ഞെടുപ്പുകളില്‍ 16ലും ജനകിയ വോട്ടുകളുടെ കാര്യം കൃത്യമായി പ്രവചിക്കാന്‍ അവരുടെ മാതൃകക്ക് കഴിഞ്ഞിട്ടുണ്ട്. 1968ല്‍ റിച്ചാര്‍ഡ് നിക്സന്റെയും 1976ല്‍ ജിമ്മി കാര്‍ട്ടറുടെയും കാര്യത്തില്‍ മാത്രമാണ് അവര്‍ക്ക് പിഴച്ചത്.

ഉയരുന്ന തീരുവകളുടെയും കോര്‍പ്പറേറ്റ് ലാഭം കുറയുന്നതിന്റെയും ഓഹരി വിപണിയിലെ ഇടിവിന്റെയും ഫലമായി അടുത്ത വര്‍ഷം ഗുരുതരമായ ഒരു മാന്ദ്യം പ്രത്യക്ഷപ്പെടുന്നതിന്റെ സൂചനകളുണ്ടായാല്‍ മാത്രമേ ജനകിയ വോട്ടുകള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാകുകയുള്ളു. അങ്ങനെ സംഭവിക്കണമെങ്കില്‍ തൊഴിലില്ലായ്മയുടെ നിരക്ക് ഇപ്പോഴുള്ള 3.4 ശതമാനത്തില്‍ നിന്നും 6.4 ശതമാനമായി ഉയരുകയും നാണയപ്പെരുപ്പവുമായി തട്ടിക്കഴിച്ചാല്‍ ചിലവഴിക്കാന്‍ കഴിയുന്ന വരുമാനത്തില്‍ കുറവുണ്ടാകുകയും നാണയപ്പെരുപ്പം വര്‍ദ്ധിക്കുകയും ചെയ്യണം. അപ്പോള്‍ റിപ്പബ്ലിക്കന്മാര്‍ പരാജയപ്പെടുകയാകും ചെയ്യുകയെന്നാണ് ഓക്സ്ഫഡ്  ഇക്കണോമിക്സ് വിദഗ്ധര്‍ പറയുന്നത്.

Other News