സ്യൂട്ട്കേസ് മോഷണം ഹോബി; ട്രംപിന്‍റെ സുഹൃത്തായ ഇന്ത്യന്‍ വംശജന്‍ പിടിയില്‍


AUGUST 28, 2019, 12:07 AM IST

വാഷിംഗ്‌ടണ്‍:അമേരിക്കന്‍ പ്രസിഡന്റ്  ഡോണള്‍ഡ് ട്രംപിന്‍റെ സുഹൃത്തും മുന്‍ ബിസിനസ് പങ്കാളിയുമായ ഇന്ത്യന്‍ വംശജന്‍ വിമാനത്താവളത്തില്‍നിന്ന് ലഗേജ് മോഷ്‌ടിച്ച കേസില്‍ അറസ്റ്റിലായി. ഹോട്ടല്‍ വ്യവസായി ദിനേശ് ചൗളയാണ് യു എസിലെ മെംഫിസ് എയര്‍പോര്‍ട്ടില്‍ പിടിയിലായത്. ചൗള ഹോട്ടല്‍ ശൃംഖലയുടെ സി ഇ ഒയായ ഇയാള്‍ക്കെതിരെ കേസെടുത്തു. 

മെംഫിസ് എയര്‍പോര്‍ട്ടില്‍ തന്റെ ലഗേജാണെന്ന് അവകാശപ്പെട്ട് ദിനേശ് ചൗള സ്യൂട്ട്കേസ് മോഷ്ടിച്ച് സ്വന്തം കാറില്‍ കൊണ്ടുപോയി വെച്ചതിന് ശേഷം തുടര്‍ന്ന് വിമാനത്തില്‍ യാത്രപോകാനായി വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചതായും പോലീസ് പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് വിമാനത്താവളത്തില്‍ നിന്ന് ലഗേജ് കാണാതായതായി പരാതി പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൗളയുടെ കാറില്‍ നിന്ന് മോഷണം പോയ ലഗേജ് കണ്ടെടുക്കുകയായിരുന്നു.

ഇതൊടൊപ്പം മാസങ്ങള്‍ക്ക് മുമ്പ് വിമാനത്താവളത്തില്‍ നിന്ന് കാണാതായ മറ്റൊരു ലഗേജിലെ ഭാഗങ്ങളും കാറില്‍ നിന്ന് കണ്ടെടുത്തു. 4000 ഡോളറോളം വില വരുന്ന വസ്തുക്കള്‍ ഇതുവരെ ചൗള മോഷ്ടിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്‌. താനിത് വളരെക്കാലമായി നടത്തുന്നുണ്ടെന്ന് ചൗള പോലീസിനോട് വെളിപ്പെടുത്തി. അതേസമയം മോഷ്ടിക്കുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും മോഷണം നടത്തുമ്പോൾ  തനിക്ക് സന്തോഷമുണ്ടാകാറുണ്ടെന്നാണ് ചൗള പറയുന്നത്.

ക്ലീവ്ലാന്‍ഡില്‍ ഹോട്ടല്‍ ശൃംഖല നടത്തുന്ന വന്‍ വ്യവസായികളാണ് ദിനേശ് ചൗളയും സഹോദരനായ സുരേഷ് ചൗളയും. ഫെബ്രുവരി വരെ ട്രംപ് ഓര്‍ഗനൈസേഷനുമായി സഹകരിച്ചായിരുന്നു ബിസിനസ്. ഫെബ്രുവരിയിലാണ് ഡെമോക്രാറ്റുകള്‍ അധിക്ഷേപിച്ചെന്ന് പറഞ്ഞ് ബിസിനസ് ബന്ധം അവസാനിപ്പിച്ചത്. ദിനേശ് ചൗളയുടെ പിതാവ് വി കെ ചൗളയുമായി ഡോണള്‍ഡ് ട്രംപിന്‍റെ പിതാവിനും ഡോണള്‍ഡ് ട്രംപിനും നല്ല ബന്ധമായിരുന്നു.