നിയമാനുസൃത കുടിയേറ്റക്കാര്‍ക്ക് ഉണ്ടാകുന്ന മെഡിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹ്യക്ഷേമ ചെലവുകളും ഇനി മുതല്‍ സ്‌പോണ്‍സര്‍ തിരിച്ചടയ്ക്കണം


MAY 25, 2019, 3:19 AM IST

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയിലേക്കുള്ള കുടിയേറ്റം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി 23 വര്‍ഷം പഴക്കമുള്ള ഒരു ബില്‍ നിയമാനുസൃതം നടപ്പാക്കാനുള്ള രേഖയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഒപ്പുവച്ചു. അമേരിക്കയിലേക്ക് നിയമാനുസൃതം കുടിയേറുന്നവര്‍ക്ക് ഉണ്ടാകുന്ന മെഡിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹ്യക്ഷേമ ചെലവുകളും സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ സ്‌പോണ്‍സറെ ചുമതലപ്പെടുത്തുന്ന നിയമമാണ് ഇനി മുതല്‍ നടപ്പാകാന്‍ പോകുന്നത്.  1996 ല്‍ പ്രസിഡന്റ് ക്ലിന്റണ്‍ ഒപ്പുവച്ച ഇല്ലീഗല്‍ ഇമിഗ്രേഷന്‍ റിഫോം ആന്‍ഡ് ഇമിഗ്രേഷന്‍ റസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് വെല്‍ഫയര്‍ റിഫോംസ് ലോ യുടെ ഭാഗമായി ഫെഡറല്‍ നിയമത്തില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇതുവരെ അത് നടപ്പാക്കിയിരുന്നില്ല. 

ഈ ചട്ടമനുസരിച്ച് ഇനി മുതല്‍ കുടിയേറ്റക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ കുടിയേറുന്നവരുടെ സാമ്പത്തിക ബാധ്യത ഏറ്റെടുത്തു കൊണ്ടും, അത് ഏതു മാര്‍ഗത്തില്‍ തിരിച്ചടയ്ക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടും സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. സമഗ്ര കുടിയേറ്റ നിയമം പ്രഖ്യാപിക്കാന്‍ പോവുകയാണെന്ന് ട്രമ്പ് പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. 

കുടുംബ ബന്ധം വഴിയുള്ള കുടിയേറ്റത്തേക്കാള്‍ മെറിറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള കുടിയേറ്റമാണ് ട്രമ്പ് ഭരണകൂടം മുന്നോട്ടു വച്ചിട്ടുള്ളത്. ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ പോയിന്റ് അടിസ്ഥാനത്തിലാവും കുടിയേറ്റക്കാരുടെ യോഗ്യത പരിഗണിക്കുന്നത്. പ്രായം, ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം, വിദ്യാഭ്യാസം, ജോലിക്കുള്ള ഓഫര്‍ തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാവും പോയിന്റ് നിശ്ചയിക്കപ്പെടുക. നിലവില്‍ 12 ശതമാനം കുടിയേറ്റക്കാര്‍ മാത്രമാണ് തൊഴില്‍ - വൈദഗ്ധ്യ അടിസ്ഥാനത്തില്‍ അമേരിക്കയിലേക്ക് പ്രവേശിക്കപ്പെടുന്നതെന്നും, 66 ശതമാനം ആളുകളും അമേരിക്കയിലെ ബന്ധുക്കള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് എത്തപ്പെടുന്നതെന്നും അധികൃതര്‍ പറഞ്ഞു. പുതിയ നയം അംഗീകരിക്കപ്പെട്ടാല്‍ ഇത് യാഥാക്രമം 57, 33 ശതമാനമായി മാറും. 

ചെയിന്‍ മൈഗ്രേഷന്‍, വിസ ലോട്ടറി എന്നീ സമ്പ്രദായങ്ങള്‍ അവസാനിപ്പിക്കണമെന്ന് ട്രമ്പ് പലവട്ടം ആവശ്യപ്പെട്ടു കഴിഞ്ഞു. അസാധാരാണ സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ക്കു മാത്രം വിസ നല്‍കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറ്റണമെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. അമേരിക്കയുടെ കൂടുതല്‍ മഹത്തരമാക്കുന്നതിനും, അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കുന്നതിനും ഇത്തരമൊരു സംവിധാനം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 


Other News